Sports News
റൊണാള്‍ഡോ ജനിച്ച സമയം തെറ്റിപ്പോയി, മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം: എയ്ഞ്ചല്‍ ഡി മരിയ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 15, 02:07 am
Saturday, 15th February 2025, 7:37 am

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസതാരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. നിലവില്‍ ആരാണ് ഇരുവരിലും മികച്ച ഫുട്‌ബോള്‍ താരം എന്ന ആരാധകരുടെ ചര്‍ച്ചകള്‍ അറ്റം കാണാതെ പോകുകയാണ്.

ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോ ചര്‍ച്ചയില്‍ തിളങ്ങുന്നത്. 923 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് റോണോ. എന്നാല്‍ പറയാന്‍ ഒരു ലോകകപ്പ് കിരീടം മാത്രം ഇല്ല എന്നത് റൊണാള്‍ഡോയ്ക്ക് ഒരു ശാപമായി തുടരുകയാണ്.

Lionel Messi

എന്നാല്‍ കരിയറില്‍ 850 ഗോള്‍ നേടിയ മെസി സ്വന്തമാക്കാന്‍ മറ്റ് ട്രോഫികള്‍ ഒന്നും ബാക്കിയില്ല. 2023 ഫിഫ ലോകകപ്പില്‍ ഐതിഹാസിക വിജയത്തോടെ കിരീടം സ്വന്തമാക്കാന്‍ മെസിക്കും സംഘത്തിനും സാധിച്ചു. മാത്രമല്ല ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം എട്ടുതവണ നേടാനും ലയണല്‍ മെസിക്ക് കഴിഞ്ഞു. അഞ്ച് തവണയാണ് റൊണാള്‍ഡോയ്ക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. 2024ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും മെസി കിരീടം അണിഞ്ഞിരുന്നു.

എന്നിരുന്നാലും ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരം താനാണെന്ന് റൊണാള്‍ഡോ അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതിനെതിരെ മറുപടിയുമായി വന്നിരിക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം എയ്ഞ്ചല്‍ ഡി മരിയ. റൊണാള്‍ഡോ എപ്പോഴും ഫുട്‌ബോളിലെ മികച്ച താരമാകുവാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ മെസിയുടെ കാലത്ത് ജനിച്ചു പോയത് റൊണാള്‍ഡോയ്ക്ക് ഒരു തിരിച്ചടിയാണെന്നും മരിയ പറഞ്ഞു.

Cristiano Ronaldo

മാത്രമല്ല രണ്ട് കോപ്പ അമേരിക്ക ട്രോഫിയും ലോകകിരീടവും സ്വന്തമാക്കിയ മെസിയും അതില്ലാത്ത റൊണാള്‍ഡോയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ലോകത്തിലെ മികച്ച താരം മെസിയാണെന്നും മരിയ അവകാശപ്പെട്ടു.

മുന്‍ അര്‍ജന്റൈന്‍ താരം പറഞ്ഞത്

‘റൊണാള്‍ഡോ പറഞ്ഞതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. ഞാന്‍ റൊണാള്‍ഡോയ്‌ക്കൊപ്പം നാല് വര്‍ഷം കളിച്ചിരുന്നു. എപ്പോഴും മികച്ച ഫുട്‌ബോള്‍ താരമാകാന്‍ റൊണാള്‍ഡോ ശ്രമിച്ചിരുന്നു. താനാണ് മികച്ച ഫുട്‌ബോള്‍ താരമെന്ന് റൊണാള്‍ഡോ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. പക്ഷേ റൊണാള്‍ഡോ ജനിച്ച സമയം ഒരല്‍പ്പം തെറ്റിപ്പോയി. ആ കാലഘട്ടത്തില്‍ തന്നെ ഫുട്‌ബോളിന്റെ മാന്ത്രിക ദണ്ഡുമായി മറ്റൊരാള്‍ ജനിച്ചു. അതാണ് ലയണല്‍ മെസി.

യാഥാര്‍ത്ഥ്യം കണക്കിലെടുക്കുമ്പോള്‍ ഒരാള്‍ക്ക് എട്ട് ബാലണ്‍ ഡി ഓര്‍ നേട്ടമുണ്ട്. മറ്റൊരാള്‍ക്ക് അഞ്ച് ബാലണ്‍ ഡി ഓര്‍ ഉണ്ട്. അത് വലിയൊരു വ്യത്യാസമാണ്. ഒരു ലോക കിരീടം, രണ്ട് കോപ്പ കിരീടങ്ങള്‍ എന്നിവ നേടിയ ഒരാള്‍, ഈ നേട്ടങ്ങള്‍ ഇല്ലാത്ത ഒരാളില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതുപോലെ ഒരുപാട് വ്യത്യാസങ്ങളുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും മികച്ച താരം ലയണല്‍ മെസിയാണ്. അതില്‍ യാതൊരു സംശയവുമില്ല,’ എയ്ഞ്ചല്‍ ഡി മരിയ പറഞ്ഞു.

Content Highlight: Angel D Maria Talking About Lionel Messi And Cristiano Ronaldo