ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുന്ന അര്‍ജന്റീനക്ക് സന്തോഷ വാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന ഏഞ്ചല്‍ ഡി മരിയ ടീമില്‍ തിരിച്ചെത്തുന്നു. ടീമിനൊപ്പം താരം പരിശീലനം നടത്തുണ്ടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ പോളണ്ടിനെതിരായ മത്സരത്തിലാണ് ഡി മരിയക്ക് പരിക്കേല്‍ക്കുന്നത്. മത്സരത്തിനിടയില്‍ താരത്തെ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ ഡി മരിയക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ താരത്തിന്റെ അഭാവം ടീമിനെ ബാധിച്ചിരുന്നില്ല. 2-1നാണ് അര്‍ജന്റീന ഓസ്‌ട്രേലിയയെ കീഴ്‌പ്പെടുത്തി ക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്.
അമേരിക്കയെ 3-1ന് കീഴടക്കിയാണ് നെതര്‌ലാന്‍ഡ്‌സിന്റെ മുന്നേറ്റം. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇത് ആറാം തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ ഇറങ്ങുന്നത്.
2014 ലോകകപ്പില്‍ ഏറ്റുമുട്ടിയതിന് ശേഷം പിന്നീടിതുവരെ അര്‍ജന്റീനയും ഹോളണ്ടും പരസ്പരം കൊമ്പുകോര്‍ത്തിട്ടില്ല. അന്ന് ഏറ്റുമുട്ടിയതാകട്ടെ ലോകകപ്പിന്റെ സെമി ഫൈനലിലും.
Ángel Di María started training with the group.
It remains to be seen if he trains with the same intensity as the rest or not. pic.twitter.com/jCJVKWMe73
2010ല്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെടുത്തിയതിന്റെ കണക്ക് തീര്‍ക്കാന്‍ ഒരുങ്ങിയെത്തിയ ഹോളണ്ടിന് മുമ്പില്‍ പ്രതിബന്ധമായി നിന്നത് അര്‍ജന്റീനയായിരുന്നു.
ഇരുടീമുകളും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറിയ 2014 സെമി ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു.
ഇതിന് ശേഷം 2022 ഖത്തറിലെ ക്വാര്‍ട്ടറിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്. 2014ന്റെ കണക്ക് തീര്‍ക്കാന്‍ ഹോളണ്ടും മെസിക്കായി കൈമെയ് മറന്ന് കളിക്കുന്ന അര്‍ജന്റീനയും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫലം അപ്രവചനീയമാകും.
ഡിസംബര്‍ ഒമ്പതിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 നാണ് അര്‍ജന്റീന – നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ ഫൈനല്‍.
Content Highlights: Angel D maria is back to the squad in Qatar world cup 2022