| Saturday, 9th September 2017, 5:52 pm

യു.എസ് ഓപ്പണില്‍ ഇത്തവണ കളിക്കൂട്ടുകാരുടെ ഫൈനല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: തിങ്കളാഴ്ച നടക്കുന്ന യു.എസ് ഓപ്പണ്‍ ഫൈനല്‍ കളിക്കൂട്ടുകാരായ രണ്ടുപേരുടെ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സ്പാനിഷ് താരം റാഫേല്‍ നദാലും ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡേഴ്‌സണും ആര്‍തര്‍ ആഷ്‌ലെ മൈതാനിയില്‍ റാക്കറ്റേന്തുമ്പോള്‍ ഇരുവരുടെയും മനസ്സ് 19 വര്‍ഷം മുമ്പുള്ള കളിയോര്‍മ്മകളിലേയ്ക്കുപോകും.

ടെന്നീസ് പ്രേമികള്‍ക്ക് റാഫേല്‍ നദാലെന്ന കളിക്കാരന്‍ അപരിചിതനല്ല. എന്നാല്‍ നദാലിന്റെ എതിരാളി ആന്‍ഡേഴ്‌സണെ അധികമാര്‍ക്കും പരിചയം കാണില്ല. എന്നാല്‍ നദാലിന് ആന്‍ഡേഴ്‌സണ്‍ പരിചിതനാണ്.

അഞ്ചോ ആറോ വര്‍ഷത്തെ പരിചയമല്ല ഇരുവരും തമ്മിലുള്ളത്. ആന്‍ഡേഴ്‌സണ് 12 വയസ്സുള്ളപ്പോള്‍ മുതല്‍ ഇരുവരും കളിക്കൂട്ടുകാരാണ്. ഇരുവരും ഒരുമിച്ച് കളിച്ചുവളര്‍ന്നവരാണ്. രണ്ടുപേരും ഒരുമിച്ചുള്ള കുട്ടിക്കാലത്തെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.


Also Read: ‘ചാഹലിന് കോഹ്‌ലി വെറും ചങ്കല്ല, ചങ്കിടിപ്പാണ്’; കാരണം ചാഹലിന്റെ വീടിന്റെ ചുമരില്‍ തൂങ്ങുന്ന ഈ ചിത്രം പറയും


ഏറെ നാളത്തെ പരിക്കിനും മോശം ഫോമിനും ശേഷം യു.എസ് ഓപ്പണില്‍ മികച്ച പ്രകടനം നടത്തുന്ന നദാലിന് ആന്‍ഡേഴ്‌സണെ കീഴടക്കാന്‍ അല്‍പ്പം വിയര്‍പ്പൊഴുക്കേണ്ടിവരും. സെമിയില്‍ ഡെല്‍പെട്രോയെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിലെത്തിയത്.

പാബ്ലേ ബസ്റ്റോയെ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണ് ആന്‍ഡേഴ്‌സണ്‍ സെമിയില്‍ തോല്‍പ്പിച്ചത്. 52 വര്‍ഷത്തിനുശേഷം യു.എസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാണ് ആന്‍ഡേഴ്‌സണ്‍.

ഇതിനുമുന്‍പ് നാലുതവണ പരസ്പരം ഏറ്റുമുട്ടിയേപ്പാഴും നദാലിനായിരുന്നു ജയം.

We use cookies to give you the best possible experience. Learn more