ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. പി.എസ്.ജിയുമായുള്ള സൂപ്പര്‍താരം ലയണല്‍ മെസിയുടെ കരാര്‍ വരുന്ന ജൂണില്‍ അവസാനിക്കും. മെസിയുടെ ക്ലബ്ബ് മാറ്റത്തില്‍ വിമര്‍ശനങ്ങള്‍ പ്രചരിക്കുന്നതിനിടെ അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പി.എസ്.ജിയില്‍ നിലനില്‍ക്കുന്ന വിവേചനം ചൂണ്ടിക്കാട്ടി ഡി മരിയ നേരത്തെ രംഗത്തെത്തിയിരുന്നു.
മെസിയുണ്ടായിട്ടും എല്ലാം അധികാരവും കിലിയന്‍ എംബാപ്പെക്കാണ് നല്‍കിയിരിക്കുന്നതെന്നായിരുന്നു ഡി മരിയ പറഞ്ഞിരുന്നത്. ഇ.എസ്.പി.എന്‍ അര്‍ജന്റീനക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് തോന്നുന്നു പി.എസ്.ജി എല്ലാ ഉത്തരവാദിത്തവും എംബാപ്പെക്കാണ് നല്‍കിയിരിക്കുന്നതെന്ന്. അവന്‍ അവിടെ നിന്ന് പോകാന്‍ ഒരുങ്ങിയപ്പോള്‍ എല്ലാ അധികാരവും നല്‍കി അവിടെ തന്നെ പിടിച്ചുനിര്‍ത്തി. തൊട്ടടുത്ത് ലോകത്തിലെ ഏറ്റവും മികച്ച താരമുണ്ടായിട്ട് പോലും എംബാപ്പെക്കാണ് അവര്‍ എല്ലാ അധികാരവും നല്‍കിയത്.
കിലിയന്‍ ഒരു ഫ്രഞ്ചുകാരനായതുകൊണ്ടും അവിടെ തന്നെ ജനിച്ച് വളര്‍ന്നതുകൊണ്ടും മുന്‍ ലോകകപ്പ് ചാമ്പ്യനായത് കൊണ്ടുമാകാം പി.എസ്.ജി അവന് ഇത്ര അധികാരം നല്‍കുന്നത്. മാത്രമല്ല വലിയൊരു ഭാവി മുന്‍കൂട്ടി കണ്ടിട്ടുമുണ്ടാകാം,’ ഡി മരിയ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ക്ലബ്ബ് വിട്ട് പോകുമെന്ന് അറിയിച്ച എംബാപ്പെയെ മോഹവില കൊടുത്താണ് പി.എസ്.ജി നിലനിര്‍ത്തിയത്. പലതവണ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനെ പറ്റി താരം സംസാരിച്ചിരുന്നെങ്കിലും എംബാപ്പെയെ വിടാന്‍ പി.എസ്.ജി ഒരുക്കമായിരുന്നില്ല. ഈ സീസണില്‍ മാത്രം 1060 കോടി രൂപക്കാണ് എംബാപ്പെ കരാറില്‍ സൈന്‍ ചെയ്തത്. ക്ലബ്ബിന്റെ മുഴുവന്‍ ബജറ്റിന്റെ നാലിലൊന്നാണ് എംബാപ്പെക്ക് ലഭിക്കുന്നത്.
അന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഫുട്‌ബോളറായി ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഒന്നാമതായിരുന്നു എംബാപ്പെ. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിലേക്ക് പോകുന്നതിന് മുമ്പാണ് ഇത്.
സഹതാരമായ ലയണല്‍ മെസിയെയും റൊണാള്‍ഡോയെയും പിന്തള്ളിയാണ് എംബാപ്പെ ഒന്നാമതെത്തിയത്. ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് മെസിയും ക്രിസ്റ്റ്യാനോയുമല്ലാതെ മറ്റൊരു ഫുട്ബോളര്‍ പട്ടികയില്‍ ഒന്നാമതെത്തിയത്.
അതേസമയം, പി.എസ്.ജിയില്‍ നിന്ന് പടയിറങ്ങുന്ന മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ബാഴ്‌സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Angel Di Maria states Kylian Mbappe has all the power than Lionel Messi in PSG