വെസ്റ്റ് ഇന്ഡീസിന്റെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറാണ് ആന്ദ്രേ റസല്‍. ബാറ്റ്‌കൊണ്ടും ബോളുകൊണ്ടും മിന്നും പ്രകടനം കാഴ്ചവെച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാന്‍ താരം മറക്കാറില്ല. വെസ്റ്റ് ഇന്‍ഡീസിന് പുറമെയുള്ള നിരവധി ലീഗുകളിലും താരത്തിന് വലിയ ഫാന്‍ ബേസുണ്ട്. റസലിന് മാത്രമല്ല വിന്‍ഡീസിന്റെ മിക്ക താരങ്ങള്‍ക്കും ഇന്ന് വിദേശ ലീഗുകളില്‍ വലിയ ഡിമാന്‍ഡ് ഉണ്ട്.
എന്നാല്‍ അടുത്തകാലത്തായി വിന്‍ഡീസിന്റെ ക്രിക്കറ്റ് ഭാവി ഏറെ ആശങ്കയിലാണ്. സ്വന്തം രാജ്യത്തേക്കാള്‍ താരങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് കൂടുതല്‍ വിദേശ ലീഗുകളിലാണ്. ഇതോടെ മികച്ച താരങ്ങളുടെ അഭാവം ടീമിനെ ബാധിച്ചിരുന്നു. അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇംഗ്ലണ്ട് 3-0ന് പരാജയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അരക്ഷിതാവസ്ഥയുടെ കാരണത്തെക്കുറച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ റസല്‍.
‘പല കളിക്കാര്‍ക്കും ടെസ്റ്റ് കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഞാന്‍ കരുതുന്നു, അതിന് കാരണം പണമാണെന്ന് ഞാന്‍ കുതുന്നില്ല. രാജ്യത്തിന്റെ കേന്ദ്ര കരാറുകളേക്കാള്‍ കൂടുതല്‍ പുറത്തുള്ള കരാറുകളില്‍ നിങ്ങളെ നില നിര്‍ത്തുന്നു, അത് കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് ഞാന്‍ കരുതുന്നു.
എല്ലാവരും വലിയ വേദിയില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു, അതുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ അവസരം കിട്ടിയാല്‍ ചെറുപ്പക്കാര്‍ സന്തോഷത്തോടെ കളിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് പണം മാത്രമാണ് പ്രശ്‌നമെന്ന് ഞാന്‍ കരുതുന്നില്ല,’ പ്രസ് അസോസിയേഷന് നല്‍കിയ അഭിമുഖത്തില്‍ റസല്‍ സംസാരിച്ചു.
നിലവില്‍ സൗത്ത് ആഫ്രിക്കയ്ക്കക്കെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കുന്നത്. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ വിന്‍ഡീസ് പ്രോട്ടിയാസിനോട് സമനില പിടിച്ചിരുന്നു. ഇരുവരും തമ്മിലുള്ള രണ്ടാം മത്സരം ഓഗസ്റ്റ് 15 മുതല്‍ 20വരെയാണ് നടക്കുക.
Content Highlight: Andre Russell Talking About West Indies Cricket