| Wednesday, 5th July 2023, 7:29 pm

35ാം വയസില്‍ ഡി മരിയ യൂറോപ്പ് വിടുന്നില്ല, അടുത്ത സീസണ്‍ ഒട്ടമെന്റിക്കൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഏഞ്ചല്‍ ഡി മരിയ പോര്‍ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്കയില്‍ ചേരും. 2024 ജൂണ്‍ വരെയാണ് ക്ലബ്ബുമായി താരത്തിന്റെ ഡീലെന്ന ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. ബെന്‍ഫിക്കയിലേക്കുള്ള ഔദ്യോഗിക നടപടികളെല്ലാം താരം പൂര്‍ത്തിയാക്കിയെന്നും ഫാബ്രിസിയോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ടീമിലെ തന്റെ സഹതാരം നിക്കോളാസ് ഒട്ടമെന്റി ബെന്‍ഫിക്കയുടെ താരമാണ്. ഇതോടെ ഇന്റര്‍നാഷണല്‍ ക്ലബ് ലെവലിലും ഇരുവരും ഒന്നിക്കും.

കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ സിരി എ ക്ലബ്ബായ യുവന്റസിന്റെ താരമായിരുന്നു ഡി മരിയ. 35 വയസുകാരനായ താരം ഈ സീസണില്‍ യൂറോപ്പ് വിടുമെന്നുള്ള സൂചനകള്‍ ഉണ്ടായിരുന്നു. അര്‍ജന്റീനയിലെ തന്റെ സഹതാരം ലയണല്‍ മെസി അമേരിക്കന്‍ ലീഗായ എം.എല്‍.എസിലേക്ക് പോയ സാഹചര്യത്തില്‍ മരിയയും അദ്ദേഹത്തിനൊപ്പം ചേരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. അതിനിടയിലാണ് ലിഗ പോര്‍ച്ചുഗലില്‍ ചേരാന്‍ താരം തീരുമാനിക്കുന്നത്. യുവേഫയുടെ പുതിയ റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്താണ് ലിഗ പോര്‍ച്ചുഗലില്‍. അദ്ദേഹം നേരത്തെ കളിച്ചിരുന്ന സിരി എ ആകട്ടെ ലിസ്റ്റില്‍ രണ്ടാമതാണ്.

കഴിഞ്ഞ സീസണില്‍ ഒരു വര്‍ഷത്തെ കരാറിലായിരുന്നു മരിയ യുവന്റസിനൊപ്പം ചേരുന്നത്. പി.എസ്.ജിയില്‍ നിന്നായിരുന്നു ഈ കൂടുമാറ്റം. 2021-22 സീസണില്‍ ലീഗ് വണ്‍ ടൈറ്റില്‍ പേരിലാക്കിയതിന് ശേഷം ഡി മരിയ പി.എസ്.ജി വിടുകയായിരുന്നു. പി.എസ്.ജിയില്‍ മെസിക്കൊപ്പവും ഡി മരിയ കളിച്ചിട്ടുണ്ട്. ഇരുവരും സീസണില്‍ കളിച്ച 26 മത്സരങ്ങളില്‍ നിന്ന് മെസി ആറ് ഗോളും 15 അസിസ്റ്റുകളും അക്കൗണ്ടിലാക്കിയപ്പോള്‍ അഞ്ച് ഗോളും എട്ട് അസിസ്റ്റുമാണ് ഡി മരിയയുടെ സമ്പാദ്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

അര്‍ജന്റീനക്കൊപ്പം ലോകകപ്പ് കിരീടം നേടിയ താരം കഴിഞ്ഞ സീസണില്‍ യുവന്റസിനായും മികച്ച പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയപ്പോള്‍ മെസിക്കൊപ്പം ടീമിനായി നിര്‍ണായക പങ്കുവഹിക്കാനും ഡി മരിയക്കായി.

Content Highlight:  Ángel Di María to Benfica! Documents are ready and will be signed

We use cookies to give you the best possible experience. Learn more