| Thursday, 30th July 2020, 4:54 pm

'അവന്റെ' എന്നതിന് പകരം 'അവളുടെ', ഉത്തരവ് പുറത്തിറക്കിയത് ഇന്നലത്തെ തിയതിയില്‍ ഇന്ന് പുലര്‍ച്ചെ; അനീഷ് പി.രാജന്റെ സ്ഥലം മാറ്റത്തിന് പിന്നില്‍ ബി.ജെ.പി ഇടപെടലെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പുറത്തെത്തിച്ച കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി. രാജനെ സ്ഥലം മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് സൂചന. കേസന്വേഷണം നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കെയാണ് അനീഷിനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്.

അനീഷ്. പി രാജന്റെ മേല്‍നോട്ടത്തില്‍ കേസ് നല്ലരീതിയില്‍ പുരോഗമിക്കെ സ്ഥലം മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന് വിമര്‍ശനമുയരുന്നുണ്ട്.

ഇന്നലത്തെ തിയതിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അനീഷിനെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്.

കേസിലെ പ്രധാനപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. അനീഷ് തന്നെയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്.

ചോദ്യം ചെയ്യല്‍ നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് സ്ഥലം മാറ്റം. കേസന്വേഷണത്തില്‍ പകരക്കാരനെ നിശ്ചയിക്കാതെയാണ് മാറ്റുന്നത്. സ്വപ്‌ന സുരേഷിനെ ആര് ചോദ്യം ചെയ്യുമെന്നും നിശ്ചയിച്ചിട്ടില്ല.

അനീഷ് പി.രാജനെ സ്ഥലം മാറ്റിയുള്ള ഉത്തരവില്‍ സാങ്കേതിക പിഴവുകളുമുണ്ട്. പുതിയ ജോലി സ്ഥലത്ത് ഉടന്‍ ചുമതലയേല്‍ക്കണമെന്നുള്ള ഭാഗത്ത് ‘അവന്റെ’ എന്നതിന് പകരം ‘അവളുടെ’ എന്നാണ് എഴുതിയിരിക്കുന്നത്.

അനീഷിനെ ധൃതിപ്പെട്ട് സ്ഥലം മാറ്റുകയായിരുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന ആരോപണം ഇതിനോടകം ശക്തമായിട്ടുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വി.എസ് ശ്യാംലാല്‍ സ്ഥലം മാറ്റ ഉത്തരവ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ബി.ജെ.പിക്ക് താല്‍പ്പര്യമുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി കസ്റ്റംസ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടെന്ന തോന്നല്‍ സമൂഹത്തില്‍ ശക്തമാണെന്നും മറിച്ചാണെന്ന് കസ്റ്റംസ് തെളിയിക്കട്ടെയെന്നുമായിരുന്നു സംഭവത്തില്‍ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പറഞ്ഞത്.

‘മുന്‍പ് കേരളത്തില്‍ നടന്ന മിക്ക സ്വര്‍ണ്ണ കള്ളക്കടത്തും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടിയാണെന്ന് തെളിയിച്ചതും അതൊക്കെ പിടിച്ചതും ശിക്ഷിച്ചതും നിരന്തരമായി സ്വര്‍ണ്ണവേട്ട തുടങ്ങിയതും സുമിത്ത്കുമാര്‍-അനീഷ് ടീം വന്നശേഷമാണ്.’

എന്‍.ഐ.എ കൂടി മറ്റു വിശദാംശങ്ങള്‍ അന്വേഷിക്കുന്നതിനാല്‍ കസ്റ്റംസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ആരെയെങ്കിലും സഹായിക്കാന്‍ പറ്റുമെന്നത് വെറും തെറ്റിദ്ധാരണ ആണ്. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥനെ പാതിവഴിയില്‍ മാറ്റിയാല്‍ അത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ കേസന്വേഷണത്തിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രതികള്‍ക്കനുകൂലമായി കസ്റ്റംസിലേക്ക് ഫോണ്‍ കോള്‍ വന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണം അനീഷ് പി. രാജന്‍ പരസ്യമായി നിഷേധിച്ചിരുന്നു. ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അനീഷ് പി രാജന് ഇടതുബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്ര ധനകാര്യം മന്ത്രാലയം ഇടപെട്ട് സ്ഥലം മാറ്റി ഉത്തരവിറക്കിയത്.

ഇന്നുതന്നെ കേരളത്തില്‍ നിന്നും ചുമതലയൊഴിയണമെന്നാണ് സ്ഥലം മാറ്റ ഉത്തരവില്‍ അനീഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച വൈകീട്ടാണ് കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തേക്ക് കേന്ദ്രം ഉത്തരവ് കൈമാറിയത്. ഇന്നാണ് അനീഷിന് ഉത്തരവ് കൈമാറിയത്. അടുത്ത മാസം പത്തിന് നാഗ്പൂരിലെ ഓഫീസില്‍ ജോയിന്‍ ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more