| Wednesday, 3rd January 2024, 8:54 pm

ലാലേട്ടന്റെ ആ ചിത്രത്തില്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു; എന്നാല്‍ പാതിയില്‍ ഇറങ്ങേണ്ടി വന്നു; കാരണം... അനീഷ് അന്‍വര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സക്കറിയയുടെ ഗര്‍ഭിണികള്‍, ബഷീറിന്റെ പ്രേമലേഖനം ഉള്‍പ്പെടെയുള്ള സിനിമകളുടെ സംവിധായകനാണ് അനീഷ് അന്‍വര്‍. നിരവധി സിനിമകളുടെ അസിസ്റ്ററ്റ് ഡയറക്ടറായിട്ടും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ നരന്‍ സിനിമയുടെ ഷൂട്ടിന് ഇടയില്‍ തനിക്ക് അതില്‍ നിന്ന് പിന്മാറേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് അനീഷ് അന്‍വര്‍. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലേട്ടന്റെ മാമ്പഴക്കാലം സിനിമ കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ ഉടയോന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ പോകുന്നത്. മാമ്പഴക്കാലം വളരെ ലൈറ്റായിട്ടുള്ള ഒരു സിനിമയായിരുന്നു. ഉടയോന്‍ സിനിമയുടെ ഷൂട്ടുണ്ടായിരുന്നത് പൊള്ളാച്ചിയില്‍ ആയിരുന്നു.

നല്ല ചൂടുള്ള സമയത്താണ് ഞങ്ങള്‍ പൊള്ളാച്ചിയിലേക്ക് പോകുന്നത്. അവിടെ പോയിട്ട് നാല്പത്തിയഞ്ച് ദിവസമായിരുന്നു ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. തുടക്കം മുതല്‍ക്കേ ലൊക്കേഷനില്‍ ഞാന്‍ ഉണ്ടായിരുന്നു. പക്ഷേ നാല്പത്തിയഞ്ച് ദിവസം പ്ലാന്‍ ചെയ്തിട്ട് ഷൂട്ട് ചെയ്ത് തീരുന്നത് എണ്‍പത് ദിവസം കൊണ്ടാണ്.

ഉടയോന്റെ ഷൂട്ട് അവസാനിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് ജോഷി സാറും നരന്‍ സിനിമയുടെ ടീമും ഞങ്ങളുടെ അതേ ഹോട്ടലില്‍ വന്നു. അവര്‍ അവിടെ നരന്‍ ഷൂട്ട് ചെയ്യാന്‍ പോകുകയായിരുന്നു. ഞാന്‍ ആണെങ്കില്‍ ആ സിനിമയിലും അസിസ്റ്റന്റ് ആണ്.

പകല്‍ ഉടയോന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞാല്‍ ഞാന്‍ രാത്രി നരന്റെ പ്ലാനിങ്ങില്‍ ഇരിക്കും. അങ്ങനെ ഉടയോന്‍ പാക്കപ്പ് ആയിട്ട് അവര്‍ പോയതും ഞാന്‍ നരന്‍ സിനിമയില്‍ ജോയിന്‍ ചെയ്തു. അതിലും നായകന്‍ ലാലേട്ടന്‍ തന്നെയാണല്ലോ.

അപ്പോള്‍ അന്ന് ലാലേട്ടന്‍ ചോദിച്ചത്, ‘എടാ നിനക്ക് സ്വന്തം പടം ചെയ്യണ്ടേ’ എന്നായിരുന്നു. അതെന്താണ് അങ്ങനെ ഒരു ചോദ്യമെന്ന് ചോദിച്ചപ്പോള്‍, ‘നീ ചത്തുപോകും’ എന്നായിരുന്നു. കാരണം ഞാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതിന്റെ ഇടയില്‍ കാലിന് ജീപ്പ് കയറിയിട്ടും മറ്റും ഒരുപാട് തവണ ഹോസ്പിറ്റലില്‍ ആയിരുന്നു.

അത് കഴിഞ്ഞ് വീണ്ടും അതേ സ്ഥലത്ത് ഷൂട്ടിന് വന്നത് കണ്ടിട്ടാണ് ലാലേട്ടന്‍ അത് പറഞ്ഞത്. ‘നിനക്ക് സിനിമ ചെയ്യാന്‍ പറ്റില്ല, നീ ചത്ത് പോകും’ എന്ന് പറഞ്ഞു. നരന്റെ ഷൂട്ടിങ്ങ് സമയത്ത് പിന്നെയും എനിക്ക് അസുഖങ്ങള്‍ വന്നു.

അങ്ങനെ ഞാന്‍ ജോഷി സാറിന്റെ അടുത്തേക്ക് ചെന്നു. സാറും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എനിക്ക് ഒട്ടും വയ്യെന്ന് സാര്‍ മനസിലാക്കിയിരുന്നു. എനിക്ക് ആ പടത്തില്‍ അസിസ്റ്റന്റായിട്ട് വര്‍ക്ക് ചെയ്യാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിന് കഴിയില്ലായിരുന്നു. അങ്ങനെ ഞാന്‍ സാറിനോട് പറഞ്ഞു, സാര്‍ എനിക്ക് ഒട്ടും വയ്യ. ഞാന്‍ വീട്ടിലേക്ക് പോകുകയാണ് എന്ന്. അപ്പോള്‍ സാര്‍ എന്നോട് പോയ്‌ക്കോളാന്‍ പറഞ്ഞു. അങ്ങനെ നരന്‍ സിനിമയുടെ പാതിയില്‍ ഞാന്‍ ഇറങ്ങി,’ അനീഷ് അന്‍വര്‍ പറഞ്ഞു.


Content Highlight: Aneesh Anwar Talks About Naran Movie

We use cookies to give you the best possible experience. Learn more