Malayalam Cinema
ഫൈറ്റ് എന്ന് പറഞ്ഞാല്‍ ടൊവിനോയ്ക്കും ഉണ്ണി മുകുന്ദനും ഭ്രാന്താണ്; മൂന്നാമത്തെ നിലയില്‍ നിന്നും താഴേക്ക് ചാടിയ അനുഭവം പങ്കുവെച്ച് അനീഷ് ഗോപാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 08, 10:30 am
Monday, 8th November 2021, 4:00 pm

പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്, ശങ്കര്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഭ്രമത്തില്‍ ഓട്ടോ ഡ്രൈവര്‍ ലോപ്പസായെത്തി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് അനീഷ് ഗോപാല്‍.

ചിത്രീകരണ സമയത്തുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനീഷ്. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളില്‍ അഭിനയിച്ചപ്പോഴുണ്ടായ ഭയത്തെ കുറിച്ചും അപകടത്തെ കുറിച്ചുമാണ് അനീഷ് സംസാരിക്കുന്നത്. ഒപ്പം സഹതാരങ്ങളായ ഉണ്ണി മുകുന്ദനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചുമെല്ലാം അനീഷ് പറയുന്നുണ്ട്.

‘ചിത്രത്തില്‍ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്നുള്ള രംഗമാണ്. മൂന്നാമത്തെ നിലയില്‍ നിന്ന് എന്നോട് താഴോട്ട് എടുത്തു ചാടാന്‍ പറഞ്ഞു. പണി നടക്കുന്ന കെട്ടിടമാണ്. താഴേക്ക് നോക്കിയപ്പോള്‍ ഇരുമ്പിന്റെ കമ്പനിയും മറ്റുമൊക്കെയുണ്ട്. ഒന്നാമത്തെ നിലയില്‍ നിന്നും താഴേക്ക് നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യനാണ് ഞാന്‍.

എന്തായാലും വേണ്ടില്ല, ശ്രമിച്ചു നോക്കാം എന്നനിലയില്‍ ഞാന്‍ സര്‍വ ശക്തിയും എടുത്ത് ചാടി. പിറകില്‍ ഒരു റോപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ. ചാടി കഴിഞ്ഞപ്പോള്‍ അയ്യോ എന്ന് പറഞ്ഞ് ആ കയറില്‍ മുറുക്കെയങ്ങ് പിടിച്ചു. നേരെ ഊര്‍ന്ന് അങ്ങ് ഇറങ്ങി. കൈയിലെ മുഴുവന്‍ തൊലിയും പോയി. കയറും പിടിച്ച് ക്യാമറയുടെ അടുത്ത് പോയി തട്ടി അതിന് ശേഷം ചുമരിലും തട്ടി നേരെ ആ വലയില്‍ പോയി കൊഞ്ച് കിടക്കുന്നതുപോലെ അങ്ങ് കിടന്നു.

പക്ഷേ ഉണ്ണിച്ചേട്ടനാണെങ്കില്‍ മൂന്നല്ല പത്താമത്തെ നിലയില്‍ നിന്ന് ചാടാന്‍ പറഞ്ഞാലും പുള്ളി ചാടും. അദ്ദേഹത്തിന് ഇതൊക്കെ ഭയങ്കര താത്പര്യം ആണ്. ഫൈറ്റ് എന്ന് പറഞ്ഞാല്‍ പുള്ളിക്ക് എന്തോ ഒരു ആക്രാന്തമാണ്. നമ്മള്‍ ഇത് കണ്ടിട്ട് ഇങ്ങനെ നോക്കി നില്‍ക്കും. ഇനിയും വേണമെങ്കില്‍ ചാടാമെന്നൊക്കെ പറയും. റോപ്പൊക്കെ കെട്ടിയിട്ട് ഒരു കുഴിലിലൂടെയൊക്കെ തലകുത്തി ചാടിമറയുന്നതൊക്കെ ഞാന്‍ ഇങ്ങനെ നോക്കി നിന്നിട്ടുണ്ട്.

പുള്ളി ചെയ്യുന്നത് കാണുമ്പോള്‍ തന്നെ പേടിയാകും. ടൊവിനോയും ഇങ്ങനെ തന്നെയാണ്. ഇവര്‍ക്കൊക്കെ ആക്ഷന്‍ സീന്‍ ചെയ്യുകയെന്ന് പറഞ്ഞാല്‍ ഒരു ഭ്രാന്താണ്. ഡ്യൂപ്പില്ലാതെയാണ് ഇവര്‍ ഇതൊക്കെ ചെയ്യുന്നത്. നമ്മളാണെങ്കില്‍ ഒരു പത്ത് ഡ്യൂപ്പെങ്കിലും വേണ്ടി വരും, അനീഷ് പറയുന്നു.

രാജുചേട്ടനെയൊക്കെ ദൂരെ ഇരുന്ന് കാണുന്നതാണ് നമുക്ക് ഇഷ്ടമെന്നും പിന്നെ പുള്ളിയെന്തെങ്കിലും ചോദിച്ചുകഴിഞ്ഞാല്‍ പറയാനുള്ള ഉത്തരമൊന്നും നമ്മുടെ കയ്യിലില്ലെന്നും (ചിരി) അനീഷ് പറയുന്നു. ഷൂട്ടിന്റെ സമയത്ത് ലോപ്പസേ എന്നായിരുന്നു അദ്ദേഹം വിളിക്കാറെന്നും ലോപ്പസ് ഇങ്ങനെ ഇരിക്ക് മാര്‍ത്ത ഇങ്ങനെ ചെയ്യ് എന്നൊക്ക ചില സജഷന്‍സ് പറയുമെന്നും അത് അടുത്ത ടേക്കില് ഒക്കെ ആയിരിക്കുമെന്നും അനീഷ് ഗോപാല്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content highlight: Aneesh Gopan About bramam shooting experiance