| Saturday, 7th December 2024, 6:07 pm

ഛത്തീസ്ഗഡില്‍ അംഗനവാടി ജീവനക്കാരിയെ കൊലപ്പെടുത്തി മാവോയിസ്റ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ അംഗനവാടി ജീവനക്കാരിയെ കൊലപ്പെടുത്തി മാവോയിസ്റ്റ് സംഘം. ബിജാപൂര്‍ ജില്ലയിലാണ് സംഭവം. മാവോയിസ്റ്റുകളെ കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്ന് ആരോപിച്ചാണ് അക്രമം.

സംസ്ഥാനത്തെ ബസഗുഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിമാപൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. 45 കാരിയായ ലക്ഷ്മി പത്മയാണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

ആക്രമണത്തിന് ശേഷം മാവോയിസ്റ്റുകള്‍ ജീവനക്കാരിയുടെ മൃതദേഹം വീടിന് മുറ്റത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം അയച്ചുവെന്നും പൊലീസ് അറിയിച്ചു.

മാവോയിസ്റ്റുകളുടെ മദ്ദേഡ് ഘടകം പുറത്തിറക്കിയ ലഘുലേഖ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായും അക്രമികളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍  പൊലീസ് അറിയിച്ചു.

ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രകാരം, 2024ല്‍ ഈ വര്‍ഷം 60ലധികം ആളുകള്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് സുഗ്മയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിനുപുറമെ തെലങ്കാനയില്‍പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു. മുളുഗു ജില്ലയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ എന്ന ബദ്രു ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവായ ബദ്രു സംഘടനയുടെ ഏരിയ സെക്രട്ടറിയാണ്. കുറച്ച് കാലമായി പൊലീസിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളായിരുന്നു ഇയാള്‍.

ഏപ്രില്‍ 30ന് ഛത്തീസ്ഗഡിലെ ബസ്തറില്‍ നടന്ന നക്സല്‍ വിരുദ്ധ ഓപ്പറേഷനില്‍ മൂന്ന് വനിതാ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ പത്ത് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlight: Anganwadi worker killed by Maoists in Chhattisgarh

We use cookies to give you the best possible experience. Learn more