ഇതിഹാസ താരം ഡിഗോ മറഡോണക്ക് ശേഷം ലയണല്‍ മെസിയിലൂടെയാണ് അര്‍ജന്റൈന്‍ മണ്ണിലേക്ക് ഒരിക്കല്‍ക്കൂടി ഫുട്‌ബോളിന്റെ വിശ്വകിരീടമെത്തിയത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയത്.
അര്‍ജന്റീനയുടെ മൂന്നാം ലോകകിരീടമായിരുന്നു അത്. അന്ന് ലോകകപ്പ് നേടിയപ്പോള്‍ ഡിഗോ മറഡോണ ലോകകപ്പ് ഉയര്‍ത്തുന്ന വീഡിയോയാണ് തന്റെ മനസില്‍ തെളിഞ്ഞതെന്ന് പറയുകയാണ് സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ.
അല്‍ബിസെലസ്റ്റ ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഡി മരിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ലോക കിരീടം നേടാനും അതില്‍ സ്പര്‍ശിക്കാനും സാധിച്ചത് വളരെ മനോഹരമായിട്ടുള്ള കാര്യമാണ്. വേള്‍ഡ് കപ്പ് ട്രോഫി കാണ്ടപ്പോള്‍ ഡീഗോയുടെ വീഡിയോയാണ് മനസില്‍ തെളിഞ്ഞത്. അതെനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭൂതിയാണ് സമ്മാനിച്ചത്’ ഡി മരിയ പറഞ്ഞു.
ഫൈനലില്‍ ഗോള്‍ നേടാനും ഒരു ഗോളിന് വഴിയൊരുക്കാനും അര്‍ജന്റീനയുടെ മാലാഖയ്ക്ക് സാധിച്ചിരുന്നു.
ലോകകപ്പിലടക്കം അര്‍ജന്റീനക്കായി തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ ഡി മരിയ ഗോള്‍ നേടിയിരുന്നു. 2022 കോപ്പ അമേരിക്കയില്‍ ബ്രസീലിനെതിരെ വിജയഗോള്‍ കുറിച്ച ഡി മരിയ തുടര്‍ന്ന് നടന്ന ഫൈനലിസിമ ട്രോഫിയില്‍ ഇറ്റലിക്കെതിരെയും ലക്ഷ്യംകണ്ടു. ശേഷം 2022 ഖത്തര്‍ ലോകകപ്പ് ഫൈനലിലും മെസിപ്പടയ്ക്കായി ലക്ഷ്യം കാണാന്‍ ഡി മരിയക്ക് സാധിച്ചിരുന്നു.
ഖത്തര്‍ ലോകകപ്പിന് ശേഷം താരം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തുകയായിരുന്നു. ഒടുവില്‍ അര്‍ജന്റീനക്ക് മറ്റൊരു കിരീടം കൂടി സമ്മാനിച്ചാണ് ഡി മരിയ പടിയിറങ്ങിയത്.
2024 കോപ്പ അമേരിക്കയില്‍ കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന തുടര്‍ച്ചയായി കോപ്പ കിരീടം ശിരസിലണിഞ്ഞപ്പോള്‍ ആ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ മുന്നണിപ്പോരാളികളില്‍ ഒരാള്‍ കൂടിയായിരുന്നു ഡി മരിയ.