അര്‍ജന്റീനന്‍ യുവതാരം അലജാന്‍ഡ്രോ ഗാര്‍നാച്ചോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ഇപ്പോഴിതാ ഗാര്‍നാച്ചോയെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജന്റീനന്‍ താരം എയ്ഞ്ചല്‍ ഡി മരിയ.
ഗാര്‍നാച്ചോ ഗോള്‍ നേടുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സെലിബ്രേഷന് പകരം ലയണല്‍ മെസിയുടെ സെലിബ്രേഷന്‍ നടത്തണമെന്നാണ് ഡി മരിയ പറഞ്ഞത്. സി.ആര്‍ സെവന്‍ ടൈംലൈനിലൂടെ പ്രതികരിക്കുകയായിരുന്നു അര്‍ജന്റീനന്‍ താരം.
‘ഞാന്‍ ഗാര്‍ണാച്ചോ ആയിരുന്നെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ സെലിബ്രേഷന്‍ ഒരിക്കലും കളിക്കളത്തില്‍ ആഘോഷിക്കില്ല. അതിനുപകരം ലയണല്‍ മെസി ഗോള്‍ നേടിയാല്‍ നടത്തുന്ന സെലിബ്രേഷന്‍ നടത്തും,’ എയ്ഞ്ചല്‍ ഡി മരിയ പറഞ്ഞു.
പോര്‍ച്ചുഗീസ് ഇതിഹാസതാരമായ റൊണാള്‍ഡോയെയാണ് താന്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നതെന്ന് അടുത്തിടെ അലജാന്‍ഡ്രോ പറഞ്ഞിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പല ഗോളുകളും നേടുമ്പോഴും റൊണാള്‍ഡോയുടെ സെലിബ്രേഷന്‍ അര്‍ജന്റീനന്‍ യുവതാരം നടത്തിയിരുന്നു.
രണ്ട് ഇതിഹാസതാരങ്ങളോടൊപ്പം കളിക്കാന്‍ ഭാഗ്യം ലഭിച്ച ഒരു താരം കൂടിയാണ് ഗാര്‍നാച്ചോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ റൊണാള്‍ഡയോടൊപ്പവും അര്‍ജന്റീന ടീമില്‍ മെസിക്കൊപ്പവും ഗാര്‍നാച്ചോ കളിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 29 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഗാര്‍നാച്ചോ അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ 21 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പത്ത് വിജയവും രണ്ട് തോല്‍വിയും ഒമ്പത് സമനിലയുമായി 32 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.
പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരി രണ്ടിന് വോള്‍വ്‌സിനെതിരെയാണ് ടെന്‍ ഹാഗിന്റെയും കൂട്ടരുടെയും അടുത്ത മത്സരം. വോള്‍വ്‌സിന്റെ തട്ടകമായ മോളിന്യൂക്‌സ് സ്റ്റേഡിയമാണ് വേദി.
Content Highlight: Angel di Maria talks about Alejandro Garnacho.