| Tuesday, 12th July 2022, 9:12 am

'കിരീടം നേടാനാണ് ഞാന്‍ ഇവിടെ എത്തിയത് അതായിരുന്നു എന്റെ പ്രചോദനം'; അര്‍ജന്റൈന്‍ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഒരുപാട് പ്രതീക്ഷകളുള്ള ടീമാണ് ലാറ്റിന്‍ അമേരിക്കന്‍ ശക്തിയായ അര്‍ജന്റീന. ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത് കല്‍പ്പിക്കുന്ന ടീമാണ് മെസിപ്പട എന്ന് നിസ്സംശയം പറയാം.

അര്‍ജന്റീനയെ ഒരു ടീമെന്ന നിലയില്‍ മികച്ചതാക്കുന്നത് ടീമിലെ താരങ്ങളുടെ ഒത്തൊരുമയാണ്. അര്‍ജന്റൈന്‍ പടയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ് മുന്നേറ്റക്കാരനായ എയ്ഞ്ചല്‍ ഡി മരിയ. കോപ്പ ഫൈനലിലും ഫൈനലസിമയിലും അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയ ഡി മരിയ ടീമിന്റെ മാലാഖ തന്നെയാണ്.

എന്നാല്‍ മരിയ ഈ സമ്മറില്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ നിന്നും വിടവാങ്ങിയിരുന്നു. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്കാണ് താരം ചേക്കേറിയത്. കഴിഞ്ഞ സീസണില്‍ ഒരു ട്രോഫി പോലും നേടാന്‍ സാധിക്കാതിരുന്ന യുവന്റസിനായി ട്രോഫി നേടികൊടുക്കാനാണ് താന്‍ ടീമിലെത്തിയതെന്നാണ് താരം പറയുന്നത്.

തനിക്കിതൊരു പുതിയ യാത്രയാണെന്നും ഒരുപാട് സന്തോമുണ്ടെന്നും ഡി മരിയ പറഞ്ഞു. യുവന്റസിലെത്തിയ ശേഷമുള്ള ആദ്യ അഭിമുഖമായിരുന്നു താരത്തിന്റേത്.

‘ഇതെനിക്കൊരു പുതിയ യാത്രയാണ്. എനിക്ക് വളരെയേറെ സന്തോഷവുമുണ്ട്. ഞാന്‍ ക്ലബിലേക്ക് ചേക്കേറാന്‍ സമ്മതം മൂളിയത് മുതല്‍, ആദ്യ ദിവസം മുതല്‍, എല്ലാവരും എനിക്കൊരു കുടുംബം പോലെയായിരുന്നു, അവര്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നുണ്ട് എന്നതിനാല്‍ തന്നെ ഞാന്‍ സന്തോഷത്തിലാണ്.

കഴിഞ്ഞ സീസണില്‍ യുവന്റസ് ഒരു കിരീടവും നേടിയിട്ടില്ലെന്ന് എനിക്കറിയാം. അതാണെനിക്ക് ഇവിടെയെത്താന്‍ പ്രചോദനം നല്‍കിയത്. സാധ്യമായ കിരീടങ്ങളെല്ലാം നേടാന്‍ ശ്രമിക്കാന്‍ വേണ്ടിയാണ് ഞാന്‍ സമ്മതം മൂളിയത്,’ ഡി മരിയ പറഞ്ഞു.

‘എനിക്ക് ശ്രമിച്ചു കൊണ്ടിരിക്കണം, ഗോളുകള്‍ നേടി, അസിസ്റ്റുകള്‍ നല്‍കി, കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കണം. യുവന്റസില്‍ എനിക്കതിനുള്ള അവസരമുണ്ട്. അതിന് കഴിയുമെന്ന് ഞാന്‍ കരുതുന്നു.’ ഡി മരിയ കൂട്ടിച്ചേര്‍ത്തു.

റയല്‍ മാഡ്രിഡില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഉപയോഗിച്ച 22ാം നമ്പറാണ് താരം യുവന്റസ് ജേഴ്‌സിയിലും ഉപയോഗിക്കുക. ആ നമ്പര്‍ തെരഞ്ഞെടുക്കാനുള്ള കാരണവും ഡി മരിയ വെളിപ്പെടുത്തി.

‘ആ ജേഴ്സി നമ്പര്‍ ഒഴിവായിരുന്നതു കൊണ്ട് ഞാനത് വീണ്ടും ആവശ്യപ്പെട്ടു. അതിനൊപ്പം കറുപ്പും വെളുപ്പും എന്റെ ഭാര്യയുടെ പ്രിയപ്പെട്ട നിറങ്ങളാണ്. എന്റെ മൂത്ത മകള്‍ ജനിച്ചതൊരു ഇരുപത്തിരണ്ടാം തീയതിയാണ്.’ താരം പറഞ്ഞു.

പി.എസ്.ജി കരാര്‍ അവസാനിച്ചതിന് പിന്നാലെ ക്ലബ് വിട്ട ഡി മരിയ ഫ്രീ ഏജന്റായാണ് യുവന്റസിലേക്ക് ചേക്കേറുന്നത്. അര്‍ജന്റീന താരം എത്തുന്നതോടെ മുന്നേറ്റനിരയില്‍ ഡിബാലയുടെ അഭാവം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുവന്റസ്.

Content Highlights:  Angel Di Maria says he wants to win trophies  with Juventus

We use cookies to give you the best possible experience. Learn more