| Friday, 8th April 2016, 8:39 am

ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; 104 ആപ്പുകളില്‍ ട്രോജന്‍ വൈറസുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് വീണ്ടും മോശം വാര്‍ത്ത. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 104 ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ട്രോജന്‍ വൈറസുകളുള്ളതായി റഷ്യ കണ്ടെത്തി. ആന്‍ഡ്രോയിഡ്.സ്‌പൈ.277 (Android.Spy.277) എന്ന മാല്‍വെയറാണ് കണ്ടെത്തിയിരിക്കുന്നത്.

3.2 മില്ല്യണ്‍ ആളുകള്‍ ഇതുവരെ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും റഷ്യയുടെ സുരക്ഷാ ഗവേഷകര്‍ വ്യക്തമാക്കി. ഗെയിമുകള്‍, ഫോട്ടോ എഡിറ്റര്‍ ആപ്പുകള്‍, വിഡിയോ പ്ലേയര്‍ തുടങ്ങിയ ആപ്പുകളിലാണ് ഈ മാല്‍വെയര്‍ ഉള്ളത്.

സ്മാര്‍ട്ട് ഫോണുകളിലെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താനും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ശേഷിയുള്ള അപകടകാരിയാണ് ഈ ട്രോജന്‍ വൈറസെന്നും റഷ്യ പറയുന്നു. വൈറസ് ബാധിച്ച ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ആപ്പ് ഉദ്ദേശിച്ച രീതിയില്‍ ഫോണില്‍ പ്രവര്‍ത്തിക്കില്ല. പകരം അതിലെ വൈറസ്, സ്മാര്‍ട്ട്‌ഫോണിലുള്ള സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് ഹാക്കര്‍മാരുടെ സെര്‍വറിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.

ഫോണിന്റെ ഐ.എം.ഇ.ഐ കോഡ്, യൂസറുടെ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ സ്വകാര്യവിവരങ്ങളെല്ലാം തന്നെ ഹാക്കര്‍മാര്‍ കൈക്കലാക്കും. വൈറസ് ബാധിച്ച ആപ്പുകള്‍ ഓരോ പ്രാവശ്യവും തുറക്കുമ്പോള്‍ വിവരങ്ങളെല്ലാം ഹാക്കര്‍മാരുടെ പക്കലെത്തുമെന്നാണ് വിവരം. അതേസമയം, വൈറസ് ബാധയുടെ വിവരങ്ങള്‍ റഷ്യ ഗൂഗിളിനെ അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more