|

ഐ.സി.സി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിനിധീകരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. സുരക്ഷാ കാരണങ്ങള്‍കൊണ്ടാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലായിരുന്നു നടത്തിയത്. എന്നാല്‍ ബി.സി.സി.ഐ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും അനുസരിക്കുന്നു എന്നാരോപിച്ച് ഐ.സി.സിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ആന്‍ഡി റോബര്‍ട്ട്‌സ്.

ദുബായില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളിലും 2024ലെ ടി-20 ലോകകപ്പിലും ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കിയെന്ന് പറഞ്ഞാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഐ.സി.സിയെ വിമര്‍ശിച്ചത്. ടി-20 ലോകകപ്പില്‍ ഗയാനയില്‍ ഇംഗ്ലണ്ടിനെതിരെ സെമിഫൈനല്‍ മത്സരം ഇന്ത്യ മുന്‍കൂട്ടി അറിഞ്ഞിരുന്നതിനാലാണ് ലോകകപ്പ് ലഭിച്ചതെന്ന് മുന്‍ താരം മിഡ്-ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇതിന് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല… ഇന്ത്യയ്ക്ക് എല്ലാം നേടാനാവില്ല. ഐ.സി.സി സാഹചര്യങ്ങള്‍ അനുസരിച്ച് ഇന്ത്യയോട് ‘നോ’ പറയേണ്ടി വരും. കഴിഞ്ഞ വര്‍ഷത്തെ ടി-20 ലോകകപ്പില്‍ പോലും ഇന്ത്യയ്ക്ക് മുന്‍തൂക്കം ഉണ്ടായിരുന്നു. അവിടെ അവരുടെ സെമിഫൈനല്‍ നടക്കുമെന്ന് അവര്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. മാത്രമല്ല, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് യാത്ര ചെയ്യേണ്ടി വന്നില്ല. ഒരു ടൂര്‍ണമെന്റില്‍ ഒരു ടീമിന് എങ്ങനെ യാത്ര ചെയ്യാതിരിക്കാന്‍ കഴിയും?

ഐ.സി.സി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിനിധീകരിക്കുന്നു. ഇന്ത്യയാണ് എല്ലാം നിര്‍ദേശിക്കുന്നത്. നാളെ ഇന്ത്യ ‘നോ-ബോളുകളും വൈഡുകളും വേണ്ടന്ന് പറഞ്ഞാല്‍ എന്താവും, എനിക്ക് തോന്നുന്നത് ഇന്ത്യയെ തൃപ്തിപ്പെടുത്താന്‍ ഐ.സി.സി എപ്പോഴും ഒരു വഴി കണ്ടെത്തും,’ റോബര്‍ട്ട്‌സ് പറഞ്ഞു.

പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റ് ഹൈബ്രിഡ് മാതൃകയില്‍ പാകിസ്ഥാനിലും ദുബായിലുമായാണ് നടന്നത്. 2024-2027 സൈക്കിളില്‍ പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന എല്ലാ മത്സരങ്ങളിലും ഇന്ത്യ നിഷ്പക്ഷ വേദിയിലാണ് കളിക്കുകയെന്നും ഐ.സി.സി ബോര്‍ഡ് മീറ്റിങ്ങില്‍ തീരുമാനിച്ചിരുന്നു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിജയിച്ചുകയറിയത്. 83 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്.

Content Highlight: Andy Roberts Criticize I.C.C For Favoring B.C.C.I