| Monday, 6th May 2024, 4:04 pm

ലോകത്തിൽ ആദ്യ മൂന്നിൽ പോലും പോർച്ചുഗലില്ല, യൂറോകപ്പടിക്കുക ആ ടീമുകളിലൊന്നായിരിക്കും: റൊണാൾഡോയുടെ സഹതാരം

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന യൂറോകപ്പിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. പോര്‍ച്ചുഗലും കിരീടം നേടാന്‍ ഉറച്ചു തന്നെയാണ് ജര്‍മനിയിലേക്ക് ടിക്കറ്റ് എടുത്തിരിക്കുന്നത്.

ഇപ്പോഴിതാ യൂറോകപ്പിലെ പോര്‍ച്ചുഗല്‍ ടീമിന്റെ പ്രകടനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് സംസാരിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് താരം ആന്ദ്രേ സില്‍വ. യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ഫേവറിറ്റുകള്‍ ആയിരിക്കില്ലെന്നാണ് ആന്ദ്രേ സില്‍വ പറഞ്ഞത്. എം എം.എസിലൂടെ പ്രതികരിക്കുകയായിരുന്നു പോര്‍ച്ചുഗീസ് താരം.

‘പോര്‍ച്ചുഗല്‍ ലോകത്തിലെ മികച്ച മൂന്ന് ടീമുകളില്‍ ഇല്ല. എന്നാല്‍ ആളുകള്‍ 20 വര്‍ഷം മുമ്പ് ഞങ്ങളെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇപ്പോള്‍ നോക്കി കാണുന്നത്. പോര്‍ച്ചുഗല്‍ മികച്ച പ്രതിഭകളുള്ള ഒരു ടീം തന്നെയാണ്. ഞങ്ങള്‍ കിരീടങ്ങള്‍ നേടിയിട്ടുമുണ്ട്.

എന്നാല്‍ ഇത്തവണത്തെ യൂറോകപ്പില്‍ ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് കിരീടം നേടാന്‍ കൂടുതല്‍ സാധ്യതയുള്ള ടീമുകളെന്ന് ഞാന്‍ കരുതുന്നു. യൂറോപ്പിലെ മികച്ച ക്ലബ്ബുകളില്‍ ഒരുപാട് പോര്‍ച്ചുഗീസ് താരങ്ങൾ ഉള്ളതിനാല്‍ എതിര്‍ ടീമുകള്‍ ഞങ്ങളെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്,’ ആന്ദ്രേ സില്‍വ പറഞ്ഞു.

2016ൽ നടന്ന യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിനെ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ തങ്ങളുടെ ആദ്യ യൂറോ കിരീടം സ്വന്തമാക്കിയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം 2019 നടന്ന യുഎസ് നേഷന്‍സ് ലീഗും പറങ്കിപ്പട തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചിരുന്നു.

ഇത്തവണയും ഒരുപിടി മികച്ച താരനിരയും ആയാണ് റോബര്‍ട്ടോ മാര്‍ട്ടിനസും സംഘവും യൂറോകപ്പിന്റെ കിരീട പോരാട്ടത്തിനായി കളത്തില്‍ ഇറങ്ങുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് പോര്‍ച്ചുഗലിന്റെ മുന്നേറ്റ നിരയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന താരം. സൗദി വമ്പന്‍മാരായ അല്‍ നസറിനൊപ്പം പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തുന്നത്.

റൊണാള്‍ഡോക്ക് പുറമേ ബ്രൂണോ ഫെര്‍ണാണ്ടസ്, റൂബന്‍ ഡയസ്, ബെര്‍ണാഡോ സില്‍വ, റാഫേല്‍ ലിയോ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ കൂടി പോര്‍ച്ചുഗല്‍ ടീമില്‍ ചേരുമ്പോള്‍ ടീം കൂടുതല്‍ കരുത്തുറ്റതായി മാറും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെയാണ് യൂറോ മാമാങ്കം നടക്കുന്നത്.
ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗല്‍ ഇടം നേടിയത്. പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പില്‍ തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, ജോര്‍ജിയ എന്നീ ടീമുകളാണ് ഉള്ളത്. ജൂണ്‍ 19നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം നടക്കുക. റെഡ്ബുള്‍ അറീനയില്‍ നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പറങ്കിപ്പടയുടെ ആദ്യ അങ്കം.

Content Highlight: Andre Silva talks about Portugal National Football team

We use cookies to give you the best possible experience. Learn more