Sports News
ICC = BCCI! നാളെ ഇന്ത്യ വൈഡും നോ ബോളും വേണ്ടെന്ന് പറഞ്ഞാല്‍ ICC അതിനും വഴങ്ങും; തുറന്നടിച്ച് ഒറിജിനല്‍ ഹിറ്റ്മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 12, 12:17 pm
Wednesday, 12th March 2025, 5:47 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ എല്ലാ മത്സരങ്ങളും ഇന്ത്യ ഒരേ വേദിയില്‍ കളിക്കുന്നതിനെതിരെ മുന്‍ സൂപ്പര്‍ താരങ്ങളടക്കം പലരും രംഗത്തുവന്നിരുന്നു. തങ്ങളുടെ ഓരോ മത്സരങ്ങള്‍ക്കുമായി മറ്റ് ടീമുകള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യുമ്പോള്‍ ഇന്ത്യ ഒരേ സ്‌റ്റേഡിയത്തില്‍ ഒരേ സാഹചര്യത്തില്‍ തന്നെ എല്ലാ മത്സരങ്ങളും കളിക്കുന്നതിനെതിരെയാണ് ഇവര്‍ രംഗത്തെത്തിയത്.

പാകിസ്ഥാന്‍ ആതിഥേയരാകുന്ന ടൂര്‍ണമെന്റില്‍ പാകിസ്ഥാനിലെത്തി കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെയാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരവും സെമി ഫൈനലും ഫൈനലും ഇതേ വേദിയില്‍ കളിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.

 

ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നേടിയ ‘അണ്‍ഫെയര്‍’ അഡ്വാന്റേജിനെ കുറിച്ച് സംസാരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ പേസര്‍ ‘ദി ഹിറ്റ്മാന്‍’ ആന്‍ഡി റോബര്‍ട്‌സ്.

ഐ.സി.സിയെന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണെന്ന് വിമര്‍ശിച്ച അദ്ദേഹം ഇന്ത്യയ്ക്കായി ക്രിക്കറ്റ് നിയമങ്ങള്‍ മാറ്റിയെഴുതാനും ഐ.സി.സി തയ്യാറാകുമെന്നും കൂട്ടിച്ചേര്‍ത്തു.

മിഡ് ഡേയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്നെ സംബന്ധിച്ച് ഐ.സി.സി എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡാണ്. ഇന്ത്യയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. ഭാവിയില്‍ ഇന്ത്യ ക്രിക്കറ്റില്‍ നോ ബോളോ വൈഡോ ആവശ്യമില്ല എന്ന് പറഞ്ഞാല്‍, എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, ഇന്ത്യയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഐ.സി.സി ഇതിനും ഒരു കാരണം കണ്ടെത്തും.

ഒരു ടൂര്‍ണമെന്റില്‍ ഒരു ടീമിന് മാത്രം എങ്ങനെ മാറ്റ് സ്‌റ്റേഡിയങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കാന്‍ സാധിക്കും? ചിലപ്പോയെഴെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് നോ പറയാന്‍ ഐ.സി.സി തയ്യാറാകണം. ഇത് ഒരിക്കലും ന്യായമല്ല, ക്രിക്കറ്റ് അല്ല.

ഏതൊരു ടൂര്‍ണമെന്റിനും തുല്യമായ ഒരു കളിസ്ഥലം ഉണ്ടായിരിക്കണം. ഇന്ത്യയില്‍ നിന്ന് ധാരാളം പണം വരുന്നുണ്ടെന്ന് എനിക്കറിയാം, പക്ഷേ ക്രിക്കറ്റ് ഒരു രാജ്യത്തിന്റെ മാത്രം കായിക വിനോദമാകരുത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്‍ഡി റോബര്‍ട്‌സ്

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ പ്രധാനിയായിരുന്നു ഹിറ്റ്മാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട ആന്‍ഡി റോബര്‍ട്‌സ്. ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കുന്ന വന്യമായ വേഗതയും അളന്നുമുറിച്ചുള്ള ബൗണ്‍സറുകളും ഹിറ്റ്മാന്‍ എന്ന വിളിപ്പേര് ക്രിക്കറ്റ് ലോകം അദ്ദേഹത്തിന് ചാര്‍ത്തി നല്‍കി.

1975, 1979 ലോകകപ്പുകളില്‍ വെസ്റ്റ് ഇന്‍ഡീസിനെ കിരീടത്തിലേക്ക് നയിച്ചതിന്‍ ആന്‍ഡി റോബര്‍ട്‌സിന്റെ പങ്ക് വളരെ വലുതായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനായി കളിച്ച 47 ടെസ്റ്റില്‍ നിന്നും 25.61 ശരാശരിയില്‍ 202 വിക്കറ്റും 56 ഏകദിനത്തില്‍ നിന്നും 20.35 ശരാശരിയില്‍ 87 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

 

Content Highlight: Andy Roberts criticize ICC for favoring India in ICC Champions Trophy