ആന്റണി ചേട്ടനില്ലാത്തതിനാല്‍ ലാല്‍ സാറിനെ കൊണ്ടുവരാനാകില്ലെന്ന് പറഞ്ഞു; എ.സിയോ ജനറേറ്ററോ ഇല്ലാത്തയിടത്ത് അഞ്ച് മണിക്കൂര്‍ ഷൂട്ട് ചെയ്തു: അനീഷ് ഉപാസന
Entertainment
ആന്റണി ചേട്ടനില്ലാത്തതിനാല്‍ ലാല്‍ സാറിനെ കൊണ്ടുവരാനാകില്ലെന്ന് പറഞ്ഞു; എ.സിയോ ജനറേറ്ററോ ഇല്ലാത്തയിടത്ത് അഞ്ച് മണിക്കൂര്‍ ഷൂട്ട് ചെയ്തു: അനീഷ് ഉപാസന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th June 2024, 10:43 pm

മോഹന്‍ലാലിനെ ഒരു മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനായി തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുവന്നതിനെ കുറിച്ച് പറയുകയാണ് അനീഷ് ഉപാസന. സംവിധായകന്‍, തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫര്‍ എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച് വ്യക്തിയാണ് അദ്ദേഹം. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനീഷ്.

‘പണ്ട് ‘മോഹന്‍ലാല്‍ സ്പെഷ്യല്‍’ എന്ന പേരില്‍ തൃശൂരില്‍ ഒരു മാഗസിന്‍ ഉണ്ടായിരുന്നു. അതിന് വേണ്ടി ഫോട്ടോഷൂട്ട് നടത്താന്‍ ഞാന്‍ ഒരിക്കല്‍ താജില്‍ വെച്ച് സാറിനെ ചെന്ന് കണ്ടു. ആ കോണ്‍സെപ്റ്റ് അദ്ദേഹത്തെ കാണിച്ചു കൊടുത്തു.

എവിടെ വെച്ചാണ് ഷൂട്ട് ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു ആദ്യം വന്ന ചോദ്യം. അവിടെ താഴെ തന്നെയാണെന്ന് പറഞ്ഞപ്പോള്‍ സാര്‍ റൂമിലെ കര്‍ട്ടണ്‍ മാറ്റിയിട്ട് ഇവിടെയാണോയെന്ന് ചോദിച്ചു. ആ സമയത്ത് താഴെ ഒരു കല്യാണം നടക്കുകയാണ്. അത് എനിക്ക് അറിയില്ലായിരുന്നു.

താഴെയാകും ലൊക്കേഷന്‍ എന്ന് മാത്രമാണ് അവര്‍ എന്നോട് പറഞ്ഞിരുന്നത്. ഇവിടെ നിന്ന് പറഞ്ഞ ലൊക്കേഷനാണ് അതെന്ന് ഞാന്‍ സാറിന് മറുപടി നല്‍കി. ഉടനെ ‘ഇവിടെ ഇറങ്ങി നിന്ന് ഞാന്‍ എങ്ങനെ ഷൂട്ട് ചെയ്യു’മെന്നായി സാറിന്റെ ചോദ്യം. ലാല്‍ സാര്‍ ആകെ ചൂടായി.

ആദ്യമായിട്ടായിരുന്നു ഞാന്‍ സാറിനടുത്ത് നിന്ന് സംസാരിക്കുന്നത്. ഞാന്‍ താജിലെ ആളുകളോട് ചോദിച്ചപ്പോള്‍ അതിന്റെ തൊട്ടടുത്ത് വെച്ച് ഷൂട്ട് ചെയ്തോളൂവെന്നാണ് പറഞ്ഞത്. ഇത്രയും ക്രൗഡ് അപ്പുറത്ത് നില്‍ക്കുമ്പോള്‍ അത് എന്തായാലും നടക്കാത്ത കാര്യമായിരുന്നു.

‘ഒട്ടും കോര്‍ഡിനേഷനില്ല. വളരെ മോശം. ഇങ്ങനെയാണോ വര്‍ക്ക് ചെയ്യുക’യെന്ന് പറഞ്ഞ് ലാല്‍ സാര്‍ വീണ്ടും ചൂടായി. ആ ദേഷ്യപെടുന്നതില്‍ ഒരു ക്യൂട്ട്നെസ് ഉണ്ടായിരുന്നു. പക്ഷെ എന്റെ കൈയ്യും കാലും വിറച്ചു. വേറെയേതെങ്കിലും സ്ഥലം നോക്കൂവെന്ന് സാര്‍ പറഞ്ഞു.

ഞാന്‍ എന്റെ സ്‌ക്രിപ്‌റ്റൊക്കെ മടക്കി പോകാന്‍ നേരം സാര്‍ എന്നോട് അവിടെ തന്നെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. സാര്‍ ഉടനെ മുരളിയെന്ന ആളെ വിളിച്ചു. അദ്ദേഹത്തോട് ഇയാള്‍ക്ക് എവിടെയെങ്കിലും ഫ്‌ളോര്‍ ഉണ്ടോയെന്ന് നോക്കാന്‍ പറഞ്ഞു. ഞാന്‍ താമസിക്കുന്ന സ്ഥലമുണ്ട്, അവിടെ തന്നെ ഞാന്‍ ഷൂട്ട് ചെയ്യാറുണ്ടെന്ന് പറഞ്ഞപ്പോള്‍ മുരളിയേട്ടന്‍ അത് പറ്റില്ലെന്നാണ് പറഞ്ഞത്.

പക്ഷെ ലാല്‍ സാര്‍ അയാളോട് ആ സ്ഥലം ഒന്നു പോയി നോക്കൂവെന്ന് പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും അവിടേക്ക് ചെന്നു. ഒരു ട്രാവല്‍സൊക്കെയുള്ള സ്ഥലത്തായിരുന്നു ആ സ്ഥലം. കുറച്ച് ക്രൗഡുള്ള ഏരിയ ആയത് കൊണ്ട് സാറിനെ അവിടെ കൊണ്ടുവരുന്നത് റിസ്‌ക്കായിരുന്നു. മുരളിയേട്ടനോട് ഞാന്‍ ഇത് കുറേനാളായി പ്ലാന്‍ ചെയ്യുന്ന ഫോട്ടോഷൂട്ടാണെന്നൊക്കെ പറഞ്ഞുനോക്കി.

അദ്ദേഹം അവിടെ ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലമായത് കൊണ്ട് ലാല്‍ സാറിനെ കൊണ്ടുവരാന്‍ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ ആന്റണി ചേട്ടനോ മറ്റുള്ളവരോയില്ലെന്നൊക്കെ പറഞ്ഞു. പക്ഷെ അവസാനം അന്ന് മുരളിയേട്ടന്‍ തന്നെയാണ് സാറിനെ വിളിച്ച് എല്ലാം താന്‍ തന്നെ ഹാന്‍ഡില്‍ ചെയ്‌തോളാമെന്ന് പറയുന്നത്. അങ്ങനെ ലാല്‍ സാറിനെ അവിടേക്ക് കൊണ്ടുവന്നു. അന്ന് അഞ്ച് മണിക്കൂര്‍ ആ ഷൂട്ടിങ്ങ് നീണ്ടു. അവിടെ എ.സിയോ കറന്റ് പോയാല്‍ ജനറേറ്ററോ ഉണ്ടായിരുന്നില്ല,’ അനീഷ് ഉപാസന പറഞ്ഞു.


Content Highlight: Aneesh Upasana Talks About Photoshoot With Mohanlal