|

ആന്‍ഡേഴ്‌സന്റെ വിജയത്തിന് പിന്നില്‍ ഈ ഇന്ത്യന്‍ താരത്തിന്റെ 'ട്രിക്കാണ്'!

സ്പോര്‍ട്സ് ഡെസ്‌ക്

ലോകം കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍. 39 വയസായിട്ടും ഇപ്പോഴും എതിര്‍ ടീം ബാറ്റര്‍മാരുടെ പേടി സ്വപ്‌നമാണ് ആന്‍ഡേഴ്‌സണ്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് പരമ്പരയിലും ആന്‍ഡേഴ്‌സണ്‍ ഇത് തുടരുന്നു.

ആന്‍ഡേഴ്‌സന്റെ പ്രധാന ആയുധം സ്വിംഗ് ബൗളിംഗാണ്. ഇന്‍ സ്വിംഗും, ഔട്ട് സ്വിംഗും, റിവേഴ്‌സ് സ്വിംഗുമെല്ലാം എറിഞ്ഞ് ബാറ്റര്‍മാരെ വട്ടംകറക്കാന്‍ ആന്‍ഡേഴ്‌സണ്‍ സാധിക്കാറുണ്ട്. ഇതില്‍ തന്നെ ആന്‍ഡേഴ്‌സണ്‍ എറിയുന്ന റിവേഴ്‌സ് സ്വിംഗ് ബാറ്റര്‍മാര്‍ക്ക് കളിക്കാന്‍ പോലും സാധിക്കാതെ വരാറുണ്ട്.

താരത്തിന്റെ റിവേഴ്‌സ് സ്വിംഗിന്റെ രഹസ്യത്തിന്റെ ക്രെഡിറ്റ് ഇന്ത്യന്‍ പേസ് ഇതിഹാസമായ സഹീര്‍ ഖാനും കൂടെ അവകാശപ്പെട്ടതാണ്. പന്ത് കൈവെച്ച് മറച്ചുകൊണ്ട് റണ്‍ അപ്പ് എടുത്ത് എറിയാന്‍ വന്നാല്‍ ബോള്‍ ഏത് ദിശയിലേക്കാണ് തിരിയുന്നതെന്ന് മനസിലാക്കാന്‍ ബാറ്റര്‍മാര്‍ക്ക ബുദ്ധിമുട്ടാണ്. ഇതാണ് ആന്‍ഡേഴ്‌സണ്‍ വര്‍ഷങ്ങളായി പിന്തുടരുന്ന മാര്‍ഗവും.

ഈ രീതി തന്നെയായിരുന്നു ഒരു കാലത്തെ ഇന്ത്യന്‍ പേസിന്റെ കുന്തമുനയായിരുന്ന സഹീര്‍ ഖാനും ഉപയോഗിച്ചുകൊണ്ടിരുന്നത്. സഹീറില്‍ നിന്നുമാണ് താരം ഇത് പഠിച്ചെടുത്തത് എന്ന് മുന്‍കാലത്ത് വെളിപ്പെടുത്തിയിരുന്നു.

2016 ലായിരുന്നു ആന്‍ഡേഴ്‌സണ്‍ ഈ കാര്യം വെളിപ്പെടുത്തിയത്. പന്ത് ഒളിപ്പിച്ചുകൊണ്ട് പന്തെറിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അത് ഒരു കല തന്നെയാണ്. അതില്‍ വിജയിക്കാന്‍ സാധിച്ചവരാണ് സഹീറും ആന്‍ഡേഴ്‌സണും.

2007ല്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ സഹീറിന്റെ പന്ത്് കളിക്കാന്‍ ഇംഗ്ലണ്ടിന് ബുദ്ധിമുട്ടായിരുന്നുവെന്നും, അപ്പോഴായിരുന്നു താന്‍ ഈ കാര്യ മനസിലാക്കിയെടുത്തത് എന്നാണ് ആന്‍ഡേഴ്‌സണ്‍ അന്ന് പറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ പേസ് ബൗളറും ആന്‍ഡേഴ്‌സണ്‍ തന്നെയാണ്.

ഇന്ത്യക്കായി 92 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സഹീര്‍ 311 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2000ത്തില്‍ ഇന്ത്യക്കായി അരങ്ങേറിയ സഹീര്‍ 2015ലാണ് വിരമിച്ചത്. ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പില്‍ 21 വിക്കറ്റ് നേടി ഇന്ത്യന്‍ ബൗളിംഗ് നിരയെ നയിച്ചത് സഹീറായിരുന്നു. ടൂര്‍ണമെന്റിന്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് സഹീറും പാകിസ്ഥാന്‍ താരം ശാഹിദ് അഫ്രീദിയുമാണ്.

Content Highlights : Anderson is using trick of Zaheer Khan