പ്രതിഫലത്തിന്റെ കാര്യത്തില്‍ മലയാളത്തിലെ എഴുത്തുകാര്‍ക്ക് വിവേചനമില്ല; അനീഷ് അന്‍വര്‍
Film News
പ്രതിഫലത്തിന്റെ കാര്യത്തില്‍ മലയാളത്തിലെ എഴുത്തുകാര്‍ക്ക് വിവേചനമില്ല; അനീഷ് അന്‍വര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st January 2024, 5:34 pm

എത്ര കാലം ഒരു സ്‌ക്രിപ്റ്റിന് വേണ്ടി ചെലവഴിച്ചു എന്നതിലല്ല ആ സ്‌ക്രിപ്റ്റ് ആളുകള്‍ അംഗീകരിക്കുമോ ഇല്ലയോ എന്നതിലാണ് അതിന്റെ മൂല്യമിരിക്കുന്നതെന്ന് പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ അനീഷ് അന്‍വര്‍. മലയാള സിനിമയില്‍ ഇപ്പോള്‍ അഭിനേതാക്കള്‍ക്കോ സംവിധായകര്‍ക്കോ ഛായാഗ്രഹകര്‍ക്കോ കിട്ടുന്ന പ്രതിഫലം എഴുത്തുകാര്‍ക്ക് ലഭിക്കുന്നില്ലെന്ന മിഥുന്‍ മാനുവല്‍ തോമസിന്റെ പ്രസ്താവനക്കുള്ള മറുപടിയായാണ് അനീഷ് ഇങ്ങനെ പറഞ്ഞത്. രാസ്ത എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് അനീഷിന്റെ പരാമര്‍ശം.

‘എഴുത്തുകാര്‍ക്കോ, അഭിനേതാക്കള്‍ക്കോ, സംവിധായകര്‍ക്കോ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിവേചനം ഉള്ളതായി തോന്നുന്നില്ല. ഞാന്‍ ഇപ്പോള്‍ റൈറ്ററാണെങ്കില്‍ എന്റെ കഥയ്ക്ക് ഇത്ര പ്രതിഫലം വേണം, അത് തീരുമാനിക്കേണ്ടത് കഥ കേള്‍ക്കുന്ന നിര്‍മാതാവാണ്. അയാള്‍ ഒരു ബിസിനസ് ചെയ്യുന്നയാളാണ്. ഇത്രയും പൈസയുടെ മൂല്യം ഈ കഥയ്ക്കുണ്ടെന്ന് തോന്നിയാല്‍ മാത്രമേ അത് നടക്കൂ.

ഞാന്‍ ഇപ്പോള്‍ രണ്ട് വര്‍ഷം എടുത്ത് എഴുതിയ കഥ നന്നാവണമെന്നില്ല. രണ്ട് വര്‍ഷം ഞാന്‍ ഈ കഥയ്ക്ക് വേണ്ടി ചിലവാക്കി എന്നതുകൊണ്ട് ആ കഥയ്ക്ക് മൂല്യമുണ്ടാകില്ല. എനിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനാണ് ലോഹിതദാസ്. അദ്ദേഹം കിരീടത്തിന്റെ തിരക്കഥ ഷൂട്ടിങ്ങിന് രണ്ട് ദിവസം മുന്നേയാണ് പൂര്‍ത്തിയാക്കിയത്. എന്നുകരുതി ആ തിരക്കഥക്ക് മൂല്യമില്ലാതാകുന്നില്ല. രണ്ട് വര്‍ഷം കൊണ്ട് എഴുതിയ സ്‌ക്രിപ്റ്റായാലും കുറച്ച് ദിവസം കൊണ്ടെഴുതിയ സ്‌ക്രിപ്റ്റായാലും അതിന്റെ മൂല്യം നിശ്ചയിക്കുന്നത് കണ്ടന്റാണ്. ഇത്രയും പൈസക്ക് എടുക്കാനുള്ളത് ഈ കഥയ്ക്കുണ്ടോ എന്ന് സംവിധായകനോ നിര്‍മാതാവോ ആണ് തീരുമാനിക്കേണ്ടത്.

മലയാള സിനിമയില്‍ എഴുത്തുകാരെ നല്ല രീതിയില്‍ പരിഗണിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. നല്ല സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ടെങ്കിലും അത് യഥാര്‍ത്ഥ സ്ഥലത്ത് എത്തിക്കാന്‍ പറ്റാത്ത അവസ്ഥകള്‍ ഉള്ളതായി തോന്നാറുണ്ട്.


പുതിയതായി വരുന്നവരില്‍ ചിലര്‍ക്ക് നല്ല രീതിയില്‍ കഥയെഴുതാനാവും, എന്നാല്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റുമെങ്കിലും എഴുതാന്‍ കഴിയില്ല. അങ്ങനെയുള്ളവരെ തനിക്കറിയാം,’ അനീഷ് പറഞ്ഞു.

ജനുവരി അഞ്ചിനാണ് അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത് സര്‍ജാനോ ഖാലിദ് നായകനായ സര്‍വൈവല്‍ ചിത്രം രാസ്ത തിയറ്റേറുകളിലെത്തുന്നത്.

Content Highlight: Aneesh Anwar says that there is no discrimination for Malayalam writers