ടി-20 ഫോര്‍മാറ്റില്‍ ഹിസ്‌റ്റോറിക് ഡബിള്‍ നേട്ടം കുറിച്ച് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസല്‍. ടി-20 ഫോര്‍മാറ്റില്‍ 8,000 റണ്‍സും 400 വിക്കറ്റും നേടുന്ന ഏക താരം എന്ന നേട്ടമാണ് റസല്‍ സ്വന്തമാക്കിയത്.
വിന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലാണ് റസല്‍ ഈ നേട്ടത്തിലെത്തിയത്. മൂന്നാം ടി-20യില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ടി-20യില്‍ 8,000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ റസലും സ്ഥാനം പിടിച്ചത്.
2010ല്‍ ടി-20 കരിയര്‍ ആരംഭിച്ച റസല്‍ 476 മത്സരത്തിലെ 411 ഇന്നിങ്‌സില്‍ നിന്നും 8,029 റണ്‍സാണ് നേടിയത്. 26.85 എന്ന ശരാശരിയിലും 168.57 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടിയത്.
രണ്ട് സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും നേടിയ റസലിന്റെ ഉയര്‍ന്ന സ്‌കോര്‍ 121* ആണ്. 527 ബൗണ്ടറിയും 651 സിക്‌സറും താരം ടി-20 കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്.
ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തുള്ള റസല്‍ 424 വിക്കറ്റുകളാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ പിഴുതെറിഞ്ഞിട്ടുള്ളത്.
കളിച്ച 476 മത്സരത്തില്‍ 426 മത്സരത്തിലും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തിയ റസല്‍ 25.55 എന്ന ശരാശരിയിലും 8.64 എന്ന എക്കോണമിയിലുമാണ് പന്തെറിയുന്നത്. 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. കരിയറില്‍ ഒമ്പത് തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ റസല്‍ ഒരു തവണ ഫൈഫറും നേടിയിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീമിന് പുറമെ വെസ്റ്റ് ഇന്‍ഡ്യന്‍സ്, വെസ്റ്റ് ഇന്‍ഡീസ് എ, അബുദാബി നൈറ്റ് റൈഡേഴ്‌സ്, കൊളംബോ കിങ്‌സ്, കോമില്ല വിക്ടോറിയന്‍സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, ധാക്ക ഡൈനാമിറ്റ്‌സ്, ഇസ്‌ലമാബാദ് യുണൈറ്റഡ്, ജമൈക്ക, ജമൈക്ക താല്ലവസ്, കുല്‍ന റോയല്‍ ബംഗാള്‍സ്, നൈറ്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്, മെല്‍ബണ്‍ സ്റ്റാര്‍സ്, മെല്‍ബണ്‍ റെനഗേഡ്‌സ്, മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്ക, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, നംഗര്‍ഹാര്‍ ലെപ്പാര്‍ഡ്‌സ്, നോട്ടിങ്ഹാംഷെയര്‍, ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ്, രാജ്ഷാഹി റോയല്‍സ്, സാഗികോര്‍ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍, സിഡ്‌നി തണ്ടര്‍, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്, വോര്‍സെസ്റ്റര്‍ഷയര്‍ എന്നീ ടീമുകള്‍ക്കായും ടി-20യില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.
ഐ.പി.എല്ലും പി.എസ്.എല്ലും അടക്കമുള്ള ടി-20 ഫ്രാഞ്ചൈസി ലീഗുകളാണ് ഇനി റസലിന് മുമ്പിലുള്ളത്. ശേഷം ടി-20 ലോകകപ്പിലും റസല്‍ കളത്തിലിറങ്ങും.
Content highlight: Andre Russell becomes the first player to score 8,000 runs and pick 400 wickets in T20