ലോകകപ്പ് 2026ലേക്കുള്ള യോഗ്യത മത്സരത്തിലെ അര്‍ജന്റീനയുടെ ത്രസിപ്പിക്കുന്ന ജയത്തിന് പിന്നാലെ ലയണല്‍ മെസിയെ വാനോളം പ്രശംസിച്ച് എയ്ഞ്ചല്‍ ഡി മരിയ. മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും അദ്ദേഹമാണ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരന്‍ എന്നും ഡി മരിയ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ടി.വൈ.സി ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ലിയോ എനിക്ക് ക്യാപ്റ്റന്‍സി റിബ്ബണ്‍ അഴിച്ച് നല്‍കിയപ്പോള്‍ എനിക്ക് വലിയ അഭിമാനം തോന്നിയിരുന്നു. ദേശീയ ടീമില്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ പ്രത്യേകത തോന്നുന്നുണ്ട്. അതുപോലെ മെസി അദ്ദേഹത്തിന്റെ പ്രകടനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. അദ്ദേഹമാണ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരന്‍,’ ഡി മരിയ പറഞ്ഞു.
ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീനക്കും ഇക്വഡോറിനും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മികച്ച രീതിയില്‍ പ്രതിരോധിച്ച് നിന്ന ഇക്വഡോര്‍ പടക്ക് ഒടുവില്‍ മെസിയെന്ന മജീഷ്യന് മുന്നില്‍ അടിയറവ് പറയേണ്ടിവന്നു. മത്സരത്തിന്റെ 78ാം മിനിട്ടിലായിരുന്നു മെസിയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക്.
ആദ്യ പകുതിയില്‍ പന്ത് കൈവശം വെച്ച് ആല്‍ബിസെലസ്റ്റ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. മിസ് പാസുകളുടെ ഘോഷയാത്രയായിരുന്നു ആദ്യ പകുതിയില്‍ കണ്ടത്. ഒരു തവണ മാര്‍ട്ടിനെസിന്റെ പ്‌ളേസിങ് ചിപ്പ് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയതായിരുന്നു ആദ്യ പകുതിയില്‍ ലഭിച്ച മികച്ച അവസരം.
മത്സരം തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് അര്‍ജന്റീനയുടെ എക്‌സ്പേര്‍ട്ട് താരം എയ്ഞ്ചല്‍ ഡി മരിയ കളത്തിലിറങ്ങുന്നത്. 75ാം മിനിട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനെസിനെ പിന്‍വലിച്ച് യുവ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസും കളിത്തട്ടിലെത്തി.
അവസാനഘട്ടം വരെ ലീഡുയര്‍ത്താന്‍ അര്‍ജന്റീന കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഇക്വഡോര്‍ വഴങ്ങിയില്ല. 88ാം മിനിട്ടില്‍ ലയണല്‍ മെസി കളം വിടുമ്പോള്‍ താരത്തിന് ആദരമര്‍പ്പിച്ച് കൊണ്ട് ഗാലറിയില്‍ കരഘോഷം മുഴങ്ങുകയായിരുന്നു.
2022ലെ ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യതാഘട്ടം അര്‍ജന്റീന ആരംഭിച്ചത് ഇക്വഡോറിനെതിരെ 1-0 ത്തിന് ജയം നേടി തന്നെയാണ്.
Content Highlights: Angel Di Maria praises Lionel Messi