| Wednesday, 1st January 2025, 1:22 pm

അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്‌; കോൺഗ്രസ്‌ ഭരണസമിതിക്കും 
ജീവനക്കാർക്കും 121 കോടി പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ വായ്പത്തട്ടിപ്പ്‌ കേസിൽ കോൺഗ്രസ്‌ ഭരണസമിതിക്ക് പിഴ ചുമത്തി സഹകരണ വകുപ്പ്. കോൺഗ്രസ്‌ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി 121 കോടിയോളം രൂപ പിഴയാണ് സഹകരണവകുപ്പ് ചുമത്തിയിരിക്കുന്നത്.

സഹകരണചട്ടങ്ങൾക്കും നിയമാവലിക്കും വിരുദ്ധമായി സംഘത്തിന്റെ പണം ദുർവിനിയോഗം ചെയ്തതും വേണ്ടത്ര രേഖകളില്ലാതെ വായ്പ കൊടുത്തതും മൂല്യനിർണയം നടത്തിയതും ചൂണ്ടിക്കാട്ടിയാണ് നടപടി. ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും ചേർന്ന്‌ പിഴ അടയ്‌ക്കണം. ഇവർക്കെല്ലാം വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടും ഉണ്ട്.

സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. സംഘം പ്രസിഡന്റ്‌ അന്തരിച്ച പി. ടി. പോൾ 7.42 കോടി, ഭരണസമിതി അംഗങ്ങളായ പി. വി. പൗലോസ്‌ 7.31, കെ. ജി. രാജപ്പൻനായർ 7.35, ടി. പി. ജോർജ്‌ 7.75, പി. സി. ടോമി 7.35, വി. ഡി. ടോമി വടക്കുഞ്ചേരി 7.35 കോടി, ടി. വി. ബെന്നി 69.44 ലക്ഷം, എസ്. വൈശാഖ്‌ -5.10 കോടി, സെബാസ്റ്റ്യൻ മാടൻ 5.12, മാർട്ടിൻ ജോസഫ്‌ 5.16, എൽസി വർഗീസ്‌ 2.59, ലക്സി ജോയി 7.31, മേരി ആന്റണി 6.98, കെ എ പൗലോസ്‌ 2.15, കെ. ജെ. പോൾ 1.05 കോടി, അന്തരിച്ച ഭരണസമിതി അംഗങ്ങളായ കെ. ഐ. ജോർജ് കൂട്ടുങ്ങൽ 2.07 കോടി, എം. ആർ. സുദർശൻ 31.67 ലക്ഷം എന്നിങ്ങനെ പിഴ അടയ്‌ക്കണം.

ഇതുവരെ അഞ്ച് ഡയറക്ടർബോർഡ്‌ അംഗങ്ങളെയും രണ്ടു ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ജീവനക്കാർ സസ്പെൻഷനിലാണ്. നിലവിൽ സംഘം അഡ്‌മിനിസ്ട്രേറ്റീവ്‌ ഭരണത്തിലാണ്‌. 97 കോടിയോളം രൂപയുടെ വായ്പത്തട്ടിപ്പാണ് നടന്നത്. 126 കോടി രൂപ വായ്പ കൊടുത്തിട്ടുണ്ട്‌.

Content Highlight: Angamaly Urban Co-operative Society Fraud; 121 crores fined to Congress management committee and employees

We use cookies to give you the best possible experience. Learn more