ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★★★☆
സംവിധാനം: ലിജോ ജോസ് പള്ളിശ്ശേരി
നിര്‍മ്മാണം: വിജയ് ബാബു
ക്യാമറ: ഗിരീഷ് ഗംഗാധരന്‍
തിരക്കഥ: ചെമ്പന്‍ വിനോദ് ജോസ്
” തിരക്കഥാകൃത്തെന്ന നിലയില്‍ കന്നിയങ്കമാണെങ്കിലും ചെമ്പ വിനോദിന്റെ വാക്കുകളായിരുന്നു അങ്കമാലിയിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഓരോ വാക്കിലും ഓരോ വരിയിലും ഒരുപാട് കഥകളുണ്ടായിരുന്നു. അങ്കമാലിയുണ്ടായിരുന്നു “
ഒരു വിജയ സിനിമ ഒരുക്കുക. പിന്നാലെ അതേ ചുവടു പിടിച്ച് കുറേ ചിത്രങ്ങള്‍ ചെയ്ത് വിജയം ആവര്‍ത്തിക്കുക. ഇങ്ങനെ ഒന്നോ രണ്ടോ ജോണറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ് സെയ്ഫ് കളി. മിക്ക മലയാള സിനിമ മുഖ്യധാര സംവിധായകരുടേയും രീതി ഇതാണ്. അവിടെയാണ് ലിജോ ജോസ് പള്ളിശ്ശേരി എന്ന സംവിധായകന്‍ വ്യത്യസ്തനാകുന്നത്. നായകന്‍ മുതലുള്ള ഓരോ ചിത്രവും ഓരോ പരീക്ഷണങ്ങള്‍. വിജയം മാത്രം മുന്നില്‍ കാണാതെ വ്യത്യസ്തമായ ചലച്ചിത്ര അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുകയാണ് അദ്ദേഹം തന്റെ ഓരോ ചിത്രത്തിലും. ആ കൂട്ടത്തിലേക്കാണ് ലിജോ ജോസിന്റെ പുതിയ ചിത്രം അങ്കമാലി ഡയറീസും എത്തുന്നത്.
കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവും തുറന്നിട്ട റിയലിസ്റ്റിക് പാതയിലൂടെയാണ് അങ്കമാലി ഡയറീസും സഞ്ചരിക്കുന്നത്. ” കട്ട ലോക്കല്‍ ” എന്ന വിശേഷണവുമായെത്തിയ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ നാടന്‍ തന്നെയാണ്. നല്ല പോര്‍ക്കിറച്ചിയുടേയും കപ്പയുടേയും മണമുള്ള അങ്കമാലിയുടെ ഇടവഴികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
സിനിമ സംവിധായകന്റെ കലയാണെന്ന് അടിവരയിട്ടുറപ്പിക്കുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്. 86 പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം മുതല്‍ ഒട്ടും അസ്വാഭാവികതയില്ലാതെ അവരെ കഥാപാത്രങ്ങളാക്കി മാറ്റുന്നതില്‍ കാണിച്ച പക്വതയും എല്ലാം സംവിധായകന്റെ ക്ലാസിന് ഉദാഹരണമാണ്.
അങ്കമാലിയുടെ പോര്‍ക്ക് കറിയിലൂടെ തുടങ്ങി അങ്കമാലിക്കാരുടെ തനത് വാക്കുകളിലൂടേയും കൊട്ടുപാട്ടുകളിലൂടേയും പ്രേക്ഷകരേയും അങ്കമാലിക്കാരാക്കി മാറ്റാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു. ഒട്ടും ബോറടിപ്പിക്കാതെ, ബഹളത്തിന്റെ അതിപ്രസരമില്ലാതെ വയലന്‍സ് രംഗങ്ങള്‍ സ്വാഭാവികതയോടെ അവതരിപ്പാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അവസാനത്തെ 11 മിനുറ്റ് ദൈര്‍ഘ്യമുള്ള സിംഗിള്‍ ഷോട്ട് ക്ലൈമാക്‌സ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്. ലിജോ ജോസിലെ സംവിധായകന് നൂറില്‍ നുറാണ് മാര്‍ക്ക്.
തിരക്കഥാകൃത്തെന്ന നിലയില്‍ കന്നിയങ്കമാണെങ്കിലും ചെമ്പ വിനോദിന്റെ വാക്കുകളായിരുന്നു അങ്കമാലിയിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഓരോ വാക്കിലും ഓരോ വരിയിലും ഒരുപാട് കഥകളുണ്ടായിരുന്നു. അങ്കമാലിയുണ്ടായിരുന്നു. അധികമാര്‍ക്കും അറിയാത്ത ചൊരയുടെ മണമുള്ള അങ്കമാലിയെ കാണിച്ചു തരുന്നതില്‍ ഗിരീഷ് ഗംഗാധരന്റെ ക്യാമറയുടെ പങ്കും വളരെ പ്രധാനപ്പെട്ടത്. പ്രതിഭയുടെ കയ്യൊപ്പുളളതായിരുന്നു ഓരോ ഷോട്ടും ഫ്രെയിമും. ക്ലൈമാക്‌സിലെ സിംഗിള്‍ ഷോട്ടിനെക്കുറിച്ച് പറയാന്‍ വാക്കുകളല്ല.
പ്രശാന്ത് പിള്ളയുടെ സംഗീതമാണ് ചിത്രത്തിന്റെ മുഖ്യാകര്‍ഷണം. തെയ്യാമയും ദോ നൈനയുമെല്ലാം ചങ്കില്‍ താളം പിടിപ്പിക്കുന്നു. പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ്. കള്ളുഷാപ്പിലും ചായക്കടയിലും ഡെസ്‌ക്കില്‍ കൊട്ടി പാടുന്ന അങ്കമാലിക്കാരുടെ സ്വന്തം പാട്ടുകള്‍ പ്രേക്ഷകന്റേതുമാകുന്നു. ചിത്രത്തെ റിയലിസ്റ്റിക് ആക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചത് ഈ പാട്ടുകളായിരുന്നു.
താരപ്രഭയില്ലാതെ കഥാപാത്രങ്ങളായിരുന്നു ചിത്രത്തിന് ആവശ്യം. അതുകൊണ്ടു തന്നെയാണ് മുഴുവനും പുതുമുഖങ്ങള്‍ മതിയെന്ന് ലിജോ ജോസും തീരുമാനിച്ചത്. സംവിധായകന്റെ വിശ്വാസം അഭിനേതാക്കളും കാത്തു. ആരും അഭിനയിച്ചില്ല. ജീവിക്കുക തന്നെയായിരുന്നു. ഭാവിയില്‍ ഇവരറിയപ്പെടുക അങ്കമാലിക്കാരായി തന്നെയായിരിക്കും. പള്ളിയങ്ങാടി ഗ്യാങിലെ ഓരോ അംഗവും തന്റെ സ്ഥാനം അടയാളപ്പെടുത്തുന്നു.
നായകനായ ആന്റണി വര്‍ഗ്ഗീസ് മലയാള സിനിമയക്കൊരു വാഗ്ദാനമാണ്. കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് വിന്‍സെന്റ് പെപ്പയിലൂടെ ആന്റപ്പന്‍ തെളിയിച്ചിരിക്കുന്നു. പ്രേക്ഷകരുടെ കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം അപ്പാനി രവിയാണ്. കട്ട കലിപ്പനായ അപ്പാനി നോട്ടത്തിലും വര്‍ത്തമാനത്തിലും നില്‍പ്പില്‍ പോലും വ്യത്യസ്തനാണ്. ഗുണ്ട റോളുകളില്‍ തളച്ചിടാതെ ശരത്ത് കുമാറിനെ ഉപയോഗിക്കേണ്ടത് മലയാള സിനിമയുടെ ഉത്തരവാദിത്വമാണ്.
Final Verdict
ഓരോ താളിലും അങ്കമാലിയെ വരച്ചിട്ട ഡയറി. അങ്കമാലി ഡയറീസ് സിനിമയല്ല, അങ്കമാലിക്കാരുടെ ജീവിതമാണ്. കാഴ്ച്ചക്കാരേയും അങ്കമാലിക്കാരാക്കി മാറ്റുന്ന ലിജോ ജോസ് പള്ളിശ്ശേരിയുടെ സംവിധാന മികവിനും പള്ളിയങ്ങാടി ഗ്യാങിനും നൂറ് മാര്‍ക്ക്.