ഫ്രീ കിക്ക് ഗോളുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോയെ പിന്തള്ളി മെസി മുന്നിലെത്തിയതോടെ മെസി-റൊണാള്‍ഡോ ദ്വന്ദ്വത്തിലെ മികച്ചവനാര് ചോദ്യം വീണ്ടും ഉയരുകയാണ്. നേരത്തെ നോണ്‍ പെനാല്‍റ്റി ഗോളുകളുടെ എണ്ണത്തിലും റൊണാള്‍ഡോയെ മെസി പുറകിലാക്കിയിരുന്നു.
ഇപ്പോള്‍ മെസിയുടെ പേരില്‍ 59 ഫ്രീ കിക്ക് ഗോളുകളാണുള്ളത്. റൊണാള്‍ഡോക്കാകട്ടെ 58 ഉം. ഒരൊറ്റ ഗോള്‍ വ്യത്യാസത്തിന്റെ പേരില്‍ മെസി ഫാന്‍സ് ഇത്രയും ആര്‍മാദിക്കണോ എന്നാണ് റോണോ ഫാന്‍സിന്റെ ചോദ്യം.
പക്ഷെ അതൊരു ഒറ്റ ഗോളിന്റെയോ, അല്ലെങ്കില്‍ ഗോളുകളുടെ എണ്ണത്തിന്റെ തന്നെയോ കാര്യമല്ലെന്നാണ് അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ ഫാന്‍സ് തിരിച്ചുപറയുന്നത്. അതിനവര്‍ ചൂണ്ടിക്കാട്ടുന്നതോ, ബാഴ്‌സണലോനയുടെ മിഡ്ഫീല്‍ഡറായിരുന്ന ആന്ദ്രെ ഇനിയേസ്റ്റയുടെ വാക്കുകളും.
2020ല്‍ അദ്ദേഹം മെസി-റൊണാള്‍ഡോ പോരില്‍ ഇരുവരെയും വിലയിരുത്തി തന്റേതായ ഒരു തീര്‍പ്പ് പറഞ്ഞിരുന്നു. മെസിയും റൊണാള്‍ഡോയും ഒരേ നമ്പര്‍ ഗോളുകള്‍ നേടിയാലും മെസി തന്നെയായിരിക്കും മികച്ച കളിക്കാരനെന്നായിരുന്നു അന്ന് ഇനിയേസ്റ്റ പറഞ്ഞത്. അതിന് വ്യക്തമായ കാരണങ്ങളും അദ്ദേഹം നിരത്തിയിരുന്നു.
‘ലിയോ എല്ലാവരില്‍ നിന്നും വ്യത്യസ്തനാണ്. അവനെയൊന്ന് തൊടാന്‍ പോലും ആര്‍ക്കുമാവില്ല. മെസി-റൊണാള്‍ഡോ കാര്യത്തില്‍ എല്ലാവര്‍ക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ടാകും. അവരെ താരതമ്യം ചെയ്യാനും വലിയ താല്‍പര്യമായിരിക്കും.
എന്നാല്‍ അവരെ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് എനിക്ക് പറയാനുള്ളത്. അതിപ്പോള്‍ അവര്‍ ഒരേ നമ്പര്‍ ഗോളുകള്‍ നേടിയിരിക്കുന്ന സമയത്ത് പോലും താരതമ്യം ചെയ്യാനാകില്ല.
എനിക്ക് മെസി തന്നെയാണ് നമ്പര്‍ വണ്‍, കാരണം അവന് എല്ലാ കഴിവുകളുണ്ട്. പാസിങ്, അസിസ്റ്റുകള്‍, ഡ്രിബിളിങ്, ഗോളുകള്‍, ടീം സ്പിരിറ്റ് അങ്ങനെ എല്ലാത്തിലും അവന്‍ മുന്നിലാണ്. ഓരോ നിമിഷത്തിലും എന്ത് തീരുമാനമെടുക്കണം, എങ്ങനെ ചെയ്യണം എന്ന് അവന് വ്യക്തമായി അറിയാം. എത്രയോ വര്‍ഷങ്ങളായി ലിയോ ആ രീതിയിലാണ് കളിക്കുന്നത്.
മെസിയെ പോലെ ഏത് നിമിഷത്തിലും കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന, അവനെ പോല ശക്തനായ ഒരാള ഞാനെന്റെ കരിയറില്‍ കണ്ടിട്ടില്ല,’ എന്നായിരുന്നു ഇനിയേസ്റ്റയുടെ വാക്കുകള്‍.
ഈ വാക്കുകളാണ് മെസി ഫാന്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നത്. അതേസമയം ബാഴ്‌സണലോനയില്‍ മെസിക്കൊപ്പം കളിച്ചതുകൊണ്ടാണ് ഇനിയേസ്റ്റ ഇങ്ങനെ പറയുന്നതെന്നും അതിന് ചെവി കൊടുക്കേണ്ടതില്ലെന്നുമാണ് ക്രിസ്റ്റി ഫാന്‍സിന്റെ വാദം.
Content Highlight: Andres Iniesta explained why Lionel Messi is No. 1 above Cristiano Ronaldo