ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടമുയർത്തിയതിന് പിന്നാലെ വിമർശനങ്ങളും ശക്തമായിരുന്നു. ഫൈനലിൽ പുറത്തായ ഫ്രഞ്ച് താരങ്ങളെ പരിഹസിച്ച് കൊണ്ട് അർജന്റൈൻ താരങ്ങൾ വിജയം ആഘോഷിച്ചത് വിമർശനങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു.
അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ് മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയതിന് പിന്നാലെ പുരസ്‌കാര വേദിയിൽ അശ്ലീല ആംഗ്യം കാട്ടിയതിനെ ചൊല്ലി പ്രതിഷേധങ്ങൾ ഉയർന്ന് വരികയായിരുന്നു. താരത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഫ്രഞ്ച് തരം ആദിൽ റാമി രംഗത്തെത്തിയിരുന്നു.
അർജന്റീനയിൽ തിരിച്ചെത്തിയ താരങ്ങൾ റോഡ് പരേഡിൽ വിജയമാഘോഷിക്കുന്നതിനിടെ ഫ്രഞ്ച് താരങ്ങളെ അപകീർത്തിപ്പെടുത്തിയതും ആരാധകരെ രോഷാകുലരാക്കി. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പയുടെ ചിത്രം പതിപ്പിച്ച പാവയെ പ്രദർശിപ്പിച്ചായിരുന്നു മാർട്ടിനെസിന്റെ ആഘോഷം.
വലിയ വിവാദങ്ങളാണ് പിന്നീട് എമി മാർട്ടിനെസിനെ തേടിയെത്തിയത്. ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഫുട്ബോളർ എന്നാണ് മാർട്ടിനെസിനെ റാമി വിശേഷിപ്പിച്ചത്. മികച്ച ഗോളിക്കുള്ള പുരസ്‌കാരത്തിന് അയാൾ അർഹനല്ലെന്നും മൊറോക്കാൻ ഗോൾ കീപ്പർ യാസീൻ ബോണോയ്ക്ക് അത് നൽകണമായിരുന്നു എന്നും റാമി കൂട്ടിച്ചേർത്തു.
എന്നാൽ റാമിക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ അർജന്റീനയുടെ സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയ. എമി തന്നെയാണ് മികച്ച ഗോൾ കീപ്പർ എന്നും വേറെ എവിടെയെങ്കിലും പോയി കരഞ്ഞോളൂ എന്നുമാണ് ഡി മരിയ പ്രതികരിച്ചത്. അതിനപ്പോൾ തന്നെ റാമി മറുപടി നൽകുകയും ചെയ്തിരുന്നു.
താൻ എന്നെ പഠിപ്പിക്കുകയാണോ എന്നാണ് അദ്ദേഹം ഡി മരിയക്ക് മറുപടി നൽകിയത്. അതേസമയം, ഇതാദ്യമായല്ല മാർട്ടിനെസ് എംബാപ്പയെ പരിഹസിക്കുന്നത്. ഫൈനൽ മത്സരത്തിന് ശേഷം ഡ്രെസിങ് റൂമിൽ എംബാപ്പക്ക് മൗനമാചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
36 വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷം അർജന്റീന നേടിയ ചരിത്ര ജയത്തിന് മാർട്ടിനെസിന്റെ പ്രവർത്തികൾ മങ്ങലേൽപ്പിച്ചുവെന്നാണ് ആരാധകർ പറയുന്നത്.