ഇന്റര്‍നാഷണല്‍ ലീഗ് ടി-ട്വന്റിയില്‍ ഡെസേര്‍ട്ട് വൈപ്പേഴ്‌സിനെതിരെ അബുദാബി നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ അബുദാബി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഡെസേര്‍ട്ട് വൈപ്പേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അബുദാബി 17.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
അബുദാബിയെ വിജയത്തില്‍ എത്തിച്ചത് ആന്‍ഡ്രീസ് ഗൗസിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ്. 50 പന്തില്‍ നിന്നും ഏഴ് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 95 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 190 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു ഗൗസ് മിന്നും പ്രകടനം കാഴ്ച വച്ചത്. വെറും അഞ്ച് റണ്‍സിനാണ് താരത്തിന് ടൂര്‍ണമെന്റിലെ ആദ്യ സെഞ്ച്വറി നഷ്ടമായത്. സൗത്ത് ആഫ്രിക്കയുടെ യുവ താരമാണ് ഗൗസ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 60 മത്സരങ്ങളിലെ 97 ഇന്നിങ്‌സില്‍ നിന്നും 3746 റണ്‍സ് ആണ് താരം നേടിയത്. 256 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഗൗസ് സ്വന്തമാക്കിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 54 ഇന്നിങ്‌സില്‍ നിന്നും 163 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ അടക്കം 1861 റണ്‍സും താരത്തിനുണ്ട്. ടി ട്വന്റിയില്‍ 38 ഇന്നിങ്‌സില്‍ നിന്നും 963 റണ്‍സും 101 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്.
മത്സരത്തില്‍ 25 പന്തില്‍ നിന്ന് 36 റണ്‍സ് നേടി മൈക്കല്‍ പെപ്പര്‍ ഗൗസിന് കൂട്ടുനിന്നു. 21 റണ്‍സ് നേടി ലൗറീ ഇവാന്‍സും ടീമിന് പങ്കാളിത്തം ഉറപ്പിച്ചു.
എന്നാല്‍ ആദ്യം ബാറ്റ് ചെയ്താല്‍ ഡെസേര്‍ട്ട് വേണ്ടി ആദം ഹോസ് 30 പന്തില്‍ നിന്ന് 45 റണ്‍സും വനിതു ഹസരംഗ 20 പന്തില്‍ നിന്നും 24 റണ്‍സും കോളിന്‍ മന്റോ 22 റണ്‍സും നേടി. ഡെസേര്‍ട്ടിനെ തകര്‍ക്കാന്‍ അലി ഖാന്‍ മൂന്നു വിക്കറ്റുകളാണ് അബുദാബിക്ക് വേണ്ടി നേടിയത്. ക്യാപ്റ്റന്‍ സുനില്‍ നരേന്‍ രണ്ടു വിക്കറ്റുകളും നേടി. അബുദാബി നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം ജനുവരി 23നാണ്. ഷെയ്ഖ് സയദ് സ്റ്റേഡിയത്തില്‍ എം.ഐ എമിറേറ്റ്‌സാണ് എതിരാളികള്‍.
Content Highlight: Andries Gouse’s blazing 95 cruising ADKR to their maiden victory in Dubai