| Wednesday, 24th August 2022, 12:38 pm

വീണ്ടും ഞെട്ടിക്കാന്‍ ബാഴ്‌സലോണ; ഇനിയെസ്റ്റ ടീമിലേക്ക് തിരിച്ചെത്തുന്നു; റിപ്പോര്‍ട്ടുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ ബാഴ്‌സലോണയുടെ എക്കാലത്തെയും വലിയ സൂപ്പര്‍താരമായ ആന്‍ഡ്രെസ് ഇനിയെസ്റ്റ ടീമിലെക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ ക്ലബ്ബായ വിസ്സെല്‍ കോബനില്‍ നിന്നും മാറുമ്പോഴായിരിക്കും അദ്ദേഹം ബാഴ്‌സയിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാപ്പനീസ് ലീഗില്‍ റെലെഗേഷന്റെ വക്കില്‍ നില്‍ക്കുന്ന ടീമില്‍ നിന്നും മാറാന്‍ ഉദ്ദേശിക്കുന്ന അദ്ദേഹത്തിന് ബാഴ്‌സ ഓഫര്‍ നല്‍കിയേക്കുമെന്നാണ് എല്‍ നാക്‌സിനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും വിസ്സെല്‍ കോബില്‍ നിന്നും പുറത്തായതിന് പിന്നാലെ അദ്ദേഹത്തിന് നേരെ ആരാധക രോഷമുണ്ടായിരുന്നു.

2018ലാണ് ഇനിയെസ്റ്റ ജപ്പാനിലേക്ക് പോയത്. 126 മത്സരം അദ്ദേഹം ടീമിനായി കളിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി പരിക്കുകള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. 38 വയസായ ഇനിയെസ്റ്റയുടെ കരിയര്‍ അവസാന കാലഘട്ടത്തിലേക്ക് നീങ്ങവെ അദ്ദേഹത്തിന് കോച്ചിന്റെ റോള്‍ നല്‍കാന്‍ തയ്യാറായിരിക്കുകയാണ് ബാഴ്‌സ.

ബാഴ്‌സയുടെ യൂത്ത് ടീമിനെ ഹാന്‍ഡില്‍ ചെയ്യാനായിരിക്കും അദ്ദേഹത്തിന്റെ ചുമതല. അതോടൊപ്പം ക്ലബ്ബിലെ മറ്റ് ടാസ്‌ക്കുകള്‍ കൂടെ അദ്ദേഹത്തിന് മുകളില്‍ ഏര്‍പ്പെടുത്തും.

ബാഴ്‌സയുടെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ഇനിയെസ്റ്റ. ടീമിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളില്‍ അദ്ദേഹവുമുണ്ടായിരുന്നു.

674 മത്സരം ബാഴ്‌സക്കായി കളത്തിലിറങ്ങിയ ഇനിയെസ്റ്റ 57 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒമ്പത് ലാലീഗ കിരീടവും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടവും അദ്ദേഹം ബാഴ്‌സക്കൊപ്പം നേടിയിട്ടുണ്ട്. ഇനിയെസ്റ്റയുടെ കൂടെ സ്‌പെയിനിലെയും ബാഴ്‌സയിലെയും ടീം മേറ്റായ സാവിയാണ് ഇപ്പോള്‍ ബാഴ്‌സയുടെ മാനേജര്‍ പദവി അലങ്കരിക്കുന്നത്.

Content Highlight: Andres Iniesta could Return to Barcelona

We use cookies to give you the best possible experience. Learn more