| Thursday, 2nd June 2022, 4:00 pm

'ആ ചിപ് ഒരിക്കലും മിസ് ആവില്ല'; നിര്‍ണായക മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയ, അര്‍ജന്റീനയുടെ മാലാഖ

സ്പോര്‍ട്സ് ഡെസ്‌ക്

2018 ലോകകപ്പിന് ശേഷം എഴുതി തള്ളപ്പെട്ട ടീമായിരുന്നു അര്‍ജന്റീന. മെസിയെ പോലെ ഒരു താരത്തിന് ടീമിനുവേണ്ടി പ്രധാന കപ്പുകള്‍ ഒന്നും നേടാന്‍ സാധിക്കില്ല എന്ന് മുദ്രകുത്തിയ ടീമില്‍ നിന്നും അര്‍ജന്റീന നടത്തിയ ഉയിര്‍ത്തേഴുന്നേല്‍പ്പാണ് കഴിഞ്ഞ രണ്ട് കൊല്ലമായി ടീം നടത്തിയ മുന്നേറ്റം.

കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്കയില്‍ ജേതാക്കളായ അര്‍ജന്റൈന്‍ സംഘം അതിന് പുറമെ ഇത്തവണ നടന്ന ഫൈനലിസിമയിലും കിരീടമണിഞ്ഞിരിക്കുകയാണ്. യൂറോകപ്പ് ജേതാക്കളായ ഇറ്റലിയെ തകര്‍ത്താണ് അര്‍ജന്റീന ഫൈനലിസിമയില്‍ ചാമ്പ്യന്‍മാരായത്.

കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ 1 ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. എന്നാല്‍ യൂറോപ്പയന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ മൂന്ന് ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. 2007ന് ശേഷം മൂന്ന് പ്രധാന ടൂര്‍ണമെന്റുകളാണ് അര്‍ജന്റൈന്‍ സംഘം നേടിയത്. 2008ല്‍ ബീജിങ്ങ് ഒളിംബിക്‌സില്‍ നേടിയ ഗോള്‍ഡ് മെഡലാണ് ആദ്യ പ്രധാന നേട്ടം.

ഈ മൂന്ന് നേട്ടത്തിലും കോമണായുള്ള കാര്യം അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഡി മരിയയുടെ ഗോളാണ്. 2008
ഒളിംബിക്‌സ് ഫൈനലില്‍ നൈജിരിയക്കെതിരെ ഒരു ഗോളിനാണ് അര്‍ജന്റീന വിജയിച്ചത്. 58ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയായിരുന്നു അര്‍ജന്റീനക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ചിപ് ഗോളായിരുന്നു വരിയ നേടിയത്.

കഴിഞ്ഞ കൊല്ലം വിജയിച്ച കോപ്പ അമേരിക്കന്‍ ഫൈനലില്‍ ബ്രസീലിനെതിരെയും ഡി മരിയയായിരുന്നു ഗോള്‍ നേടിയത്. മത്സരം തുടങ്ങി 22ാം മിനിറ്റില്‍ ഡി പോള്‍ നല്‍കിയ ലോങ്ങ് ബോള്‍ റിസീവ് ചെയത് ഡി മരിയ ഒറ്റക്ക് മുന്നേറികൊണ്ട് ചിപ്പ് ഷോട്ടിലൂടെ ഗോള്‍ നേടുകയായിരുന്നു.

ഇന്നലെ നടന്ന ഫൈനലിസിമയിലെ രണ്ടാം ഗോളും മരിയ ഇത്തരത്തിലാണ് നേടിയത്. അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ ഷോട്ടുകളിലൊന്നാണ് ചിപ് ഷോട്ട്. വലിയ മത്സരങ്ങലിലെല്ലാം ആ കാലുകള്‍ മായാജാലം കാണിക്കാറുണ്ട്. ‘ ചിപ് ദാറ്റ് നെവര്‍ മിസ്’ എന്നാണ് അര്‍ജന്റൈന്‍ ആരാധകര്‍ മരിയയുടെ ചിപ്പുകളെ വിശേഷിപ്പിക്കാറുള്ളത്.

ഈ മൂന്ന് ഫൈനലുകളിലും അര്‍ജന്റീനയുടെ പ്രധാന ആയുധമായിരുന്നു ഡി-മരിയ. ഒരുപക്ഷെ 2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരെ മരിയക്ക് കളിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ മെസിയുടെ ലോകകപ്പ് എന്ന സ്വപ്‌നം നേരത്തെ പൂവണിയുമായിരുന്നു.

2014 ലോകകപ്പില്‍ പ്രിക്വാര്‍ട്ടര്‍ മാച്ചില്‍ സ്വിറ്റ്‌സര്‍ലാന്ഡിനെതിരെ 118ാം മിനിറ്റില്‍ ഗോള്‍ നേടിയത് മരിയയായിരുന്നു. എന്നാല്‍ ബെല്‍ജിയത്തിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിക്കേറ്റ താരം ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുകയായിരുന്നു. പരിക്കേല്‍ക്കുന്നതിന് മുന്നെ ഒരു അസിസ്റ്റ് നല്‍കിയാണ് താരം പുറത്ത് പോയത്.

അന്ന് ജര്‍മനിക്കെതിരെ ഫൈനലില്‍ തോറ്റപ്പോല്‍ മരിയ അര്‍ജന്റൈന്‍ ഡഗ് ഔട്ടിലുണ്ടായിരുന്നു. ഒരുപക്ഷെ അന്ന് അര്‍ജന്റീന മിസ് ചെയ്തതും ഇപ്പോള്‍ കോപ്പയും ഫൈനലിസിമയും നേടിയപ്പോള്‍ ഉണ്ടായിരുന്നതും മരിയയുടെ സാന്നിധ്യമായിരിക്കാം.

ഒരു ലോകകപ്പിനായി പതിറ്റാണ്ടുകളോളം കാത്തുനില്‍ക്കുന്ന അര്‍ജന്റൈന്‍ ജനതയുടെ എയ്ഞ്ചലായി മെസിയുടെ വലം കൈയായി വലത് വിങ്ങിലൂടെ ചിപ് ഷോട്ടുകള്‍ തൊടുത്തുവിടാന്‍ അര്‍ജന്റീനയുടെ ‘എയ്ഞ്ചല്‍’ ഡി മരിയ കാണും, ഒരു മാലാഖയായി.

Content Highlights:  Angel Di Maria is angel of argentina football team

We use cookies to give you the best possible experience. Learn more