| Tuesday, 10th April 2018, 10:13 pm

നിറഞ്ഞാടി റസ്സല്‍; കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് 203 റണ്‍സ് വിജയലക്ഷ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിന് കൊല്‍ക്കത്തക്കെതിരെ 203 റണ്‍സിന്റെ വിജയ ലക്ഷ്യം. 36 പന്തില്‍ നിന്നും 88 റണ്‍സ് നേടിയ ആന്‍ന്ദ്ര റസ്സലിന്റെ തകര്‍പ്പന്‍ ബാറ്റിംങ് പ്രകടനത്തിന്റെ ബലത്തിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ദീപക് ചഹാറിനെ ആദ്യ ഓവറില്‍ തന്നെ 18 റണ്‍സിനു പായിച്ച് മികച്ച തുടക്കം കുറിച്ച കൊല്‍ക്കത്തയ്ക്ക് എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സുനില്‍ നരയ്‌ന് നഷ്ടമായി. 4 പന്തില്‍ 12 റണ്‍സ് നേടി നരയ്ന്‍ പുറത്തായ ശേഷം 5.2 ഓവറില്‍ സ്‌കോര്‍ 51 നില്‍ക്കെ ലിനും (22) പുറത്താവുകയായിരുന്നു. മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയും പായിച്ച ഉത്തപ്പ 16 പന്തില്‍ 29 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കിനൊപ്പമെത്തിയ ആന്‍ന്ദ്ര റസ്സലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളര്‍മാര്‍ക്ക് നേരെ തുടരെ തുടരെ അക്രമം അഴിച്ചുവിട്ടത്. 20 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് കൊല്‍ക്കത്ത 202 റണ്‍സ് നേടിയത്.

അവസാന പത്തോവറില്‍ 113 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചു കൂട്ടിയത്. അതില്‍ 88 റണ്‍സ് റസ്സലിന്റെ സംഭാവനയായിരുന്നു. 26 പന്തില്‍ നിന്നുമാണ് റസ്സല്‍ അര്‍ദ്ധ ശതകം തികച്ചത്. ചെന്നൈയ്ക്ക് വേണ്ടി ഷെയിന്‍ വാട്‌സണ്‍ രണ്ട് വിക്കറ്റ് നേടി. ഹര്‍ഭജന്‍ സിംഗ്, ശര്‍ദ്ധുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കാണ് മറ്റു വിക്കറ്റുകള്‍.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് സ്വന്തം തട്ടകത്തില്‍ ചെന്നൈ കൊല്‍ക്കത്തയെ നേരിടുന്നത്. ആദ്യ മത്സരത്തില്‍ ശക്തരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെ തറപറ്റിച്ചാണ് കൊല്‍ക്കത്തയുടെ വരവ്

അതേസമയം കാവേരി പ്രതിഷേധം സ്റ്റേഡിയത്തിനകത്തേക്കുമെത്തി. ഐ.പി.എല്‍ നടക്കുന്ന ചെന്നൈ ചെപോക് സ്റ്റേഡിയത്തിനുളളിലെ ഗ്രൗണ്ടിലേക്ക് ചെരുപ്പ് വലിച്ചെറിഞ്ഞ നാല് “നാം തമിഴര്‍” പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

രണ്ടു വര്‍ഷത്തിനു കാത്തിരിപ്പിനു ശേഷം ചെന്നൈ തങ്ങളുടെ ഹോം ഗ്രൗണ്ടിലേക്ക് എത്തുമ്പോള്‍ കാവേരി വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാണ് തമിഴ് രാഷ്ട്രീയ സിനിമാ ലോകത്ത് നിന്നുള്ള ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധം സുരക്ഷയെ ബാധിക്കുമോയെന്ന ആശങ്കയില്‍ ഒരു വേള മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റാന്‍ പോലും ബി.സി.സി.ഐ ആലോച്ചിരുന്നു. 2000 ലധികം പൊലീസുകാരും സ്വകാര്യ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.


We use cookies to give you the best possible experience. Learn more