|

അവസരം ചോദിച്ചപ്പോൾ ആ വലിയ സംവിധായകൻ എന്നെ തളർത്തി, എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല: അനീഷ് മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയർ ആർട്ടിസ്റ്റായി തന്റെ സിനിമ കരിയർ ആരംഭിച്ച നടനാണ് അനീഷ് മേനോൻ. ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് അനീഷ് മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാരനാകുന്നത്.

സുഡാനി ഫ്രം നൈജീരിയ, കെ. എൽ.10 പത്ത്, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയ സിനിമകളിലെ അനീഷിന്റെ പ്രകടനമെല്ലാം ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ ഒരു വലിയ സംവിധായകനോട് അവസരം ചോദിക്കാൻ ചെന്നപ്പോഴുള്ള മോശം അനുഭവം പങ്കുവെക്കുകയാണ് അനീഷ്. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘വലിയൊരു സംവിധായകൻ. അദ്ദേഹം പുതുമുഖങ്ങളെ വെച്ച് ഒരു സിനിമ ചെയ്ത് വലിയ സൂപ്പർ ഹിറ്റായി. അദ്ദേഹത്തോട് എനിക്ക് വലിയ ആരാധനയാണ്. ഇപ്പോഴും നല്ല ഇഷ്ടമാണ്. ദൃശ്യമൊക്കെ കഴിഞ്ഞിട്ട് ഞാൻ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ പോയിരുന്നു. പുറത്തൊരു സ്വീകാര്യത കിട്ടുന്ന സമയമായിരുന്നു അത്.

ജൂനിയർ ആർട്ടിസ്റ്റിൽ നിന്നാണല്ലോ ഞാൻ വരുന്നത്. പക്ഷേ ആ സമയത്ത് ഞാൻ എവിടെ ചെന്നാലും എനിക്ക് സീറ്റ് തരുന്നു, സൗകര്യങ്ങൾ തരുന്നു അങ്ങനെയായിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയത് അദ്ദേഹത്തിന്റെ ഒരു സഹസംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും പറഞ്ഞിട്ടാണ് ഞാൻ പോയത്.

എന്നാൽ അദ്ദേഹം എന്നെ കണ്ടപ്പോൾ മുകളിൽ നിന്ന് ഇറങ്ങി വന്നിട്ട് നല്ല ദേഷ്യത്തിൽ എന്നോട് ചോദിച്ചു, ആര് പറഞ്ഞിട്ടാണ് ഇവിടെ വന്നതെന്ന്. അദ്ദേഹത്തിന് അതാണ് അറിയേണ്ടത്. ചിലപ്പോൾ അദ്ദേഹത്തിന്റെ ആ സമയത്തെ മൂഡായിരിക്കാം. ചിലപ്പോൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ തടസപ്പെടുത്തിയതാവാം. പക്ഷെ ഞാനൊരിക്കലും എന്റെ വീട്ടിൽ വന്ന ഒരാളോട് അങ്ങനെ പെരുമാറില്ല. അതെന്റെ ക്യാരക്ടർ.

അദ്ദേഹത്തിന് ആരു പറഞ്ഞിട്ടാണ് ഞാൻ വന്നത് എന്ന് മാത്രം അറിഞ്ഞാൽ മതി. ഞാൻ പറഞ്ഞു, എനിക്കറിയില്ല ഞാൻ അന്വേഷിച്ച് കണ്ടെത്തിയതാണ്. അവസരം തരണോ വേണ്ടയോ എന്നത് സാറിന്റെ ഇഷ്ടമാണെന്ന്.

പക്ഷെ അദ്ദേഹം എന്നോട് വളരെ മോശമായി, ദേഷ്യത്തോടെയാണ് സംസാരിച്ചത്. എനിക്കത് സഹിക്കാൻ പറ്റിയില്ല. നമ്മൾ ഉയർന്ന് വന്നുകൊണ്ടിരിക്കുകയാണെന്ന് തോന്നുന്ന സ്ഥലത്ത് നിന്ന് അതുപോലെ മുഴുവൻ നെഗറ്റീവ് അടിച്ച് കയറ്റിയിട്ട് താഴത്തേക്ക് ഇറക്കിയ പോലെ ആയിരുന്നു,’ അനീഷ് മേനോൻ പറയുന്നു.

Content Highlight: Aneesh Menon Talk About A Bad Experience With A Famous Director

Latest Stories