അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി താലിബാന്‍ തങ്ങളുടെ ക്രൂരത തുടരുകയാണ്. അരാജകത്വവും, അസമത്വവും, അസ്വാതന്ത്ര്യവും കൈമുതലാക്കിയ താലിബാന് കീഴില്‍ ആബാലവൃദ്ധം ജനങ്ങളും ബുദ്ധിമുട്ടുകയാണ്. സ്ത്രീകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ശരിഅത് നിയമങ്ങള്‍ മാത്രമനുസരിച്ച് ജീവിച്ചാല്‍ മതിയെന്ന ഫത്വയും താലിബാന്റെ ഭാഗത്ത് നിന്നുണ്ട്.
ഇതിനിടയിലും പൊരുതാനുറച്ച മനസ്സുമായി മുന്നോട്ട് പോവുന്ന ഒരു പെണ്ണുണ്ട് അഫ്ഗാനിസ്ഥാനില്‍. അഫ്ഗാനിസ്ഥാനിലെ പ്രശസ്തമായ മാധ്യമസ്ഥാപനമായ ടോളോ ന്യൂസിലെ ജേര്‍ണലിസ്റ്റായ അനീസ ഷഹീദ്.
ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഫ്ഗാനെ കുറിച്ചുള്ള തന്റെ ആകുലതകള്‍ പങ്കുവെക്കുകയാണ് അനീസ.
ഏറെ പ്രയാസമുള്ള ജോലിയാണ് മാധ്യമപ്രവര്‍ത്തനം. ‘2001ന് ശേഷം അഫ്ഗാനില്‍ ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ പേടിച്ച് പിന്മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.,’- അനീസ പറയുന്നു.
താലിബാന്‍ ഭരണത്തിന് കീഴിലായിരുന്നു അനീസയുടെ ബാല്യവും സ്‌കൂള്‍ പഠനവും. ഏറെ ഭീകരമായിരുന്നു ആ കാലം. സ്‌കൂളിലേക്ക് തിരിച്ചു പോവുന്ന കാലത്തക്കുറിച്ച് താന്‍ സ്വപ്നം കാണാറുണ്ടായിരുന്നുവെന്ന് അനീസ പറയുന്നു.
അഫ്ഗാനില്‍ നിന്നും താലിബാന്‍ പിന്‍വാങ്ങിയതോടെ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അനീസ പഠനം പൂര്‍ത്തിയാക്കി.
‘എന്നെ ഒരു അധ്യാപികയാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. മാധ്യമപ്രവര്‍ത്തകയാകണമെന്ന ആഗ്രഹം അവര്‍ക്കൊരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. മാധ്യമപ്രവര്‍ത്തകയായില്ലെങ്കില്‍ ഞാനൊന്നുമാവില്ല. വീട്ടില്‍ തന്നെയിരിക്കും എന്ന വാശിക്ക് മുന്നില്‍ അവര്‍ കീഴടങ്ങുകയായിരുന്നു. നാലഞ്ച് വര്‍ഷം എന്നെയതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. പിന്നീട് അവരത് അവസാനിപ്പിച്ചു. എന്റെ സുരക്ഷയെക്കുറിച്ചാണ് അവര്‍ക്ക് ആശങ്ക. ആരുമറിയാത്ത ഒരുപാട് കഥകളുണ്ട് അഫ്ഗാനിസ്ഥാന്. അത് ലോകത്തോട് വിളിച്ച് പറയാനാണ് ഞാനാഗ്രഹിക്കുന്നത്,’ അനീസ പറയുന്നു.
സുരക്ഷാപ്രശ്നങ്ങള്‍ ഒരുപാടുണ്ട് അനീസയ്ക്ക്. ഓരോ ദിവസവും ഓരോ വഴിയിലൂടെയാണ് അവര്‍ ജോലിക്ക് പോകുന്നത്. ഒരുപാട് സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഇതിനോടകം തന്നെ അനീസയ്ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞു. ഓരോ സംഭവവും എന്നെ തള്ളിയിടുന്നത് പ്രതീക്ഷയില്ലായ്മയിലേക്കാണ് അനീസ പറയുന്നു.
സുരക്ഷാപ്രശ്നങ്ങള്‍ മാത്രമല്ല ലിംഗവിവേചനവും താന്‍ അനുഭവിക്കുന്നുണ്ടെന്നും അനീസ പറയുന്നു. ഒരിക്കല്‍ ഒരു താലിബാന്‍ നേതാവിന്റെ ഇന്റര്‍വ്യൂ എടുക്കാനായി ചെന്നപ്പോള്‍ താനൊരു വനിതാ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കില്ലെന്നും തനിക്ക് പകരം തന്റെ ക്യാമറാമാനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും അനീസ കൂട്ടിച്ചേര്‍ക്കുന്നു.
ഓരോ ദിവസവും നടക്കുന്ന ആക്രമങ്ങളും തന്നെ വൈകാരികമായി തളര്‍ത്തുന്നുണ്ട്. അപകടം പറ്റിയ കുഞ്ഞുങ്ങളുടെ അടുത്ത് റിപ്പോര്‍ട്ടിംഗിന് ചെല്ലുന്നതിനേക്കാള്‍ വലിയ വേദന മറ്റൊന്നില്ല. ഒരു കുഞ്ഞിന്റെ അവകാശം നിഷേധിക്കപ്പെടുന്നത്, ഒരു കുഞ്ഞ് കരയുന്നത്, അടിച്ചമര്‍ത്തപ്പെട്ട ഒരു സ്ത്രീയുടെ കരച്ചില്‍ ഇവയോളം വേദന പകരുന്ന മറ്റൊന്നുമില്ലന്നും അനീസ പറയുന്നു.
മാധ്യമരംഗത്ത് അനീസയുടെ ധൈര്യപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ പലവുരു ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഫ്രീ സ്പീച്ച് ഹബ് അവരെ ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിട്ടുണ്ട്.
കഴിഞ്ഞ 20 വര്‍ഷക്കാലത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും കഠിനാധ്വാനവും നേട്ടവും ഇല്ലാതെയായിപ്പോകുന്നുവെന്ന് താന്‍ ഭയക്കുന്നു എന്നും സംസാരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലാതെയാവുമെന്ന് ഭയക്കുന്നുണ്ടെന്നും അനീസ പറയുന്നു.
‘അഫ്ഗാനിസ്ഥാന്റെ എല്ലാ പ്രവിശ്യയിലൂടെയും സഞ്ചരിച്ച് അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണവും വികസനവും ഭംഗിയും റിപ്പോര്‍ട്ട് ചെയ്യണം. ഇതാണെന്റെ സ്വപ്നം,” അനീസയുടെ വാക്കുകളില്‍ പ്രത്യാശ നിറയുകയാണ്.
ഒരു നല്ല വാര്‍ത്ത കേള്‍ക്കാനായി ഓരോ അഫ്ഗാന്‍ പൗരനും ആഗ്രഹിക്കുന്നുണ്ടെന്നും, സമാധാനപൂര്‍ണമായ അഫ്ഗാനിസ്ഥാനെയാണ് താനും അഗ്രഹിക്കുന്നതെന്നും അനീസ ബി.ബി.സിയോട് പറഞ്ഞു.