| Tuesday, 13th February 2024, 4:43 pm

നാണംകെടാതെ രക്ഷപ്പെടാനിറങ്ങിയ മത്സരത്തില്‍ നേടിയത് ലോക റെക്കോഡ്; ഞെട്ടി ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ ടി-20 പരമ്പരയിലെ അവസാന മത്സരം പെര്‍ത്തില്‍ പുരോഗമിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട സന്ദര്‍ശകര്‍ മുഖം രക്ഷിക്കാനായാണ് മൂന്നാം മത്സരത്തിനിറങ്ങിയത്.

ഡെഡ് റബ്ബര്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ക്യാപ്റ്റന്‍ റോവ്മന്‍ പവലിനെ ഞെട്ടിച്ചുകൊണ്ട് വിക്കറ്റുകള്‍ ഒന്നൊന്നായി വീണു. 17 റണ്‍സിന് മൂന്ന് എന്ന നിലയിലേക്കാണ് വിന്‍ഡീസ് കൂപ്പുകുത്തിയത്.

ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സ് നാല് റണ്‍സിനും നിക്കോളാസ് പൂരന്‍ ഒരു റണ്‍സിനും പുറത്തായി. ഏഴ് പന്തില്‍ 11 റണ്‍സ് മാത്രമെടുത്ത് കൈല്‍ മയേഴ്‌സും വീണതോടെ വിന്‍ഡീസ് പരുങ്ങി.

ക്യാപ്റ്റന്‍ റോവ്മന്‍ പവലിനൊപ്പം ചേര്‍ന്ന് റോസ്റ്റണ്‍ ചെയ്‌സും ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചെയ്‌സ് 20 പന്തില്‍ 37 റണ്‍സ് നേടി പുറത്തായപ്പോള്‍ 14 പന്തില്‍ 21 റണ്‍സായിരുന്നു പവലിന്റെ സമ്പാദ്യം.

പവല്‍ പുറത്തായതിന് പിന്നാലെ ആന്ദ്രേ റസലാണ് ക്രീസിലെത്തിയത്. ടീമിനെ താങ്ങി നിര്‍ത്തേണ്ട ഉത്തരവാദിത്തം സീനിയര്‍ പ്ലെയര്‍ എന്ന നിലയില്‍ റസല്‍ ഏറ്റെടുത്തു. ആറാം നമ്പറിലെത്തിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിനെ കൂട്ടുപിടിച്ച് റസല്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

ടീം സ്‌കോര്‍ 79ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 218ലാണ്. അവസാന ഓവറിലെ നാലാം പന്തില്‍ റസലിനെ പുറത്താക്കി സ്‌പെന്‍സര്‍ ജോണ്‍സണാണ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ ഇതിനോടകം തന്നെ അന്താരാഷ്ട്ര ടി-20യുടെ ചരിത്രത്തിലെ തന്നെ മികച്ച നേട്ടം റസലും റൂഥര്‍ഫോര്‍ഡും ചേര്‍ന്ന് തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു. ആറാം വിക്കറ്റിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോഡാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

ടി-20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ആറാം വിക്കറ്റ് കൂട്ടുകെട്ട്

(റണ്‍സ് – താരങ്ങള്‍ – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

139 – ആന്ദ്രേ റസല്‍ & എസ്. റൂഥര്‍ഫോര്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ – 2024

115 – ടോണി ഉരാ & നോര്‍മാന്‍ വനുവ – പപ്പുവ ന്യൂ ഗിനിയ – സിംഗപ്പൂര്‍ – 2022

101* – മൈക്ക് ഹസി & കാമറൂണ്‍ വൈറ്റ് – ഓസ്‌ട്രേലിയ – ശ്രീലങ്ക – 2010

97 – കുശാല്‍ പെരേര & തിസര പെരേര – ശ്രീലങ്ക – ബംഗ്ലാദേശ് – 2018

റസലിന്റെയും റൂഥര്‍ഫോര്‍ഡിന്റെയും കരുത്തില്‍ വിന്‍ഡീസ് 220 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 13 ഓവര്‍ പിന്നിടുമ്പോള്‍ 116ന് രണ്ട് എന്ന നിലയിലാണ്. 48 പന്തില്‍ 81 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും ഒരു പന്തില്‍ ഒരു റണ്‍സുമായി ജോഷ് ഇംഗ്ലിസുമാണ് ക്രീസില്‍.

Content highlight: Andre Russell and Rutherford hold the record for best 6th wicket partnership in T20 format

We use cookies to give you the best possible experience. Learn more