| Wednesday, 3rd January 2024, 10:18 pm

ദുല്‍ഖറും ഫഹദുമടക്കമുള്ള ആ വലിയ സ്റ്റാര്‍ കാസ്റ്റിങ് സിനിമ നിര്‍ത്തിവെക്കാനുള്ള കാരണം ഇതായിരുന്നു: അനീഷ് അന്‍വര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അങ്കമാലി ഡയറീസ് സിനിമക്ക് ശേഷം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഗാംങ്‌സ് ഓഫ് ബന്തടുക്ക എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ സിനിമയുടെ അപ്‌ഡേഷനുകളൊന്നും പിന്നീട് വന്നിരുന്നില്ല. ഇപ്പോള്‍ ആ സിനിമയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ അനീഷ് അന്‍വര്‍.

സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുല്‍ഖറും ഫഹദുമടക്കമുള്ള വന്‍ താരനിര ഈ സിനിമയിലൂടെ ഒന്നിക്കുമെന്ന് കേട്ടിരുന്നല്ലോയെന്നും പിന്നീട് എന്തായിരുന്നു ആ സിനിമക്ക് സംഭവിച്ചതെന്നുമുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനീഷ് അന്‍വര്‍.

‘ഗാംങ്‌സ് ഓഫ് ബന്തടുക്ക ഡ്രോപ്പായി. സത്യത്തില്‍ വിജയ് ബാബുവിന് ഒരുപാട് ഇഷ്ടപെട്ട ഒരു സ്‌ക്രിപ്റ്റ് ആയിരുന്നു അത്. എനിക്കും ഒരുപാട് ഇഷ്ടമായിരുന്നു. എന്നാല്‍ അത് ചെറിയ ഒരു പടമായിരുന്നില്ല. വലിയ ഒരു സിനിമ ചെയ്യാമെന്ന് കരുതിയായിരുന്നു അതുമായി മുന്നോട്ട് പോയത്.

മറ്റൊരാളായിരുന്നു സിനിമക്ക് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. പുള്ളി കാസര്‍ഗോഡ് ഉള്ള ആളായിരുന്നു. ആളുടെ കൂടെ ഞാന്‍ കാസര്‍ഗോഡ് പോയി നിന്നിരുന്നു. അവിടെയുള്ള ആളുകളുടെ അല്ലെങ്കില്‍ അവിടെ നടന്ന കഥയായിരുന്നു അത്.

ഒരുപാട് ആക്ഷനൊക്കെയുള്ള ഒരു സിനിമയായിരുന്നു ഗാംങ്‌സ് ഓഫ് ബന്തടുക്ക. അതേസമയം അങ്കമാലിയുടെ ടൈപ്പ് സിനിമ ആയിരുന്നില്ല. ഈ സിനിമ മറ്റൊരു സ്‌റ്റൈലില്‍ എടുക്കേണ്ട സിനിമയായിരുന്നു. അതില്‍ വലിയ സ്റ്റാര്‍ കാസ്റ്റിങ് ആണ് പ്ലാന്‍ ചെയ്തിരുന്നത്.

ദുല്‍ഖര്‍ അല്ലാതെ മെയിന്‍ സ്ട്രീമില്‍ ഹീറോ ആയിട്ട് ചെയ്യുന്ന ഒരാള്‍ ആയിരുന്നു. ആളുടെ പേരൊന്നും ഞാന്‍ പറയുന്നില്ല. അഞ്ചോ ആറോ ഹീറോസ് ഉണ്ടാവേണ്ട സിനിമയായിരുന്നു ഗാംങ്‌സ് ഓഫ് ബന്തടുക്ക. നാല്‍പത് വര്‍ഷത്തെ കഥയാണ് സിനിമയിലൂടെ പറയാന്‍ ആഗ്രഹിച്ചിരുന്നത്. അതിനിടയില്‍ പെട്ടെന്ന് എനിക്ക് തോന്നിയ ഒരു കാര്യം ഞാന്‍ ഫ്രെഡേ ഫിലിംസുമായി സംസാരിച്ചു.

പുതിയ ആള്‍ക്കാരെ വെച്ചിട്ടും ആലോചിക്കാവുന്ന ഒന്നാണ് ഈ സിനിമ. ഇത്രയും വലിയ ആര്‍ട്ടിസ്റ്റുകളെ കൊണ്ട് വന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അങ്ങനെ എല്ലാവരും കാസര്‍ഗോഡ്, കണ്ണൂര്‍ ഒക്കെ വന്ന് മൂന്ന് ദിവസം ഒഡീഷന്‍ വെച്ചു. എന്നാല്‍ പിന്നീട് പല പ്രശ്‌നങ്ങള്‍ വന്നു. എന്നിട്ടും അത് ചെയ്യണം എന്ന് പറഞ്ഞ് നില്‍ക്കുമ്പോഴാണ് പെട്ടെന്ന് കൊറോണ വരുന്നത്. അങ്ങനെ അത് സ്റ്റക്കായി,’ അനീഷ് അന്‍വര്‍ പറഞ്ഞു.


Content Highlight: Aneesh Anwar Talks About Gangs of Bandadka Movie

We use cookies to give you the best possible experience. Learn more