| Sunday, 3rd March 2024, 9:26 am

ആ നിമിഷത്തേക്കാൾ എനിക്ക് ഫീലായത് ദുൽഖറും ടൊവിയുമെല്ലാം എന്റെ മുഖത്തേക്ക് നോക്കിയതാണ്, അവർക്ക് കാര്യം മനസിലായി: അനീഷ് മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയർ ആർട്ടിസ്റ്റായി തന്റെ സിനിമ കരിയർ ആരംഭിച്ച നടനാണ് അനീഷ് മേനോൻ. ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് അനീഷ് മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാരനാകുന്നത്.

സുഡാനി ഫ്രം നൈജീരിയ, കെ. എൽ.10 പത്ത്, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയ സിനിമകളിലെ അനീഷിന്റെ പ്രകടനമെല്ലാം ശ്രദ്ധ നേടിയിരുന്നു. കെ. എൽ. 10 പത്ത് സിനിമയുടെ അനൗൺസ്മെന്റ് സമയം മലയാളത്തിലെ ഒരു വലിയ സംവിധായകനിൽ നിന്നുണ്ടായ അനുഭവം പങ്കുവെക്കുകയാണ് അനീഷ്. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അനീഷ്.

‘കെ. എൽ.10 പത്ത് സിനിമ അനൗൺസ് ചെയുന്ന സമയത്ത് എനിക്കൊരു അനുഭവം ഉണ്ടായി. അന്ന് ആ പരിപാടിയിൽ ദുൽഖറുണ്ട്, ടൊവിനോയുണ്ട്, ഉണ്ണി മുകുന്ദനുണ്ട് അങ്ങനെ കുറേ പേരുണ്ട്. മുഹ്സിന്റെ ആദ്യത്തെ പടമാണ്. അതുകൊണ്ട് തന്നെ അവൻ എന്നെയും സ്റ്റേജിലേക്ക് വിളിച്ചിരുന്നു.

ഞാൻ സ്റ്റേജിൽ അഞ്ചാമതായാണ് നിൽക്കുന്നത്. വേദിയിലുള്ള എല്ലാവരെയും നല്ല രീതിയിൽ അദ്ദേഹം അനൗൺസ് ചെയ്തു. ഒരു പ്രമുഖ സംവിധായകനാണ്. എല്ലാവരെയും കുറിച്ച് അദ്ദേഹം നല്ലത് പറയുന്നുണ്ട്.

അജുവിനെ കുറിച്ചൊക്കെ പറയുന്നുണ്ട്. ഞാൻ ഇങ്ങനെ സന്തോഷത്തോടെ തയ്യാറെടുക്കുകയാണ് മൈക്ക് കിട്ടാൻ വേണ്ടി. അദ്ദേഹത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഗംഭീര സംവിധായകനാണ്.

ഞാൻ മുഹ്‌സിനോട് പറയുകയും ചെയ്തു ഇദ്ദേഹത്തിന്റെ കൂടെ വർക്ക്‌ ചെയ്യുകയെന്നത് ഒരു വലിയ ഭാഗ്യമാണ്. സംവിധാനം ചെയ്യുന്ന സിനിമയല്ലെങ്കിലും വിതരണം ചെയ്യുന്നതാണെങ്കിലും ഒരുപാട് സന്തോഷമുണ്ട്. എന്റെ ഊഴം വന്നെത്തിയപ്പോൾ ഞാൻ മൈക്ക് വാങ്ങാനായി തയ്യാറായി നിൽക്കുമ്പോൾ അദ്ദേഹം എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് എല്ലാവരോടുമായിട്ട് പറഞ്ഞു, അപ്പോൾ പരിപാടി അവസാനിക്കുകയാണ് എല്ലാവർക്കും ഫുഡ്‌ കഴിച്ചിട്ട് പോവാമെന്ന്.

ആ ഒരു നിമിഷത്തേക്കാൾ എനിക്ക് ഫീൽ ചെയ്തത്, ദുൽഖറും ടൊവിയുമൊക്കെ അവിടെ ഇരിക്കുന്നുണ്ട്, അവരുടെ മുഖം എന്റെ ഫേസിൽ ആയിരുന്നു. അവർക്ക് മനസിലാവുമല്ലോ. മനുഷ്യൻമാരല്ലേ, കലാകാരൻമാരല്ലേ. എന്റെ ഫീലിങ്സ് അവർക്ക് മനസിലായി. അതെനിക്ക് വല്ലാത്ത വേദനയുണ്ടാക്കി. അപമാനിതനാവുകയെന്നതും നമ്മുടെ ക്യാരക്റ്ററിനെ ഇല്ലാതെയാക്കുന്നതുമെല്ലാം വല്ലാതെ വേദനിപ്പിക്കുന്ന കാര്യമാണ്,’ അനീഷ് മേനോൻ പറയുന്നു.

Content Highlight: Aneesh Menon Talk About A Bad Experience With A Director

Latest Stories

We use cookies to give you the best possible experience. Learn more