ആ ട്രോഫിയിലേക്ക് നോക്കുമ്പോള്‍ മറഡോണയുടെ വീഡിയോ ഓര്‍മയില്‍ തെളിയും: എയ്ഞ്ചല്‍ ഡി മരിയ
Football
ആ ട്രോഫിയിലേക്ക് നോക്കുമ്പോള്‍ മറഡോണയുടെ വീഡിയോ ഓര്‍മയില്‍ തെളിയും: എയ്ഞ്ചല്‍ ഡി മരിയ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th October 2023, 11:55 am

 

ഫിഫ ലോകകപ്പ് ഉയര്‍ത്തിയതിന്റെ ഓര്‍മ പങ്കുവെച്ച് അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ. കഴിഞ്ഞ ഡിസംബറില്‍ അര്‍ജന്റീന ലോക ചാമ്പ്യനായ മത്സരത്തില്‍ ഡി മരിയക്ക് ഒരു ഗോള്‍ നേടാനും അസിസ്റ്റ് നല്‍കാനും സാധിച്ചിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനെതിരെ 3-3ന്റെ സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്.

മൂന്നാം തവണയാണ് അര്‍ജന്റീന ഫിഫ ലോക കിരീടം നെറുകയില്‍ ചൂടുന്നത്. ഡീഗോ മറഡോണ രാജ്യത്തിനായി ലോകകപ്പ് ഉയര്‍ത്തിയതിന് ശേഷം ആദ്യമയാണ് ലയണല്‍ മെസിയുടെ ക്യാപ്റ്റന്‍സിയില്‍ അര്‍ജന്റീന ലോക ചാമ്പ്യന്മാരാകുന്നത്. 2022ല്‍ കിരീടം നേടുമ്പോള്‍ മറഡോണ വേള്‍ഡ് കപ്പ് ട്രോഫി ഉയര്‍ത്തുന്ന വീഡിയോയാണ് മനസില്‍ തെളിഞ്ഞിരിക്കുന്നതെന്ന് പറഞ്ഞിരിക്കുയാണ് ഇപ്പോള്‍ ഡി മരിയ. ആല്‍ബി സെലസ്റ്റ ടോക്കിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ലോക കിരീടം നേടാനും അതില്‍ സ്പര്‍ശിക്കാനും സാധിച്ചത് വളരെ മനോഹരമായിട്ടുള്ള കാര്യമാണ്. വേള്‍ഡ് കപ്പ് ട്രോഫി കാണുമ്പോള്‍ ഡീഗോയുടെ വീഡിയോയാണ് മനസില്‍ തെളിഞ്ഞത്. അതെനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭൂതിയാണ്,’ ഡി മരിയ പറഞ്ഞു.

ലോകകപ്പിലടക്കം അര്‍ജന്റീനക്കായി തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ ഡി മരിയ ഗോള്‍ നേടിയിരുന്നു. കഴിഞ്ഞവര്‍ഷം കോപ്പ അമേരിക്കയില്‍ ബ്രസീലിനെതിരെ വിജയഗോള്‍ കുറിക്കാന്‍ ഡി മരിയക്ക് സാധിച്ചിരുന്നു. തുടര്‍ന്ന് നടന്ന ഫൈനലിസിമ ട്രോഫിയില്‍ ഇറ്റലിക്കെതിരെയും ലക്ഷ്യംകണ്ടു. ഏറ്റവുമൊടുവില്‍ ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഡി മരിയ ഗോള്‍ നേടിയപ്പോഴും മത്സരം ജയം കണ്ടു.

ഖത്തര്‍ ലോകകപ്പിന് ശേഷം താരം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തുകയായിരുന്നു.

ഈ സീസണില്‍ ക്ലബ്ബ് ഫുട്ബോളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഈ വര്‍ഷമാണ് താരം യുവന്റസില്‍ നിന്ന് ബെന്‍ഫിക്കയിലേക്ക് ചേക്കേറിയത്.

2022ല്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ നിന്നുമാണ് ഡി മരിയ യുവന്റസിലേക്ക് ചേക്കേറിയത്. 19 മത്സരങ്ങളില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബിനായി മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. 190 കളികളില്‍ 36 ഗോളുകളും 85 അസിസ്റ്റുകളും ഡി മരിയ റയല്‍ മാഡ്രിഡിനായും നേടി.

Content Highlights: Angel Di Maria on World Cup memories