| Thursday, 6th October 2022, 6:41 pm

മെസിയെ പിന്നിലാക്കി രണ്ടാം സ്ഥാനം പിടിച്ച് കളിക്കൂട്ടുകാരന്‍; പക്ഷെ, റെക്കൊഡില്‍ മുന്നില്‍ റോണോ തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ബെന്‍ഫിക്കക്ക് എതിരെയുള്ള മെസിയുടെ വണ്ടര്‍ ഗോളും അതിലൂടെ നേടിയെടുത്ത റെക്കോഡും ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ഫുട്‌ബോള്‍ ലോകം. ഇതിനിടയില്‍ റെക്കോഡ് നേട്ടത്തില്‍ മെസിയെ പുറകിലാക്കി കുതിക്കുകയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരമായ ഏയ്ഞ്ചല്‍ ഡി മരിയ.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ രണ്ടാമത്തെ താരമെന്ന റെക്കോഡാണ് ഡി മരിയ തന്റെ പേരിലാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മാക്കബി ഹൈഫയുമായി നടന്ന മത്സരത്തിലാണ് യുവന്റസ് വിങ്ങറായ ഡി മരിയ മാസ്മരിക പ്രകടനം പുറത്തെടുത്തത്. 3-1 ന് യുവന്റസ് ജയിച്ചുകയറിയപ്പോള്‍ അതില്‍ നിര്‍ണായകമായത് ഡി മരിയയുടെ പാസുകളായിരുന്നു.

റൊണാള്‍ഡോയുടെ മുന്‍ ക്ലബായ യുവന്റസിന് വേണ്ടി ഗംഭീരമായ പ്രകടനമാണ് ഡി മരിയ നടത്തിയത്. ടീം നേടിയ മൂന്ന് ഗോളിലേക്കുമുള്ള പാസുകള്‍ പിറന്നത് ആ കാലുകളില്‍ നിന്നായിരുന്നു.

എല്ലാവരും ഗോളില്‍ ഹാട്രിക് നേടാന്‍ ശ്രദ്ധിക്കുമ്പോള്‍ അസിസ്റ്റില്‍ ഹാട്രിക് നേടിയാണ് അദ്ദേഹം ചരിത്രം സൃഷ്ടിച്ചത്. ഈ ഹാട്രിക്കോടെ 102 മാച്ചുകളില്‍ നിന്നായി 38 അസിസ്റ്റുകളാണ് ഡി മരിയയുടെ അക്കൗണ്ടിലുള്ളത്. മെസിയുടേത് നിലവില്‍ 37 ആണ്.

അതേസമയം ഈ രണ്ട് അര്‍ജന്റൈന്‍ താരങ്ങളേക്കാളും കുറച്ചേറെ മുന്നിലാണ് ഒന്നാമനായ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 187 മാച്ചുകളില്‍ നിന്നായി 42 അസിസ്റ്റുകളാണ് റോണോയുടെ പേരിലുള്ളത്.

ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍ പട്ടികയിലും മുമ്പിലുള്ളത് പോര്‍ച്ചുഗല്‍ ഇതിഹാസം തന്നെയാണ്. 140 ഗോളുകളാണ് താരം വലയിലാക്കിയിരിക്കുന്നത്.

രണ്ടാം സ്ഥാനത്തുള്ള മെസി 127 ഗോളുകളാണ് നേടിയിട്ടുള്ളത്. റൊണാള്‍ഡോയുടെ ഈ റെക്കോഡ് സമീപ കാലത്തൊന്നും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ല.

അതേസമയം 2022-23 സീസണില്‍ വളരെ വ്യത്യസ്തമായ നിലയിലാണ് ഡി മരിയയുടെയും മെസിയുടെയും റൊണാള്‍ഡോയുടെയും പെര്‍ഫോമന്‍സുകള്‍. പി.എസ്.ജിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത മെസി 13 മാച്ചുകളില്‍ നിന്നായി 8 ഗോളുകളും നിരവധി അസിസ്റ്റുകളും നേടി.

സമ്മര്‍ വിന്‍ഡോയില്‍ യുവന്റസിലെത്തിയ ഡി മരിയയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ പിന്നീട് വന്‍ കുതിപ്പായിരുന്നു താരത്തിന്റെ പെര്‍ഫോമന്‍സിലുണ്ടായത്. എന്നാല്‍ ക്രിസ്റ്റ്യാനോക്ക് ഈ സീസണില്‍ ഇതുവരെയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Content Highlight: Angel Di Maria surpasses Messi in a record, only Cristiano Ronaldo is ahead

We use cookies to give you the best possible experience. Learn more