|

ബുംറയ്ക്ക് കൂടുതല്‍ വിക്കറ്റുകളുണ്ടാകാം, എന്നാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ മറ്റൊരാള്‍: വിന്‍ഡീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയെ പ്രകീര്‍ത്തിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ആന്‍ഡി റോബര്‍ട്‌സ്. ഷമിയെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

സൂപ്പര്‍ താരം ജസ്പ്രീത് ബുംറക്ക് ഷമിയേക്കാളേറെ വിക്കറ്റുകളുണ്ടെങ്കിലും ഷമി ഒരു കംപ്ലീറ്റ് പാക്കേജ് ആണെന്നായിരുന്നു വിന്‍ഡീസിന്റെ സുവര്‍ണ കാലഘട്ടത്തിലെ പ്രധാനിയായിരുന്ന റോബര്‍ട്‌സിന്റെ വിലയിരുത്തല്‍.

മിഡ് ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഷമിയെ പ്രശംസിച്ചത്.

‘കുറച്ചുകാലമായി മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍. ജസ്പ്രീത് ബുംറ വീഴ്ത്തുന്നത് പോലെ ഒരുപാട് വിക്കറ്റുകള്‍ അവന് നേടാന്‍ സാധിക്കണമെന്നില്ല, പക്ഷേ അവന്‍ ഒരു കംപ്ലീറ്റ് പാക്കേജാണ്. ടീമിലെ മറ്റേത് ബൗളര്‍മാരെക്കാളും സ്ഥിരതയോടെ പന്തെറിയുന്നതും അവന്‍ തന്നെയാണ്.

ഷമിക്ക് വളരെ മികച്ച രീതിയില്‍ പന്ത് സ്വിങ് ചെയ്യാന്‍ സാധിക്കും. സീമിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ബുംറയ്ക്ക് എത്രത്തോളം പന്തടക്കമുണ്ടോ, അത്രയും തന്നെ ഷമിക്കുമുണ്ട്,’ ആന്‍ഡി റോബര്‍ട്‌സ് പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ രണ്ടാമത് മികച്ച പേസറായ മുഹമ്മദ് സിറാജിന് ഷമിയുടെ ക്ലാസിനൊപ്പമെത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓസ്‌ട്രേലിയയില്‍ ബുംറക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച പേസറായ മുഹമ്മദ് സിറാജിന് ഷമിയുടെ ക്ലാസിനൊപ്പമെത്താന്‍ സാധിക്കില്ല. ഷമി തീര്‍ച്ചയായും കളിക്കണം. മുഹമ്മദ് സിറാജ് ഷമിയുടെ അടുത്തുപോലും എത്തില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്‍ഡി റോബര്‍ട്‌സ് പറഞ്ഞതുപോലെ ഷമി ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കണമെന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. മുന്‍ പാക് താരം ബാസിത് അലി അടക്കമുള്ളവര്‍ ഗാബയില്‍ ഷമി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

നാലാം ടെസ്റ്റിനായി കാത്തിരിക്കരുതെന്നും ബ്രിസ്ബെയ്ന്‍ ടെസ്റ്റില്‍ തന്നെ ഷമിയെ ടീമിന്റെ ഭാഗമാക്കണമെന്നുമാണ് ബാസിത് അലി ആവശ്യപ്പെടുന്നത്.

‘നാലാം ടെസ്റ്റ് മുതല്‍ മുഹമ്മദ് ഷമി ഇന്ത്യക്കായി കളിച്ചേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നാലാം ടെസ്റ്റ് മുതലാണ് കളിക്കുന്നതെങ്കില്‍ അത് ഇന്ത്യക്ക് ഒട്ടും ഗുണകരമാകില്ല. അവനെ ഇപ്പോള്‍ തന്നെ ടീമിന്റെ ഭാഗമാക്കൂ, ബ്രിസ്ബെയ്നില്‍ അവന്‍ കളിക്കട്ടെ.

മെല്‍ബണ്‍ ടെസ്റ്റിലേക്കാണ് നിങ്ങളവനെ കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇന്ത്യക്ക് ഇപ്പോഴാണ് ഷമിയെ ആവശ്യമുള്ളത്. നിങ്ങളുടെ പേസ് നിരയ്ക്ക് ഷമിയെ ആവശ്യമാണ്,’ ബാസിത് അലി പറഞ്ഞു.

ഷമിയുടെ സമീപകാല പ്രകടനം

2023 ഏകദിന ലോകകപ്പിനിടെയാണ് മുഹമ്മദ് ഷമിക്ക് പരിക്കേറ്റത്. ഈ പരിക്കിന് പിന്നാലെ താരത്തിന് 2024 ഐ.പി.എല്ലും ടി-20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു. ആരോഗ്യം വീണ്ടെടുത്ത താരം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാവുകയാണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ഓള്‍ റൗണ്ട് മികവില്‍ ബംഗാള്‍ ചണ്ഡിഗഢിനെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ത്രില്ലറില്‍ മൂന്ന് റണ്‍സിനാണ് ബംഗാള്‍ ജയിച്ചത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയാണ് ബംഗാളിന്റെ ഹീറോ. 17 പന്തില്‍ പുറത്താവാതെ 32 റണ്‍സെടുത്ത ഷമി പന്തെറിയാനെത്തിയപ്പോള്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ബംഗാള്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഛണ്ഡിഗഢിന്റെ പോരാട്ടം ഒമ്പത് വിക്കറ്റില്‍ 156 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു.

Content Highlight: Andy Roberts praises Mohammed Shami

Latest Stories