അര്‍ജന്റൈന്‍ ഇതിഹാസം എയ്ഞ്ചല്‍ ഡി മരിയ വ്യത്യസ്ത ക്ലബ്ബുകളില്‍ വ്യത്യസ്ത പരിശീലകര്‍ക്ക് കീഴില്‍ കളിച്ച അനുഭവസമ്പത്തുള്ള താരമാണ്. ഇപ്പോള്‍ തന്റെ ഫുട്‌ബോള്‍ കരിയറില്‍ തന്നെ പരിശീലിപ്പിച്ചവരില്‍ ഇഷ്ട്ടപ്പെട്ട കോച്ച് ആരാണെന്ന് പറഞ്ഞിരിക്കുകയാണ് ഡി മരിയ.
അര്‍ജന്റൈന്‍ ഇതിഹാസ താരമായ ഡീഗോ മറഡോണയെയാണ് ഡി മരിയ പ്രിയപ്പെട്ട പരിശീലകനായി തെരഞ്ഞെടുത്തത്. ഇ.എസ്.പി.എന്‍ അര്‍ജന്റീനയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡി മരിയ.
‘ഞാന്‍ ഡീഗോയെ ഒരു മാനേജരായി കണക്കാക്കില്ല, കാരണം എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു അടുത്ത സുഹൃത്തായിരുന്നു. ഞാനെപ്പോഴും അദ്ദേഹവുമായി സംസാരിക്കുന്ന ഒരാളായിരുന്നു. എനിക്ക് അദ്ദേഹം ഒരു മാനേജരായി തോന്നിയിട്ടില്ല. മറിച്ച് ഒരു സുഹൃത്ത്, സഹോദരന്‍, പിതാവ് എന്നൊക്കെ പോലെയാണ്. ഞാന്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സമയങ്ങളില്‍ അദ്ദേഹം എന്നെ പിന്തുണച്ചു,’ എയ്ഞ്ചല്‍ ഡി മരിയ പറഞ്ഞു.
2008ലാണ് മറഡോണ അര്‍ജന്റീനയുടെ പരിശീലകനായി ചുമതലയേറ്റത്. 2010ല്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീന മറഡോണയുടെ കീഴിലാണ് കളിച്ചത്. ഈ ടൂര്‍ണമെന്റില്‍ മറഡോണയുടെ കീഴില്‍ ഡി മരിയ അർജന്റീനക്കായി ബൂട്ട് കെട്ടി.
എന്നാല്‍ മറഡോണയുടെ നേതൃത്വത്തിൽ ആ ലോകകപ്പില്‍ അര്‍ജന്റീനക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറാനെ സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ ജോക്കിം ലോയുടെ നേതൃത്തില്‍ ഇറങ്ങിയ ജര്‍മനി എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയെ വീഴ്ത്തിയത്.
അതേസമയം അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ചാമ്പ്യന്മാരായതിന് പിന്നാലെ നീണ്ട വര്‍ഷക്കാലത്തെ അര്‍ജന്റീനന്‍ ജേഴ്സിയില്‍ നിന്നും എയ്ഞ്ചല്‍ ഡി മരിയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
കോപ്പ അമേരിക്കയുടെ ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു അര്‍ജന്റീന കിരീടം ചൂടിയിരുന്നു. കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടവും പതിനാറാം കിരീവുമായിരുന്നു ഇത്.
ഇതോടെ 15 കിരീടങ്ങള്‍ നേടിയ ഉറുഗ്വായെ മറികടന്നുകൊണ്ട് കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനും അര്‍ജന്റീനക്ക് സാധിച്ചു.
അര്‍ജന്റീനന്‍ ജനതയുടെ 28 വര്‍ഷത്തെ കിരീടത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചത് ഡി മരിയ ആയിരുന്നു. 2021ല്‍ നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് അര്‍ജന്റീന തങ്ങളുടെ കിരീടവരള്‍ച്ച അവസാനിപ്പിച്ചത്. മത്സരത്തിലെ വിജയഗോള്‍ നേടിയത് ഡി മരിയ ആയിരുന്നു.
പിന്നീട് ഒരു വര്‍ഷത്തിന് ശേഷം നടന്ന ഫൈനല്‍സീമയില്‍ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെയും വീഴ്ത്തി അർജന്റീന കിരീടം നേടിയിരുന്നു. ഈ മത്സരത്തിലും അര്ജന്റീനക്കായി താരം ഗോള്‍ നേടിയിരുന്നു.
2022 ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെതിരെയും അര്‍ജന്റീനയുടെ സ്‌കോര്‍ ഷീറ്റില്‍ തന്റെ പേര് എഴുതി ചേര്‍ക്കാന്‍ ഡി മരിയക്ക് സാധിച്ചിരുന്നു. ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടിലായിരുന്നു അര്‍ജന്റീനയുടെ വിജയം.
സെപ്റ്റംബറില്‍ നടക്കുന്ന 2026 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമിനെ അടുത്തിടെ പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസിക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായായാണ് മെസിയും ഡി മരിയയും ഇല്ലാതെ അര്‍ജന്റീന ഒരു മത്സരത്തിനിറങ്ങുന്നത്.
Content Highlight: Angel Di Maria Talks About Diego Maradona