ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തി ആതിഥേയര്‍. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് വിന്‍ഡീസ് ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടത്.
വെറ്ററന്‍ സൂപ്പര്‍ താരം ആന്ദ്രേ റസലിന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനമാണ് വിന്‍ഡീസിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ നാഷണല്‍ ടീമിന് വേണ്ടി ജേഴ്‌സിയണിഞ്ഞ റസല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിയുകയായിരുന്നു.
ബൗളിങ്ങില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റസല്‍ ബാറ്റിങ്ങില്‍ 14 പന്ത് നേരിട്ട് പുറത്താകാതെ 29 റണ്‍സും നേടിയിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോവ്മന്‍ പവല്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ഫില്‍ സോള്‍ട്ടും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. 77 റണ്‍സാണ് ആദ്യ വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പിലൂടെ ഇംഗ്ലണ്ട് ടോട്ടലിലെത്തിയത്.
ഏഴാം ഓവറിലെ ആദ്യ പന്തിലാണ് സോള്‍ട്ട് – ബട്‌ലര്‍ കൂട്ടുകെട്ട് പിരിയുന്നത്. 20 പന്തില്‍ 40 റണ്‍സ് നേടിയ ഫില്‍ സോള്‍ട്ടിനെ പുറത്താക്കി ആന്ദ്രേ റസലാണ് കിരീബിയന്‍സിന് അവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. ഷിംറോണ്‍ ഹെറ്റ്‌മെയറിന് ക്യാച്ച് നല്‍കിയാണ് സോള്‍ട്ട് പുറത്തായത്. ആറ് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 200.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ബട്‌ലറും സോള്‍ട്ടും അടിത്തറയിട്ട ഇന്നിങ്‌സ് കെട്ടിപ്പൊക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞു. ടീം സ്‌കോര്‍ 117ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ബട്‌ലറും പുറത്തായി. 31 പന്തില്‍ 39 റണ്‍സ് നേടി നില്‍ക്കവെ അകീല്‍ ഹൊസൈന്റെ പന്തില്‍ ഹെറ്റ്‌മെയറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
ശേഷം മധ്യനിരയില്‍ ലിയാം ലിവിങ്സ്റ്റണ്‍ മാത്രമാണ് ചെറുത്ത് നില്‍പിന് ശ്രമിച്ചത്. 19 പന്തില്‍ 27 റണ്‍സ് മാത്രമാണ് താരം നേടിയത്.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കിരീബിയന്‍ ഇംഗ്ലണ്ട് സ്‌കോറിങ്ങിനെ വരിഞ്ഞുമുറുക്കി. ഒടുവില്‍ 19.3 ഓവറില്‍ 171 റണ്‍സിന് ഓള്‍ ഔട്ടായി.
വിന്‍ഡീസിനായ റസലും അല്‍സാരി ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് രണ്ട് വിക്കറ്റും നേടി. അകീല്‍ ഹൊസൈനും ജേസണ്‍ ഹോള്‍ഡറുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസും തുടക്കത്തിലേ ആഞ്ഞടിച്ചു. ബ്രാന്‍ഡന്‍ കിങ് (12 പന്തില്‍ 22), കൈല്‍ മയേഴ്‌സ് (21 പന്തില്‍ 35), ഷായ് ഹോപ് (30 പന്തില്‍ 36) എന്നിവര്‍ ടോപ് ഓര്‍ഡറില്‍ കരുത്തായി.
നിക്കോളാസ് പൂരന്‍ 12 റണ്‍സിനും ഹെറ്റ്‌മെയര്‍ ഒരു റണ്‍സിനും പുറത്തായി.
എന്നാല്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ റോവ്മന്‍ പവലിന്റെയും റസലിന്റെയും ചെറുത്ത് നില്‍പിന് ഇംഗ്ലണ്ടിന്റെ പക്കല്‍ ഉത്തരമുണ്ടായിരുന്നില്ല. പവല്‍ 15 പന്തില്‍ നിന്നും പുറത്താകാതെ 31 റണ്‍സടിച്ചപ്പോള്‍ 14 പന്തില്‍ പുറത്താകാതെ 29 റണ്‍സാണ് റസല്‍ നേടിയത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ റസല്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ വിന്‍ഡീസ് 1-0ന് മുമ്പിലാണ്. ഏകദിന പരമ്പര നേടിയതുപോലെ ടി-20 പരമ്പരയും സ്വന്തമാക്കുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം.
വ്യാഴാഴ്ചയാണ് പരമ്പരയലെ രണ്ടാം മത്സരം. ഗ്രനഡ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: Andre Russell’s brilliant performance against England