Entertainment news
ഷൂട്ടിങ് കണ്ടപ്പോള്‍ ഉറക്കെ ഒച്ചയുണ്ടാക്കിയാലോ എന്ന് വിചാരിച്ചു; ലാലേട്ടന്‍ മാസ്: അനീഷ് ഉപാസന
ജയിലറില്‍ കാമിയോ റോളില്‍ വന്ന് വലിയ കയ്യടികള്‍ സ്വന്തമാക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍.
മാത്യു എന്ന മുംബൈ ഡോണായി ലാലേട്ടന്‍ തിയേറ്ററുകളില്‍ ആവേശം കൊള്ളിക്കുമ്പോള്‍ ജയിലര്‍ ചിത്രീകരണ സമയത്ത് ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അനീഷ് ഉപാസന.
ഇപ്പോള്‍ തിയേറ്ററുകളില്‍ ആവേശം കൊള്ളിക്കുന്ന സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ ആ ലോക്കേഷനില്‍ ഉണ്ടായിരുന്നുവെന്നും ഷൂട്ടിങ് കണ്ടപ്പോള്‍ തന്നെ വലിയ ആവേശമാണ് ഉണ്ടായതെന്നും അനീഷ് ഉപാസന പറയുന്നു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അനീഷ് ഉപാസന പഇക്കാര്യങ്ങള്‍ പറയുന്നത്.
അനീഷ് ഉപാസനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
അസിസ്റ്റന്റ് ഡിറക്റ്റര്‍ ലാല്‍ സാറിനെ വിളിക്കാന്‍ കാരവന്റെ അടുത്തെത്തിയപ്പോള്‍ ആരും ശ്രദ്ധിക്കാത്ത തരത്തില്‍ ഞാന്‍ അയാളോട് ചോദിച്ചു..
”പൊളിക്കില്ലേ..??”
അവനൊന്ന് ചിരിച്ചു.
എനിക്കൊന്നും മനസ്സിലായില്ല
പെട്ടെന്ന് കാരവനില്‍ നിന്നും ഇറങ്ങിയ ലാല്‍ സാര്‍.
”ഉപാസന പോയില്ലേ..??”
”ഇല്ല സാര്‍..സാറിനെയൊന്ന് ഈ ഡ്രസ്സില്‍ കണ്ടിട്ട് പോകാന്ന് കരുതി..”
”കണ്ടില്ലേ…എങ്ങനെയുണ്ട്…?”
”സാര്‍..ഒരു രക്ഷേം ഇല്ല…”
മറുപടിയെന്നോണം ഒരു ചെറിയ പുഞ്ചിരി..
പിന്നെ നേരെ ഷോട്ടിലേക്ക്…
ഒരു തുറസ്സായ സ്ഥലം
പൊരി വെയില്‍
ഏകദേശം 4 ക്യാമറകള്‍.
ലാല്‍ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്..
പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നില്‍ക്കുന്ന ഞാനും
സംവിധായകന്റെ ശബ്ദം.
”ലാല്‍ സാര്‍ റെഡി…??
”റെഡി സാര്‍…”
”റോള്‍ ക്യാമറ..
ആക്ഷന്‍…”
ലാല്‍ സാര്‍ ഒരു സ്റ്റെപ്പ് മുന്നിലേക്ക് വെച്ചു. ശേഷം കയ്യിലെ സിഗാര്‍ നേരെ ചുണ്ടിലേക്ക്…
എന്റെ പൊന്നേ…..മാസ്സ്…
സത്യം പറഞ്ഞാല്‍ ആ റോഡില്‍ നിലത്ത് മുട്ടും കുത്തി നിന്ന് ഉറക്കെ ഉച്ചയുണ്ടാക്കിയാലോ എന്ന് വരെ ചിന്തിച്ചു..
ബൗണ്‍സേഴ്‌സ് എടുത്ത് പറമ്പിലേക്കെറിയും എന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ അടങ്ങി..
ശേഷം ഞാന്‍
”സാര്‍ ഞാന്‍ പൊയ്‌ക്കോട്ടേ..?”
”ഇത്ര പെട്ടെന്നോ..??”
”എനിക്ക് ഇത് മതി സാര്‍…”
ചെറുതായൊന്ന് ചിരിച്ചു..
ഞാന്‍ തിരികെ നടക്കുമ്പോള്‍ ഒരു ചെറിയ ചിരിയോടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു..
അതേ സമയം ഞാന്‍ കേള്‍ക്കുന്നത് ആ ഷോട്ടിന് തീയറ്ററില്‍ ലഭിക്കുന്ന കയ്യടികളും ആര്‍പ്പ് വിളികളും മാത്രമായിരുന്നു.
Yes…this s the mohanlal…
ഇനി വാലിബന്റെ നാളുകള്‍…
NB : നമ്മളെല്ലാം ആര്‍ത്ത് വിളിച്ചത് ലാല്‍ സാര്‍ ചെയ്ത സിംഗിള്‍ ഷോട്ട് ആണ്
അതേസമയം ജയിലര്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ചിത്രം ഇതിനോടകം തന്നെ 300 കോടി കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു.
ചിത്രത്തിന്റെ അഞ്ച് ദിവസത്തെ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമുള്ള ഗ്രോസ് 122.83 കോടി രൂപയാണ്. കേരളത്തിലും ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.
നെല്‍സണ്‍ ദിലിപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Aneesh upasana shares the experince from jailer location