അപ്പുവിനെ അയാള്‍ക്ക് അറിയില്ലായിരുന്നു; ആ സെക്യൂരിറ്റി അവനെ ബറോസിന്റെ സെറ്റിലേക്ക് കയറ്റിയില്ല: അനീഷ് ഉപാസന
Entertainment
അപ്പുവിനെ അയാള്‍ക്ക് അറിയില്ലായിരുന്നു; ആ സെക്യൂരിറ്റി അവനെ ബറോസിന്റെ സെറ്റിലേക്ക് കയറ്റിയില്ല: അനീഷ് ഉപാസന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th June 2024, 5:29 pm

ഫോട്ടോഗ്രാഫി, സംവിധാനം, തിരക്കഥയെഴുതല്‍ എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് അനീഷ് ഉപാസന. മോഹന്‍ലാലിനൊപ്പം നിരവധി പരസ്യം ഷൂട്ട് ചെയ്യുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്തയാളാണ് അനീഷ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് അദ്ദേഹം.

‘ബറോസിന്റെ സെറ്റിലേക്ക് പുറത്ത് നിന്ന് ആളുകളെ കയറ്റാറില്ല. ഒരു ദിവസം ഞാന്‍ സെറ്റിലെ പാര്‍ക്കിങ്ങില്‍ നില്‍ക്കുകയായിരുന്നു. അന്ന് സെക്യൂരിറ്റി എന്റെ അടുത്തേക്ക് വന്നു. ഏതോ ഒരാള്‍ വന്നിട്ട് അയാളുടെ ആരോ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പറയുന്നുവെന്ന് പറഞ്ഞു. പക്ഷെ പാസില്ലാതെ അയാളെ അകത്തേക്ക് കയറ്റാന്‍ ആകില്ലല്ലോയെന്ന് സെക്യൂരിറ്റി ചോദിച്ചു.

പാസില്ലാതെ ആരെയെങ്കിലും കയറ്റി വിട്ടാല്‍ സാര്‍ പ്രശ്‌നമാക്കുമെന്ന് ഞാന്‍ മറുപടി പറഞ്ഞു. അയാളോട് അകത്തേക്ക് കയറ്റി വിടാന്‍ പറ്റില്ലെന്ന് പറയുമ്പോള്‍ അയാള്‍ ചിരിക്കുന്നല്ലാതെ മറ്റൊന്നും പറയുന്നില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു. തലേ ദിവസം പുറത്ത് നിന്ന് ആരോ സെറ്റില്‍ കയറിയിരുന്നു. അതിന്റെ പേരില്‍ ബഹളവും ഉണ്ടായിരുന്നു.

അതുകൊണ്ടായിരുന്നു അയാളെ അകത്തേക്ക് കയറ്റി വിട്ടാല്‍ പ്രശ്‌നമാകുമെന്ന് ഞാന്‍ പറഞ്ഞത്. പോകാന്‍ പറഞ്ഞിട്ടും പോകാതെ അയാള്‍ വണ്ടിയില്‍ തന്നെ ഇരിക്കുകയാണെന്ന് സെക്യൂരിറ്റി പറഞ്ഞു. എന്നോട് ഒന്ന് അങ്ങോട്ട് വരുമോയെന്നും ചോദിച്ചു. ആ സെക്യൂരിറ്റി പുതുതായി ജോയിന്‍ ചെയ്ത ആളായിരുന്നു.

ഞാന്‍ പോയി നോക്കുമ്പോള്‍ പ്രണവായിരുന്നു അത്. ക്യാപ്പൊക്കെ വെച്ചിട്ടാണ് അവന്‍ ഇരിക്കുന്നത്. അപ്പൂ, വാ ഇറങ്ങെന്ന് ഞാന്‍ പറഞ്ഞു. സെക്യൂരിറ്റിയോട് അത് ലാല്‍ സാറിന്റെ മകനാണെന്നും പറഞ്ഞു. പ്രായമായ ആളായിരുന്നത് കാരണം അയാള്‍ക്ക് പ്രണവിനെ അറിയില്ലായിരുന്നു,’ അനീഷ് ഉപാസന പറഞ്ഞു.


Content Highlight: Aneesh Upasana Talks About Pranav Mohanlal