| Thursday, 6th July 2023, 12:58 pm

'അദ്ദേഹത്തോടൊപ്പം കളിക്കാനായതാണ് കരിയറിലെ ഏറ്റവും വലിയ ബഹുമതി'; മനസ് തുറന്ന് ഏഞ്ചല്‍ ഡി മരിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരം ലയണല്‍ മെസിക്കൊപ്പം പി.എസ്.ജിയിലും അര്‍ജന്റൈന്‍ ദേശീയ ടീമിലും കളിക്കാനായതാണ് കരിയറിലെ ഏറ്റവും മഹത്തരമായ കാര്യമെന്ന് എയ്ഞ്ചല്‍ ഡി മരിയ. പി.എസ്.ജിയില്‍ മെസിക്കൊപ്പം ഒരു സീസണ്‍ കളിക്കാന്‍ സാധിച്ചിരുന്നെന്നും അദ്ദേഹത്തോടൊപ്പം ക്ലബ്ബില്‍ ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഡി മരിയ പറഞ്ഞു.

‘കരിയറില്‍ സംഭവിച്ചതില്‍ ഏറ്റവും മികച്ചത് ദേശീയ ടീമിലും ക്ലബ്ബിലും മെസിക്കൊപ്പം കളിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്. അദ്ദേഹത്തോടൊപ്പം ഒരു വര്‍ഷം ക്ലബ്ബില്‍ ചെലവഴിച്ചെങ്കിലും കളിച്ചിട്ടില്ലായിരുന്നു. മെസി ഉണ്ടെങ്കില്‍ എനിക്ക് കളിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ മനസിലാക്കി.

ഞാന്‍ പി.എസ്.ജിയില്‍ ആയിരുന്നപ്പോള്‍ കളിച്ചിട്ടൊന്നുമില്ല, പക്ഷെ എന്നും മെസിയെ കാണുന്നതും അവനൊപ്പം പരിശീലനം നടത്തുന്നതും സന്തോഷം തരുന്ന കാര്യമായിരുന്നെന്ന് ഞാനെന്റെ ഭാര്യയോടും പെരേഡെസിനോടും പറഞ്ഞിരുന്നു,’ ഡി മരിയ പറഞ്ഞു.

2021-22 സീസണില്‍ ലീഗ് വണ്‍ ടൈറ്റില്‍ പേരിലാക്കിയതിന് ശേഷം ഡി മരിയ പി.എസ്.ജി വിടുകയായിരുന്നു. ഇരുവരും സീസണില്‍ കളിച്ച 26 മത്സരങ്ങളില്‍ നിന്ന് മെസി ആറ് ഗോളും 15 അസിസ്റ്റുകളും അക്കൗണ്ടിലാക്കിയപ്പോള്‍ അഞ്ച് ഗോളും എട്ട് അസിസ്റ്റുമാണ് ഡി മരിയയുടെ സമ്പാദ്യം.

പി.എസ്.ജിയുമായ പിരിഞ്ഞ ഡി മരിയ തുടര്‍ന്ന് യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയപ്പോള്‍ മെസിക്കൊപ്പം ടീമിനായി നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് ഡി മരിയ.

അതേസമയം, പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. രണ്ട് വര്‍ഷത്തെ കരാറില്‍ 2025 വരെയാണ് മെസി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബില്‍ കളിക്കുക. ജൂലൈ 11ന് മെസി എം.എല്‍.എസ് ലീഗില്‍ തന്റെ അരങ്ങേറ്റ മത്സരം നടത്തും.

Content Highlights: Angel Di Maria shares experience about Lionel Messi

We use cookies to give you the best possible experience. Learn more