അവനാണ് എക്കാലത്തെയും മികച്ചതെന്ന് എല്ലാവര്‍ക്കും അറിയാം; തന്റെ സൂപ്പര്‍ ടീമിലേക്കുള്ള താരത്തെ തെരഞ്ഞെടുത്ത് പിര്‍ലോ പറഞ്ഞത്
Sports News
അവനാണ് എക്കാലത്തെയും മികച്ചതെന്ന് എല്ലാവര്‍ക്കും അറിയാം; തന്റെ സൂപ്പര്‍ ടീമിലേക്കുള്ള താരത്തെ തെരഞ്ഞെടുത്ത് പിര്‍ലോ പറഞ്ഞത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th October 2024, 6:50 pm

റൊണാള്‍ഡോയോ മെസിയോ, ഇവരില്‍ മികച്ച താരമാര് എന്ന തര്‍ക്കം ഫുട്‌ബോള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കുമെന്ന കാര്യം ഉറപ്പാണ്. ഫുട്‌ബോള്‍ ലോകത്തെയൊന്നാകെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയാണ് ഇരുവരും ചേര്‍ന്ന് ഈ ഗെയ്മിനെ അടക്കിഭരിച്ചത്.

മെസി, റൊണാള്‍ഡോ എന്നിവരുടെ പ്രൈം ടൈമില്‍ ഇരുവരുടെയും മത്സരം നേരിട്ട് കണ്ടവര്‍ ഭാഗ്യവാന്‍മാര്‍ എന്ന് അടുത്ത തലമുറ പറയുമെന്ന കാര്യത്തിലും സംശയമില്ല.

ഇവരില്‍ മികച്ച താരം ആരാണെന്ന ചോദ്യം എല്ലാ താരങ്ങളും പരിശീലകരും കരിയറിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാകും. ഇതിഹാസ താരങ്ങളടക്കം ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്.

ഈ വിഷയത്തില്‍ ഇതിഹാസ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ പിര്‍ലോയും തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 2015ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് യുവന്റസ് ഇതിഹാസ താരവും മാനേജറുമായിരുന്ന പിര്‍ലോ തന്റെ നിലപാട് വ്യക്തമാക്കിയത്.

മികച്ച താരമായി മെസിയെ ആണ് പിര്‍ലോ തെരഞ്ഞെടുത്തത്.

‘അവന്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എനിക്കുറപ്പാണ് അവന്‍ ഇനിയും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കും. അവനെ കൊണ്ട് എന്തെല്ലാം സാധിക്കും എന്നതിനെ കുറിച്ച് ഞാന്‍ വിശദമായി പറയേണ്ട ഒരു ആവശ്യവുമില്ല. അവനാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് എല്ലാവര്‍ക്കും ഇതിനോടകം തന്നെ അറിയാം,’ പിര്‍ലോയുടെ വാക്കുകള്‍ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിര്‍ലോയുടെ ഡ്രീം ഇലവനിലും മെസി സ്ഥാനം പിടിച്ചിരുന്നു. ജിയാന്‍ലൂജി ബഫണ്‍, പൗളോ മാല്‍ഡീനി, ഫാബിയോ കന്നവാരോ എന്നിവരടങ്ങുന്ന ഇതിഹാസ ഇലവനിലാണ് പിര്‍ലോ മെസിയെയും ഉള്‍പ്പെടുത്തിയത്.

നേരത്തെ ഇതിഹാസ താരം പെലെയും മെസിയെ തന്റെ ടീമിന്റെ ഭാഗമാക്കുമെന്ന് പറഞ്ഞിരുന്നു. 2018ല്‍ നല്‍കിയ അഭിമുഖത്തിലാണ് പെലെ മെസിയെ മികച്ച താരമായി തെരഞ്ഞെടുത്തത്.

‘ഞാന്‍ മെസിയില്‍ തന്നെ ഉറച്ചുനില്‍ക്കും. ഗോള്‍ നേടുക എന്നത് വളരെ പ്രധാനമാണ്, അതില്‍ ഒരു സംശയവും വേണ്ട. എന്നാല്‍ നിങ്ങള്‍ക്ക് ഗോളടിക്കാനുള്ള അവസരം ആരെങ്കിലും ഒരുക്കിത്തരാതിരുന്നാല്‍, അപ്പോള്‍ അത് മാത്രം കൊണ്ടാകില്ല. എന്റെ ടീമിലേക്ക് ഞാന്‍ മെസിയെ ആയിരിക്കും തെരഞ്ഞെടുക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവും മികച്ച ഗോള്‍ സ്‌കോററാണ്.

റൊണാള്‍ഡോക്ക് ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കും, എന്നാല്‍ മെസി അവസരങ്ങള്‍ സൃഷ്ടിക്കുകയും മത്സരം നിയന്ത്രിക്കുകയുമാണ്. അതിനൊപ്പം ഗോളുകളും നേടുന്നു. റൊണാള്‍ഡോ മികച്ച ഗോള്‍ വേട്ടക്കാരന്‍ തന്നെയാണ്, എന്നാല്‍ ഒരു കംപ്ലീറ്റ് പ്ലെയറെ പരിഗണിക്കുമ്പോള്‍ മെസിയാണ് മികച്ചത് എന്നതില്‍ ഒരു സംശയവും വേണ്ട,’ പെലെ പറഞ്ഞു.

 

Content Highlight: Andrea Pirlo praises Lionel Messi