റൊണാള്‍ഡോയേക്കാളേറെ മെസി മുന്നിലെത്തിയതിന് കാരണം അതുമാത്രം; ഗോട്ട് ഡിബേറ്റില്‍ ഡി മരിയ
Sports News
റൊണാള്‍ഡോയേക്കാളേറെ മെസി മുന്നിലെത്തിയതിന് കാരണം അതുമാത്രം; ഗോട്ട് ഡിബേറ്റില്‍ ഡി മരിയ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th November 2024, 1:32 pm

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ ആര് എന്ന തര്‍ക്കം ഇപ്പോഴും അന്ത്യമില്ലാതെ തുടരുകയാണ്. മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന ചോദ്യത്തില്‍ ആരാധകര്‍ ഇപ്പോഴും രണ്ട് അഭിപ്രായക്കാരാണ്.

മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഒരുപോലെ മികച്ചവരെന്നും ഇതിഹാസങ്ങള്‍ തന്നെയെന്നും അംഗീകരിക്കുന്നവരും കുറവല്ല.

ഒരു പതിറ്റാണ്ടിലേറെ കാലം പരസ്പരം മത്സരിച്ചാണ് ഇരുവരും ഫുട്‌ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. മെസിയും റോണോയും നേര്‍ക്കുനേര്‍ വന്ന ബാഴ്സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ആന്‍ഹല്‍ ഡി മരിയ. ഇതുവരെയുള്ള പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ മെസിയാണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം പ്യുവര്‍ ടാലന്റ് ആണെന്നും ഡി മരിയ പറയുന്നു.

ജുവാന്‍ പാബ്ലോ വാര്‍സ്‌കിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡി മരിയയുടെ പരാമര്‍ശം.

‘ഞാന്‍ എല്ലായ്‌പ്പോഴും ഒരു കാര്യം തന്നെയാണ് പറയാറുള്ളത് – അവര്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ്. എന്നാല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും മികച്ചതാരാണ് എന്ന കാര്യം വ്യക്തമാണ്. എട്ട് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി എന്നതുകൊണ്ടല്ല ഞാന്‍ ഇക്കാര്യം പറയുന്നത്. മറ്റെല്ലാം നേടിയതുകൊണ്ടാണ്.

ക്രിസ്റ്റ്യാനോ കഠിനമായി പരിശ്രമിക്കുന്ന താരമാണ്. എന്നാല്‍ മെസിയാകട്ടെ പ്യുവര്‍ ടാലന്റാണ്, ദൈവത്തിന്റെ വരദാനമാണ്. ഏറ്റവും മികച്ചതാകാന്‍ അദ്ദേഹം കൂടുതലായി ഒന്നും തന്നെ ചെയ്യേണ്ടതില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കഠിനമായി പരിശീലിക്കണം, മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിക്കണം, ഫിനിഷിങ്ങുകളെല്ലാം പെര്‍ഫെക്ടായിരിക്കാന്‍ പരിശീലിക്കണം. എന്നാല്‍ മെസിയോ, അദ്ദേഹത്തിന് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നത് പോലെയാണ്. ഇതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം ഇത്രത്തോളം വലുതാകാന്‍ കാരണം. ലിയോയെ തൊടാന്‍ സാധിക്കില്ല,’ ഡി മരിയ പറഞ്ഞു.

നാല് അന്താരാഷ്ട്ര ട്രോഫികളാണ് മെസിയും ഡി മരിയയും ചേര്‍ന്ന് അര്‍ജന്റീനയെ ചൂടിച്ചത്. നിര്‍ണായക മത്സരങ്ങളിലും ഫൈനലുകളിലും മാലാഖയായി ഡി മരിയ പ്രത്യക്ഷപ്പെട്ടപ്പോഴും മെസിയുടെ പ്രഭാവത്തിന് മുമ്പില്‍ താരം മങ്ങിപ്പോവുകയായിരുന്നു.

 

സൂപ്പര്‍ ക്ലാസിക്കോയില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന കോപ്പ കിരീടം സ്വന്തമാക്കുമ്പോള്‍ അതില്‍ വിജയ ഗോള്‍ നേടിയത് ഡി മരിയയായിരുന്നു. ഫൈനലിസിമയില്‍ അസൂറിപ്പടയെ തകര്‍ത്ത് കിരീടമണിയുമ്പോഴും ഖത്തറില്‍ വിശ്വവിജയികളാകുമ്പോഴും ഡി മരിയയുടെ കാലുകള്‍ അര്‍ജന്റീനക്കായി ഗോളുകള്‍ നേടിയിരുന്നു. ഒടുവില്‍ 2024ല്‍ കോപ്പ കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ടാണ് ഡി മരിയ പടിയിറങ്ങിയത്.

 

Content highlight: Angel Di Maria picks Lionel Messi over Cristiano Ronaldo in GOAT debate