| Sunday, 9th June 2024, 1:45 pm

ഉഗാണ്ടയെ എയറിലാക്കിയ വിന്‍ഡീസിന്റെ വെടിക്കെട്ട് വീരന് തകര്‍പ്പന്‍ നേട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പില്‍ ഉഗാണ്ടക്കെതിരെ ചരിത്രവിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉഗാണ്ട 12 ഓവറില്‍ വെറും 39 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ടി-ട്വന്റി ലോകചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവും താഴ്ന്ന സ്‌കോറാണ് ഉഗാണ്ട സ്വന്തമാക്കിയത്. അതേസമയം വെസ്റ്റ് ഇന്‍ഡീസ് 134 റണ്‍സിന്റെ ചരിത്ര വിജയവും സ്വന്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 5 വിക്കറ്റ് സ്വന്തമാക്കിയ ആഗേല്‍ ഹുസൈന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് വിന്‍ഡീസ് വമ്പന്‍ വിജയം എളുപ്പമാക്കിയത്. വെറും 11 റണ്‍സ് വിട്ടുകൊടുത്ത് 2.75 എന്ന മികച്ച എക്കണോമിയില്‍ ആണ് താരം പന്ത് എറിഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് വേണ്ടി ജോണ്‍സണ്‍ കാര്‍ലെസ് 42 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയപ്പോള്‍ ആന്ദ്രെ റസല്‍ 17 പന്തില്‍ 30 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ 18 പന്തില്‍ 23 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. പുറത്താകാതെയാണ് റസല്‍ ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ 1000 റണ്‍സ് തികക്കാനാണ് റസലിന് സാധിച്ചത്. ടി-20 ഇന്റര്‍നാഷണല്‍ 77 മത്സരത്തിലെ 67 ഇന്നിങ്‌സില്‍ നിന്നാണ് റസല്‍ ഈ നിര്‍ണായക നാഴിക കല്ലില്‍ എത്തിയത്. 71 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 22.73 ആവറേജും താരത്തിന് ഫോര്‍മാറ്റില്‍ ഉണ്ട്. 163.93 എന്നും മികച്ച സ്‌ട്രൈക്ക് റേറ്റും റസല്‍ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികളടക്കം 82 സിക്‌സും 61 ഫോറും താരം നേടിയിട്ടുണ്ട്.

വിന്‍ഡീസിന് വേണ്ടി അല്‍സരി ജോസഫ് രണ്ടു വിക്കറ്റും റൊമാരിയോ ഷെപ്പേര്‍ഡ്, ആന്ദ്രെ റസല്‍, ഗുഡഗേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. ഉഗാണ്ടയുടെ ജുമാ മിയാഗിക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത് 20 പന്തില്‍ പതിമൂന്ന് റണ്‍സ് നേടി പുറത്താകാതെ പിടിച്ചുനില്‍ക്കാന്‍ താരത്തിന് സാധിച്ചു.

Content Highlight: Andre Russell Achieve 1000 Runs In T-20i Cricket

We use cookies to give you the best possible experience. Learn more