മെസിയാണോ റൊണാള്‍ഡോയാണോ മികച്ച ഫുട്‌ബോളര്‍ എന്നത് മോഡേണ്‍ ഡേ ഫുട്‌ബോളില്‍ ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചയാണ്. എല്ലാ ഫുട്‌ബോള്‍ താരങ്ങളും ഒരിക്കലെങ്കിലും ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവും.
മെസി vs റൊണാള്‍ഡോ ചര്‍ച്ചയില്‍ ഇരുവര്‍ക്കുമൊപ്പം വിവിധ ടീമില്‍ കളിച്ച അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയയുടെ പഴയ പ്രതികരണമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മെസി പി.എസ്.ജിയിലെത്തിയപ്പോഴുള്ള ഡി മരിയയുടെ അഭിപ്രായമാണ് ഒരിക്കല്‍ക്കൂടി ചര്‍ച്ചയാകുന്നത്.
മെസിക്കും റൊണാള്‍ഡോക്കുമൊപ്പം കളിച്ച വളരെ ചുരുക്കം താരങ്ങളില്‍ ഒരാളാണ് ഡി മരിയ. 2010 മുതല്‍ 2014 വരെ റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ട ഡി മരിയ, അര്‍ജന്റീന ദേശീയ ടീമിലും പി.എസ്.ജിയിലും മെസിയുടെ സഹതാരമായിരുന്നു.
മെസിയെ പ്രശംസിച്ച ഡി മരിയ, അദ്ദേഹത്തോടൊപ്പം കളിക്കുന്നതാണ് ഏറെ എളുപ്പമെന്നും പല താരങ്ങള്‍ക്കൊപ്പം കളിച്ചിരുന്നുവെങ്കിലും മെസിയോളം മികച്ചതായി ഒരാളെ കണ്ടിട്ടില്ലെന്നും പറയുന്നു.
‘എന്നെ സംബന്ധിച്ച് അവനൊപ്പം (മെസി) കളിക്കുന്നത് ഏറെ എളുപ്പമാണ്. നമ്മള്‍ ഓടുമ്പോഴേക്കും അവന്‍ നമ്മുടെ കാലില്‍ പന്തെത്തിക്കുന്നു. അവനെ സംബന്ധിച്ച് അക്കാര്യത്തില്‍ ഒരു ഒഴിവുകഴിവുകളുമില്ല. കളിക്കളത്തിനകത്തും പുറത്തും മെസിയുമായി എനിക്ക് മികച്ച ബന്ധമാണുള്ളത്.,’ ടി.വൈ.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡി മരിയ പറയുന്നു.
മെസി മറ്റൊരു ലോകത്ത് നിന്നും ഉള്ളവനാണ്. അവന് നേരെ ഒരു പന്ത് വന്നാല്‍ അത് അവന്‍ പെട്ടെന്ന് തന്നെ നിയന്ത്രണത്തിലാക്കുന്നു. ഇത് പോലെ ഒന്ന് മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല. ക്രിസ്റ്റ്യാനോ, നെയ്മര്‍, എംബാപ്പെ, റൂണി, വാന്‍പേഴ്‌സി, ഇബ്രാഹമോവിച്ച്, ബെന്‍സമ, ബെയ്ല്‍ എന്നിവര്‍ക്കൊപ്പമെല്ലാം ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ മെസിയെ പോലെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല, അദ്ദേഹം യൂണീക്കാണ്,’ ഡി മരിയ പറയുന്നു.
മെസി പി.എസ്.ജിയിലെത്തിയതിന് പിന്നാലെ റൊണാള്‍ഡോക്കെതിരായ ഡി മരിയയുടെ കളിയാക്കല്‍ നിറഞ്ഞ പരാമര്‍ശവും ചര്‍ച്ചയാവുന്നുണ്ട്. മെസി, നെയ്മര്‍, എംബാപ്പെ എന്നിവരടങ്ങുന്ന മുന്നേറ്റ നിരയിലേക്കെത്താന്‍ ക്രിസ്റ്റ്യാനോ ഏറെ കൊതിച്ചിട്ടുണ്ടാവുമെന്ന തരത്തിലായിരുന്നു ഡി മരിയയുടെ പരാമര്‍ശം.
‘ഇവിടെയെത്താന്‍ ക്രിസ്റ്റ്യാനോ അത്രയേറെ ആഗ്രഹിച്ചിരിക്കണം. പി.എസ്.ജിയിലുള്ള താരങ്ങളുടെ ക്വാളിറ്റിയും ക്വാണ്ടിറ്റിയും മറ്റാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത ഒന്നാണ്.
ഇത് എല്ലായ്‌പ്പോഴും സംഭവിക്കുന്ന ഒന്നല്ല. മികച്ച താരങ്ങള്‍ എപ്പോഴും മികച്ചവര്‍ക്കൊപ്പം തന്നെ തുടരാന്‍ ആഗ്രഹിക്കുന്നു. ക്രിസ്റ്റ്യാനോക്ക് ഉറപ്പായും അവിടെയെത്തണമായിരുന്നു, പക്ഷേ അവര്‍ വാങ്ങിയത് മെസിയെ ആണ്. അത് കുറച്ചുകൂടി നല്ല നീക്കമായിരുന്നു,’ താരം പറയുന്നു.
ക്രിസ്റ്റ്യാനോയുടെ പഴയ ടീമായ യുവന്റസിലാണ് ഡി മരിയയിപ്പോള്‍. ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യത നേടിയ യുവന്റസ് മെസിയുടെ പി.എസ്.ജിക്കൊപ്പം ഒരേ ഗ്രൂപ്പിലാണ്.
യുവന്റസ്, പി.എസ്.ജി, ബെന്‍ഫിക്ക, മക്കാബി ഹൈഫ എന്നിവരാണ് ഗ്രൂപ്പ് എച്ചിലുള്ളത്. ഇതില്‍ മക്കാബി ഒഴികെയുള്ള എല്ലാ ടീമിലും ഡി മരിയ കളിച്ചിട്ടുള്ളതുമാണ്.
നാളെയാണ് ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന്റെ ആദ്യ മത്സരം. പി.എസ്.ജിയാണ് എതിരാളികള്‍.
Content Highlight: Angel Di Maria’s Strong Claim About Lionel Messi vs Cristiano Ronaldo Resurfaces