| Thursday, 20th June 2024, 9:31 pm

ക്യൂവില്‍ കയറിനിന്ന അപ്പുവിനെ കാണിച്ചു കൊടുത്തതും 'അവന്‍ അവിടെ നിന്നിട്ടേ ഫുഡ് വാങ്ങുകയുള്ളു'വെന്ന് പറഞ്ഞു: അനീഷ് ഉപാസന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ചുറ്റുമുള്ളതൊന്നും എക്‌സൈറ്റ് ചെയ്യിക്കുന്ന കാര്യമേയല്ലെന്ന് പറയുകയാണ് അനീഷ് ഉപാസന. മോഹന്‍ലാലിനൊപ്പം നിരവധി പരസ്യം ഷൂട്ട് ചെയ്യുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്തയാളാണ് അനീഷ്. ഫോട്ടോഗ്രാഫിക്ക് പുറമെ സംവിധാനം, തിരക്കഥയെഴുതല്‍ എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തി കൂടെയാണ് അനീഷ് ഉപാസന.

മോഹന്‍ലാലിനെ കാണാന്‍ ബറോസിന്റെ സെറ്റിലെത്തിയ പ്രണവിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അനീഷ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബറോസിന്റെ സെറ്റില്‍ ഞങ്ങള്‍ അന്ന് ഭക്ഷണം കഴിക്കാന്‍ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ക്കൊക്കെ ഭക്ഷണം കൊണ്ടുവന്നു തന്നു. ഞങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചുറ്റും നോക്കി. പ്രൊഡക്ഷന്റെ ഫുഡൊക്കെ ഒരു ടേബിളില്‍ വെച്ചിട്ടാണ് കൊടുക്കുക. ഞാന്‍ നോക്കുമ്പോള്‍ ആ ക്യൂവില്‍ കയറി നില്‍ക്കുകയാണ് അപ്പു.

ഞാന്‍ ഫുഡ് കൊടുക്കാന്‍ നില്‍ക്കുന്ന ആളെ വിളിച്ച് ഇത് കാണിച്ചു കൊടുത്തപ്പോള്‍ അയാള്‍ പറഞ്ഞത് ‘ഇല്ല, അവന്‍ അവിടെ നിന്നിട്ടേ ഫുഡ് വാങ്ങുകയുള്ളു’ എന്നാണ്. അപ്പു ആ ക്യൂവില്‍ നിന്ന് ഭക്ഷണമെടുത്ത് ഒരു ഭാഗത്ത് പോയി ഇരുന്നു. ഹിന്ദിക്കാരൊക്കെ ഇരിക്കുന്നതിന് അടുത്തായിട്ടുള്ള ചെയറിലാണ് അവന്‍ പോയി ഇരുന്നത്. അത്ര സിമ്പിളാണ് പ്രണവ്.

അവനെ സംബന്ധിച്ചിടത്തോളം ചുറ്റുമുള്ളതൊന്നും എക്‌സൈറ്റ് ചെയ്യിക്കുന്ന കാര്യമേയല്ല. സെറ്റില്‍ വരുന്നു, അച്ഛനെ കാണുന്നു, ഭക്ഷണം കഴിക്കുന്നു, പോകുന്നു. എവിടുന്നോ വരുന്നു എങ്ങോട്ടോ പോകുന്നുവെന്ന രീതിയിലാണ് ആള്. ലാല്‍ സാര്‍ ഈ സമയത്ത് കാരവാനിലോ റൂമിലോ ആയിരിക്കും. അപ്പുവിനെ അവന്റെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിലൊന്നും സാര്‍ ഇടപെടാറില്ല,’ അനീഷ് ഉപാസന പറയുന്നു.


Content Highlight: Aneesh  Upasana Talks About Barroz Movie Location Incident With Pranav Mohanlal

We use cookies to give you the best possible experience. Learn more