| Monday, 23rd September 2024, 9:24 am

കിരീടം സ്വപ്നം കാണുന്ന ബാഴ്‌സക്ക് കനത്ത തിരിച്ചടി; മിന്നും ജയത്തിലും കറ്റാലൻമാർക്ക് കണ്ണുനീർ

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലീഗയില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ വിയ്യാറയലിനെ ബാഴ്‌സലോണ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരം വിജയിച്ചെങ്കിലും മത്സരത്തില്‍ സ്പാനിഷ് വമ്പന്‍മാര്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

ബാഴ്‌സലോണയുടെ ജര്‍മന്‍ ഗോൾ കീപ്പര്‍ ആന്ദ്രേ ടെര്‍സ്റ്റീഗന്‍ പരിക്ക് പറ്റി പുറത്തായിരിക്കുകയാണ്. മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ആയിരുന്നു ടെര്‍ സ്റ്റീഗന് പരിക്ക് സംഭവിച്ചത്. കോര്‍ണറില്‍ നിന്നുള്ള പന്ത് പിടിക്കാനായി ഉയരത്തില്‍ ചാടിയ ജര്‍മന്‍ താരം മൈതാനത്ത് വീഴുകയായിരുന്നു.

ഇതിന് പിന്നാലെ താരത്തിന്റെ വലതു കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു തുടർന്ന് ടെര്‍ സ്റ്റീഗനെ സ്ട്രക്ചറില്‍ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പരിക്കിന് പിന്നാലെ ടെര്‍ സ്റ്റീഗന്‍ അടുത്ത എട്ട് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വരാനിരിക്കുന്ന മത്സരങ്ങളില്‍ കനത്ത തിരിച്ചടിയായിരിക്കും ഹാന്‍സി ഫ്‌ലിക്കിനും സംഘത്തിനും നല്‍കുക.

അതേസമയം മത്സരത്തില്‍ ബാഴ്‌സലോണക്ക് വേണ്ടി പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ബ്രസീലിയന്‍ താരം റാഫീഞ്ഞയും ഇരട്ട ഗോള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 20, 35 എന്നീ മിനിട്ടുകളിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഗോളുകള്‍ പിറന്നത്.

74, 83 മിനിട്ടുകളില്‍ ബ്രസീലിയന്‍ താരവും ലക്ഷ്യം കണ്ടു. പാബ്ലോ ടോറെയാണ് ബാഴ്‌സക്കായി ഗോള്‍ നേടിയ മറ്റൊരു താരം. 58 മിനിട്ടില്‍ ആയിരുന്നു താരം ലക്ഷ്യം കണ്ടത്. മറുഭാഗത്ത് ആയോസെ പെരെസിലൂടെയാണ് വിയ്യാറയല്‍ തങ്ങളുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.

മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യവും ബാഴ്‌സലോണക്കായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തില്‍ 65 ശതമാനം ബോള്‍ പൊസഷന്‍ സ്വന്തമാക്കിയ ബാഴ്‌സലോണ 17 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ 10 എണ്ണവും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ ബാഴ്‌സലോണക്ക് സാധിച്ചു. മറുഭാഗത്ത് 13 ഷോട്ടുകളില്‍ നാലെണ്ണം മാത്രമേ ബാഴ്‌സയുടെ പോസ്റ്റിലേക്ക് ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ വിയ്യാറയലിന് സാധിച്ചത്.

ഈ തകര്‍പ്പന്‍ വിജയത്തോടെ സ്പാനിഷ് ലീഗില്‍ ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ട് 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. സെപ്റ്റംബര്‍ 26ന് ഗെറ്റാഫിക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം. കറ്റാലന്‍മാരുടെ തട്ടകമായ ഒളിമ്പിക് ലൂയിസ് കോമ്പനിസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight:Andre Tter Stegen Have Injury and Barcelona Have Big Setback

We use cookies to give you the best possible experience. Learn more