മെസിയെ തന്നെ ആശ്രയിക്കേണ്ടതില്ല, ടീമില്‍ വേറെയും താരങ്ങള്‍ ഉണ്ടല്ലോ: ഡി മരിയ
Football
മെസിയെ തന്നെ ആശ്രയിക്കേണ്ടതില്ല, ടീമില്‍ വേറെയും താരങ്ങള്‍ ഉണ്ടല്ലോ: ഡി മരിയ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th November 2022, 10:37 pm

കോപ്പ അമേരിക്കക്കും ഫൈനലിസിമക്കും ശേഷം ലോകകപ്പ് എന്ന ലക്ഷ്യവുമായാണ് അര്‍ജന്റീന ഖത്തറിലെത്തിയിരിക്കുന്നത്. ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നാണ് അര്‍ജന്റീന.

രാജ്യാന്തര മത്സരങ്ങളില്‍ തന്നെ നിരവധി റെക്കോഡുകള്‍ നേടി പ്രഗത്ഭരെന്ന് തെളിയിച്ച ടീം അര്‍ജന്റീനക്ക് വിശ്വകിരീടത്തില്‍ തൊടാന്‍ എന്തുകൊണ്ടോ സാധിക്കുന്നുണ്ടായിരുന്നില്ല.

ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ അര്‍ജന്റീന പരിക്കുകളുടെ പിടിയിലായിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം യു.എ.ഇയുമായി നടന്ന വാംഅപ്പ് മത്സരത്തില്‍ 5-0നായിരുന്നു അര്‍ജന്റീനയുടെ ജയം. എയ്ഞ്ചല്‍ ഡി മരിയയും ലയണല്‍ മെസിയുമായിരുന്നു മത്സരത്തില്‍ തിളങ്ങിയത്.

മെസിയില്‍ തന്നെയാണ് ഇത്തവണയും ടീം അര്‍ജന്റീനയുടെ പ്രതീക്ഷ. എന്നാല്‍ ലോകകപ്പിനിറങ്ങുമ്പോള്‍ മെസിയെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നും ടീമില്‍ വേറെയും താരങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇപ്പോള്‍ എയ്ഞ്ചല്‍ ഡി മരിയ.

മെസി പ്രഗത്ഭനായ കളിക്കാരനാണെന്നും അദ്ദേഹത്തോടൊപ്പം കളിക്കാന്‍ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”മെസിയുടെ കൂടെയിരിക്കാന്‍ കഴിയുന്നതാണ് എന്നെ സംബന്ധിച്ച് എല്ലാം. അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. ലിയോ ഒരന്യഗ്രഹ ജീവിയെ പോലെയാണ്. അദ്ദേഹത്തെ കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മതിയാകില്ല. ഞാനിനിയും വാചാലനാകും. അദ്ദേഹത്തിന്റെ കൂടെ കളിക്കാന്‍ കഴിഞ്ഞതാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ കാര്യം.

ഞങ്ങള്‍ നാഷണല്‍ ടീമില്‍ ഒരുപാട് കാല ചെലവഴിച്ചിട്ടുണ്ട്. ഒരേ ടീമില്‍ കളിക്കുമ്പോള്‍ അദ്ദേഹത്തെ എന്നും കാണാന്‍ സാധിക്കുന്നത് എന്ത് നല്ല കാര്യമാണ്,’ ഡി മരിയ പറഞ്ഞു.

അതേസമയം ഡി മരിയയുടെ നാലാമത്തെയും അവസാനത്തെയും ലോകകപ്പാണ് ഖത്തറില്‍ നടക്കാനിരിക്കുന്നത്.

നവംബര്‍ 26ന് സൗദി അറേബ്യയുമായാണ് അര്‍ജന്റീനയുടെ അരങ്ങേറ്റ മത്സരം. മെക്സിക്കോയും പോളണ്ടുമാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകള്‍. ഇതില്‍ മെക്സിക്കോയെ നവംബര്‍ 27നും പോളണ്ടിനെ ഡിസംബര്‍ ഒന്നിനുമാണ് അര്‍ജന്റീന നേരിടുക.

Content Highlights: Angel Di Maria Praises Lionel Messi